തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കാനുള്ള സര്‍ക്കാരിന്റെ അതിമോഹം അംഗീകരിക്കാന്‍ ജനങ്ങളോട് കടമയുള്ള ഒരു ജനപ്രതിനിധികള്‍ക്കും സാധിക്കില്ലെന്ന് ചെന്നിത്തല പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.
ഞാന്‍ എന്നെ തന്നെ ശിക്ഷിക്കും ഗവര്‍ണറും ലോകായുക്തയും ഞങ്ങളുടെ കൊള്ളയില്‍ ഇടപെടേണ്ടെന്ന നിലപാടാണ് മുഖ്യമന്ത്രിക്കെന്നും ചെന്നിത്തല പരിഹസിച്ചു.
‘ഇത് എന്താ വെള്ളരിക്ക പട്ടണമോ? എന്ത് പ്രഹസനമാണ് മുഖ്യമന്ത്രി അങ്ങ് കാട്ടിക്കൂട്ടുന്നത്. ഇന്ത്യ കോണ്‍ഗ്രസിന്റെയും യു.പി.എയുടെയും കൈകളില്‍ വികസനത്തിന്റെ സുവര്‍ണ കാലത്തിലൂടെ കടന്നു പോയപ്പോള്‍ ജന്‍ലോക്പാല്‍ എന്ന ഗിമിക്ക് ഉണ്ടാക്കി ബി.ജെ.പിയുടെ ടീമില്‍ അണിനിരന്ന് ജനങ്ങളെ കബളിപ്പിച്ച സി.പി.ഐ.എമ്മിന്റെ കപട മുഖം ഇന്ന് കേരളത്തിലെയും ഇന്ത്യയിലെയും ജനങ്ങള്‍ തിരിച്ചറിയുകയാണ്. നിങ്ങളുടെ ഏകാധിപത്യ സ്വഭാവം ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.
കുറ്റം ചെയ്യുന്ന ജനപ്രതിനിധികളെ ശിക്ഷിക്കുവാന്‍ വേണ്ടി കാലാകാലങ്ങളായി കോണ്‍ഗ്രസ് ഗവണ്‍മെന്റുകള്‍ കേന്ദ്രത്തിലും സംസ്ഥാനത്തിലും കൊണ്ടുവന്ന പരിഷ്‌കാരങ്ങള്‍ എല്ലാം തന്നെ സി.പി.ഐ.എമ്മും ബി.ജെ.പിയും ആം ആദ്മി പാര്‍ട്ടിയും ഇപ്പോള്‍ ഇല്ലാതാക്കുകയാണ്. അന്ന് ദല്‍ഹിയുടെ രാംലീല മൈതാനിയില്‍ അരങ്ങേറിയ നാടകമായ ജന്‍ലോക്പാല്‍ ഇന്ന് നിങ്ങള്‍ക്ക് ആര്‍ക്കും വേണ്ട. അന്ന് നിങ്ങള്‍ എത്ര വലിയ പ്രഹസനമായിരുന്നു അവിടെ നടത്തിക്കൂട്ടി ഇന്ത്യയിലെ ജനങ്ങളെ കബളിപ്പിച്ചത്.