| Sunday, 8th April 2018, 12:54 pm

ഏകാധിപത്യ ഭരണമാണ് നടക്കുന്നത്; സര്‍ക്കാര്‍ പൊലീസിനെ ഉപയോഗിച്ച് ജനങ്ങളുടെ മേല്‍ കുതിര കയറുകയല്ല വേണ്ടതെന്നും രമേഷ് ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

വേങ്ങര: ഏകാധിപത്യ ഭരണമാണ് കേരളത്തില്‍ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. നാട്ടുകാരെ മുഴുവന്‍ പൊലീസിന്റെ തോക്കും ലാത്തിയും ഉപയോഗിച്ച് അടിച്ചോടിക്കുന്ന നടപടി തെറ്റാണെന്നും ചര്‍ച്ചകളിലൂടെയാണ് പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പാത അലൈന്‍മെന്റ് മാറ്റണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം ചെയ്യുന്ന സബീനയെ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.

യു.ഡി.എഫിന്റെ ഭരണകാലത്ത് നിരവധി ഭൂമി ഏറ്റെടുത്തിട്ടുണ്ടെന്നും പക്ഷേ അവയൊന്നും പ്രശ്‌നമുണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. “കൊച്ചി മെട്രോ നഗര ഹൃദയത്തിലൂടെയാണ് കടന്നു പോവുന്നത് അവിടെ ഭൂമി ഏറ്റെടുത്തതില്‍ പ്രശ്‌നമുണ്ടായോ? കണ്ണൂര്‍ വിമാനത്താവളത്തിന് ഭൂമി ഏറ്റെടുത്തിട്ടുണ്ട്. അത് പ്രശ്‌നമുണ്ടായോ? സര്‍ക്കാര്‍ ജനങ്ങളുടെ മേല്‍ കുതിര കയറുകയല്ല വേണ്ടത്. ചര്‍ച്ചയിലൂടെ പരിഹാരം കാണുകയാണ് വേണ്ടത്” – അദ്ദേഹം പറഞ്ഞു.

ആരും നാഷനല്‍ ഹൈവേക്ക് എതിരല്ല. സമര സമിതി കണ്‍വീനറടക്കം ആരും നാഷനല്‍ ഹൈവേ വേണ്ടെന്ന് പറഞ്ഞില്ല. അത് പരമാവധി ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കി വേണമെന്നാണ് ആവശ്യം. – അദ്ദേഹം പറഞ്ഞു.

ദേശീയ പാതാ ബൈപ്പാസിനെതിരെ സ്വാഗതമാട്ട് അനിശ്ചിതകാല നിരാഹാര സമരം നടത്തി വരുന്ന അഡ്വ. സബീന ചൂരപ്പുലാക്കലിനെ ബുധനാഴ്ച പൊലീസ് ബലം പ്രയോഗിച്ച് നീക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അന്ന് വൈകീട്ട് തന്നെ വീണ്ടുമെത്തി സമരം തുടരുകയായിരുന്നു.

ദേശീയ പാത 45മീറ്റര്‍ ആക്കുന്നതിന്റെ ഭാഗമായുള്ള സ്ഥലമേറ്റെടുപ്പിനെതിരെയാണ് സമരം. മലപ്പുറം ജില്ലയിലെ 25,000ത്തിലേറെ ആളുകളെ ബാധിക്കുന്ന വിഷയമാണിതെന്നാണ് സമരസമിതി പ്രവര്‍ത്തകര്‍ പറയുന്നത്. 1500 കുടുംബങ്ങളാണ് ഈ ദേശീയപാതാ വികസനത്തിന്റെ പേരില്‍ കുടിയിറക്കപ്പെടുന്നത്. ദേശീയപാതാ ആക്ട് പ്രകാരമുള്ള തുച്ഛമായ നഷ്ടപരിഹാരം മാത്രമാണ് നല്‍കുന്നത്. 11,000 ആളുകളുടെ തൊഴില്‍ നഷ്ടപ്പെടുന്നുണ്ട്.

കെട്ടിടങ്ങളും വീടുകളുമടക്കം 5500 ലേറെ സ്ഥാപനങ്ങളാണ് പൊളിക്കേണ്ടത്. മുപ്പതിനായിരത്തിലേറെ വലിയ മരങ്ങള്‍ മുറിക്കണം. 600 ലേറെ കിണറുകള്‍ തകര്‍ക്കണം. പരിസ്ഥിതിക്കും ഭൂസ്ഥിതിക്കും പ്രദേശവാസികള്‍ക്കും സാമ്പത്തിക രംഗത്തുമൊക്കെ വലിയ നഷ്ടമുണ്ടാക്കുമെന്നും ഇവര്‍ പറയുന്നു.

Latest Stories

We use cookies to give you the best possible experience. Learn more