തിരുവനന്തപുരം: ഇസ്രഈല്‍ – ഫലസ്തീന്‍ സംഘര്‍ഷത്തില്‍ ഇസ്രഈല്‍ അനുകൂല പരാമര്‍ശം നടത്തിയ ശശി തരൂര്‍ എം.പിയെ തിരുത്തി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഹമാസ് നടത്തിയ ആക്രമണത്തിന്റെ ഭാഗമായാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നം യുദ്ധത്തിലേക്ക് നയിച്ചതെന്ന് പറയാന്‍ സാധിക്കില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.
ഇസ്രഈല്‍ കാലങ്ങളായി ഫലസ്തീനികളെ ആക്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. ആയതിനാല്‍ ഇസ്രഈല്‍ ഫലസ്തീനില്‍ നടത്തുന്ന അധിനിവേശവും ആക്രമണങ്ങളും ന്യായീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. വംശീയ അധിക്ഷേപം നേരിടുന്ന ഫലസ്തീന് പിന്തുണ പ്രഖ്യാപിക്കാത്ത കേന്ദ്രസര്‍ക്കാരിന്റെ നയം പ്രതിഷേധാര്‍ഹമാണെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. ഹമാസിന്റേത് സ്വയം പ്രതിരോധമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന്റെ പരമ്പരാഗതമായ നിലപാടുകളില്‍ മാറ്റം വരുത്താന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. ഇതൊരു വോട്ട് ബാങ്ക് രാഷ്ട്രീയമല്ലെന്നും തങ്ങളുടെ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്രസമര കാലഘട്ടം മുതല്‍ കോണ്‍ഗ്രസ് പുലര്‍ത്തിവരുന്ന ആശയങ്ങളില്‍ മാറ്റം വരുത്തുകയെന്നത് തനിക്ക് താത്പര്യമില്ലാത്ത കാര്യമാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
ഇസ്രഈല്‍ – ഫലസ്തീന്‍ സംഘര്‍ഷത്തില്‍ ഫലസ്തീനായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല വര്‍ക്കിങ് കമ്മിറ്റിയില്‍ വാദിച്ചിരുന്നു. ഈ അവസ്ഥയില്‍ ഫലസ്തീനോടൊപ്പം നില്‍ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചെന്നിത്തലയുടെ ഈ നിലപാടിനോട് ചില എം.പിമാര്‍ എതിര്‍പ്പു പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
മുസ്ലിം ലീഗിന്റെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ ഹമാസിനെ ഭീകരവാദികളെന്ന് വിശേഷിപ്പിച്ച കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മറ്റി അംഗം ശശി തരൂരിന്റെ പരാമര്‍ശം വിവാദമായിരുന്നു. ഇസ്രഈലില്‍ ആക്രമണം നടത്തിയത് ഭീകരവാദികളാണെന്നാണ് പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് ശശി തരൂര്‍ പറഞ്ഞത്. രണ്ട് ഭാഗത്ത് നിന്നും ഭീകരവാദ ആക്രമണം ഉണ്ടായെന്നും ഇസ്രഈലിന്റെ പ്രതികരണം അതിരു കടന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Content Highlight: Ramesh Chennithala corrected Shashi Tharoor for his pro-Israel remarks