Kerala News
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; ചെന്നിത്തല പങ്കെടുക്കേണ്ട പരിപാടി റദ്ദാക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Oct 07, 10:56 am
Thursday, 7th October 2021, 4:26 pm

കാസര്‍കോട്: പിലിക്കോട് രമേശ് ചെന്നിത്തല പങ്കെടുക്കേണ്ടിയിരുന്ന പരിപാടിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. സംസ്‌കാര കാസര്‍കോട് ജില്ലാ സമിതി സംഘടിപ്പിച്ച ഭാരതീയ സ്വാതന്ത്ര്യം പ്ലാറ്റിനം ജൂബിലി ആഘോഷം ജില്ലാതല ഉദ്ഘാടനമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

സംഘര്‍ഷത്തെ തുടര്‍ന്ന് ചെന്നിത്തല പങ്കെടുക്കുന്നില്ലെന്ന് അറിയിക്കുകയും പരിപാടി റദ്ദാക്കുകയും ചെയ്തു.

ഒരു വിഭാഗം നേതാക്കള്‍ ഗ്രൂപ്പ് കളിക്കുന്നുവെന്ന് ആരോപിച്ചാണ് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പ്രതിഷേധം ഉയര്‍ത്തിയത്. മുന്‍ എം.എല്‍.എ കെ.വി. കുഞ്ഞിക്കണ്ണന്റെയും മുന്‍ ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നിലിന്റെയും വാഹനം ഒരു വിഭാഗം പ്രവര്‍ത്തകര്‍ തടഞ്ഞു.

ഇവരെ കൈയ്യേറ്റം ചെയ്യാനും ശ്രമമുണ്ടായെന്നാണ് വിവരം. പരിപാടി മാറ്റിവെച്ചതായി കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.

ചന്തേര പൊലീസ് ലാത്തി വീശിയാണ് പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചത്. പ്രതിഷേധത്തെ തുടര്‍ന്ന് ഹക്കീം കുന്നിലും കുഞ്ഞിക്കണ്ണനും സ്ഥലത്ത് നിന്ന് വേഗം മടങ്ങി.

കെ.പി.സി.സി പ്രസിഡന്റിന്റെ അനുമതിയോടെയാണ് പരിപാടി സംഘടിപ്പിച്ചതെന്നും സംഘര്‍ഷമുണ്ടാക്കിയത് പിലിക്കോട് മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ളവരാണെന്നും കുഞ്ഞിക്കണ്ണന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Ramesh Chennithala Congress workers clash Kasarkod