'മീശ' പിന്‍വലിച്ചത് കേരളത്തിന് ഏറ്റവും വലിയ നാണക്കേട്; കഥാകൃത്തിന്റെ ജീവനെടുക്കാന്‍ നില്‍ക്കുന്നവര്‍ സമൂഹത്തെ ഇരുട്ടിലേക്കാണ് നയിക്കുന്നത്: രമേശ് ചെന്നിത്തല
Kerala News
'മീശ' പിന്‍വലിച്ചത് കേരളത്തിന് ഏറ്റവും വലിയ നാണക്കേട്; കഥാകൃത്തിന്റെ ജീവനെടുക്കാന്‍ നില്‍ക്കുന്നവര്‍ സമൂഹത്തെ ഇരുട്ടിലേക്കാണ് നയിക്കുന്നത്: രമേശ് ചെന്നിത്തല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 22nd July 2018, 12:31 pm

 

തിരുവനന്തപുരം: എഴുത്തുകാരന്‍ എസ്.ഹരീഷിന്റെ “മീശ” എന്ന പേരിലുള്ള നോവല്‍ സംഘപരിവാര്‍ ആക്രമണത്തെ തുടര്‍ന്ന് പിന്‍വലിച്ചതിനെതിരെ പ്രസ്താവനയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നോവല്‍ പിന്‍വലിക്കേണ്ടി വന്നത് പ്രബുദ്ധ കേരളത്തിന് വലിയ നാണക്കേടാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

കേരളവും ഫാസിസ്റ്റ് ഭീഷണിയില്‍ പെട്ടിരിക്കുകയാണ്. ഹരീഷിനെയും അദ്ദേഹത്തിന്റെ കുടംബാംഗങ്ങളെയും സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുകയാണ്.

സമൂഹത്തില്‍ ഇത്രയും മോശമായി ചിത്രീകരിച്ചിട്ടും അതിനെതിരെ നടപടിയെടുക്കാത്ത ആഭ്യന്തര വകുപ്പിന്റെ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു.

തങ്ങള്‍ക്കിഷ്ടമില്ലാത്തത് എഴുതുന്നവരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കാനും മര്‍ദ്ദനത്തിലൂടെയും കായിക ശക്തിയിലൂടെയും ഇല്ലായ്മ ചെയ്യാനും സംഘപരിവാര്‍ മടിക്കാറില്ല.


ALSO READ: മീശയിലെ പരാമര്‍ശങ്ങള്‍ സ്ത്രീസമൂഹത്തെ അപമാനിക്കുന്നതു തന്നെ; പത്രത്തിനെതിരായ ജനവികാരം കണ്ടില്ലെന്നു നടിക്കാനാവില്ലെന്നും പി.വി. ചന്ദ്രന്‍


കല്‍ബുര്‍ഗിയും ഗൗരി ലങ്കേഷും മുതല്‍ പെരുമാള്‍ മുരുകന്‍ വരെയുള്ളവര്‍ അങ്ങനെ ഇല്ലായ്മ ചെയ്യുകയോ നിശബ്ദരാക്കപ്പെടുകയോ ചെയ്തവരാണ്. എഴുത്തിന്റെ പേരില്‍ കഥാകൃത്തിന്റെ ജീവനെടുക്കാന്‍ തുനിയുന്നവരെല്ലാം ചേര്‍ന്ന് കേരളത്തെ ഇരുട്ടിലേക്കാണ് നയിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

“മീശ” എന്ന നോവലില്‍ അമ്പലത്തില്‍ പോകുന്ന സ്ത്രീകളെ അപമാനിച്ചുവെന്നാരോപിച്ച് സംഘപരിവാര്‍ സംഘടനകളായിരുന്നു എഴുത്തുകാരനെതിരെ രംഗത്തെത്തിയത്.
കേട്ടാല്‍ അറയ്ക്കുന്ന പദപ്രയോഗങ്ങളാണ് ഹരീഷിനും കുടുംബത്തിനും അവരെ പിന്തുണയ്ക്കുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും സംഘപരിവാര്‍ അനുകൂലികള്‍ നടത്തിയിരുന്നത്.


ALSO READ: ഗീതയെ കുറിച്ച് എഴുതിയതിന് പ്രഭാവര്‍മ്മയ്‌ക്കെതിരെ ഭീഷണി; സംഘപരിവാറിന്റെ ഭീഷണിയുടെ കത്തി മടക്കി പോക്കറ്റില്‍ വെച്ചാല്‍ മതിയെന്ന് പ്രഭാവര്‍മ്മ


ഹിന്ദു സ്ത്രീകളെ അപമാനിച്ച എഴുത്തുകാരനെ പിന്തുണയ്ക്കുന്നവരെ ചെരിപ്പൂരി അടിക്കുമെന്നായിരുന്നു സംഘപരിവാറിന്റെ ഭീഷണി. ലൈംഗികത്തൊഴില്‍ ചെയ്യുന്ന സ്ത്രീകളാണ് ഹരീഷിനെ പിന്തുണയ്ക്കുന്നതെന്നായിരുന്നു ഇവരുടെ വാദം.

മൂന്ന് ലക്കം പ്രസിദ്ധീകരിച്ച നോവലാണ് ചില സംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് പിന്‍വലിക്കുന്നതെന്നും അഞ്ച് വര്‍ഷത്തെ പരിശ്രമമാണ് നോവലെന്നും രാജ്യം ഭരിക്കുന്നവര്‍ക്കെതിരെ പോരാടാനുള്ള കരുത്തില്ലെന്നും എസ്. ഹരീഷ് പ്രതികരിച്ചിരുന്നു. അരനൂറ്റാണ്ട് മുമ്പുള്ള കേരളത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നോവല്‍.