| Monday, 9th October 2017, 4:05 pm

രാജ്യത്തിന്റെ വളര്‍ച്ച പടവലങ്ങ പോലെ ആകുമ്പോഴാണ് അമിത്ഷായുടെ പുത്രന്റെ കമ്പനി തഴച്ചുവളരുന്നത്; ബി.ജെ.പി സ്വന്തം കീശ വീര്‍പ്പിക്കുന്നതിന് തെളിവെന്ന് ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കള്ളപ്പണം തിരികെ കൊണ്ടുവരുമെന്ന് വാഗ്ദാനം നല്‍കി അധികാരത്തില്‍ എത്തിയ ബി.ജെ.പി ഇപ്പോള്‍ സ്വന്തം കീശ വീര്‍പ്പിക്കുന്നതിന്റെ തെളിവാണ് ബി.ജെ.പി പ്രസിഡന്റ് അമിത് ഷായുടെ മകന്‍ ജയ് അമിത് ഷായുടെ കമ്പനിയുടെ ലാഭം 16000 മടങ്ങായ വാര്‍ത്തയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ജയ് അമിത് ഷായുടെ കമ്പനിയുടെ ലാഭം 16,000 മടങ്ങ് വര്‍ദ്ധിച്ചതായുള്ള വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണ്. കമ്പനി രജിസ്ട്രാര്‍ മുമ്പാകെ സമര്‍പ്പിച്ച കണക്കിലൂടെയാണ് ബിജെപിയുടെ കപടമുഖം പുറത്ത് വന്നിരിക്കുന്നത്. തലതിരിഞ്ഞ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ മുഖേന രാജ്യത്തിന്റെ വളര്‍ച്ച പടവലങ്ങ പോലെ ആകുമ്പോഴാണ് അമിത്ഷായുടെ പുത്രന്റെ കമ്പനി തഴച്ചുവളരുന്നത്. അദ്ദേഹം ചൂണ്ടി കാട്ടി.

അമിത് ഷായുടെ മകനെതിരായ സാമ്പത്തിക ആരോപണം അന്വേഷിക്കണമെന്നും നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന് മുന്‍പ് 2013-14 സാമ്പത്തിക വര്‍ഷത്തില്‍ നഷ്ടത്തിലായിരുന്ന കമ്പനിയുടെ വരുമാനം രണ്ടു വര്‍ഷം കൊണ്ട് 80.5 കോടി രൂപയായണ് ഉയര്‍ന്നിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടി കാട്ടി.


Also Read മാറാട് വീണ്ടും കലാപം സൃഷ്ടിച്ച് മുതലെടുപ്പ് നടത്താനുള്ള ആര്‍.എസ്.എസ് ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത വേണം: സി.പി.ഐ.എം


കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനത്തില്‍ നിന്നും, റിലയന്‍സ് ഗ്രൂപ്പുമായി ബന്ധമുള്ള കമ്പനിയില്‍ നിന്നും ജയ് ഷായുടെ കമ്പനിക്ക് കോടികളുടെ വായ്പ അനുവദിച്ചു എന്ന മാധ്യമ വെളിപ്പെടുത്തലും ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

നരേന്ദ്രമോദി പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയതിനു പിന്നാലെ ഒരുവര്‍ഷത്തിനുള്ളില്‍ അമിത് ഷായുടെ മകന്റെ കമ്പനിയുടെ വരുമാനത്തില്‍ 16,000 മടങ്ങ് വര്‍ധനവുണ്ടായി എന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. ദ വയര്‍ പുറത്തുവിട്ട വാര്‍ത്ത വലിയ ചര്‍ച്ചകള്‍ക്കു വഴിവെച്ചതിനു പിന്നാലെ വെബ്‌സൈറ്റിനെതിരെ അപകീര്‍ത്തി നോട്ടീസുമായി ബി.ജെ.പി രംഗത്തുവന്നിരുന്നു.

We use cookies to give you the best possible experience. Learn more