| Wednesday, 15th February 2023, 11:25 am

ഞാന്‍ പറഞ്ഞത് ശരിയാണെന്ന് തെളിയുന്നു; സത്യം സ്വര്‍ണപ്പാത്രത്താല്‍ മൂടിവെച്ചാലും പുറത്തുവരും; ശിവശങ്കറിന്റെ അറസ്റ്റില്‍ രമേശ് ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സത്യം സ്വര്‍ണപ്പാത്രം കൊണ്ട് മൂടിവെച്ചാലും പുറത്തുവരും എന്നതിന്റെ തെളിവാണ് ലൈഫ് മിഷന്‍ ഭവന പദ്ധതി കോഴക്കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ അറസ്റ്റെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് ഈ തട്ടിപ്പുകള്‍ നടന്നതെന്ന് തങ്ങള്‍ പറഞ്ഞത് സത്യമായില്ലേയെന്നും ചെന്നിത്തല പറഞ്ഞു.

അന്വേഷണം നീതിയുക്തമായാല്‍ കേസില്‍ വമ്പന്‍ സ്രാവുകള്‍ കുടുങ്ങുമെന്നും അദ്ദേഹം ദല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ബി.ജെ.പിയും സി.പി.ഐ.എമ്മും തമ്മില്‍ കൂട്ടുകെട്ടുണ്ടെന്നും അതാണ് അന്വേഷണം വൈകിയെതെന്നും വിഷയത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ പ്രതിപക്ഷ നേതാവായപ്പോള്‍ പറഞ്ഞ ഓരോ കാര്യവും സത്യമാണെന്ന് തെളിയുകയാണ്. സ്വര്‍ണക്കള്ളക്കടത്ത്, ലൈഫ് മിഷന്‍ കോയ എന്നിവയെല്ലാം അന്ന് ഞാന്‍ ഉന്നയിച്ചപ്പോള്‍ തെറ്റാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും പറഞ്ഞവര്‍ ഇപ്പോള്‍ മറുപടി പറയണം.

ലൈഫ് മിഷന്‍ കേസില്‍ ശിവശങ്കര്‍ അറസ്റ്റ് ചെയ്യപ്പെട്ടതോടെ സത്യം പുറത്തുവന്നിരിക്കുകയാണ്. ലൈഫ് മിഷന്റെ ചെയര്‍മാന്‍ മുഖ്യമന്ത്രിയാണ്. ഇത് വിരല്‍ ചൂണ്ടുന്നത് മുഖ്യമന്ത്രിയിലേക്കാണ്. മുഖ്യമന്ത്രി വിഷയത്തില്‍ പ്രതികരിക്കണം.

അന്ന് പ്രതിപക്ഷം വിഷയം ഉന്നയിച്ചപ്പോള്‍ ലൈഫ് മിഷനെ ഇല്ലാതാക്കാനുള്ള ശ്രമം എന്ന നിലയിലാണ് പ്രചരണം നടത്തിയത്. കേന്ദ്ര ഏജന്‍സികള്‍ സത്യസന്ധമായി അന്വേഷിച്ചാല്‍ വസ്തുതകള്‍ പുറത്തുവരും എന്നതിന്റെ ഉദാഹരണമാണ് ഈ കേസ്. സി.പി.ഐ.എമ്മും ബി.ജെ.പിയും തമ്മില്‍ കൂട്ടുകെട്ടുണ്ട്. അതുകൊണ്ടാണ് സ്വര്‍ണക്കടത്ത് കേസും ലൈഫ് മിഷന്‍ കേസിലുമൊക്കെ അന്വേഷണം ഇഴഞ്ഞുനീങ്ങിയത്,’ രമേശ് ചെന്നിത്തല പറഞ്ഞു.

ശിവശങ്കറിനെ അറസ്റ്റ് ചെയ്തത് സ്വാഗതം ചെയ്യുന്നുവെന്ന് മുന്‍ കോണ്‍ഗ്രസ് എം.എല്‍.എയും കേസിലെ പരാതിക്കാരനുമായ അനില്‍ അക്കരെയും പറഞ്ഞു. വ്യക്തിപരമായും ഈ കേസിലുണ്ടായ നടപടി തനിക്ക് ആശ്വാസകരമാണെന്നും അനില്‍ അക്കരെ പ്രതികരിച്ചു.

‘കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലുമൊക്കെ ഇത്
വ്യാജ ആരോപണമാണെന്ന് പറഞ്ഞ്, വീടുമുടക്കി എന്ന പേര് പറഞ്ഞുകൊണ്ടാണ് സി.പി.ഐ.എം എന്നേയും എന്റെ പാര്‍ട്ടിയേയും നേരിട്ടത്. അത് തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചു. അതിനൊക്കെ ശേഷം കേസിലെ ഒരു പ്രതിയെ അറസ്റ്റ് ചെയ്തത് സന്തോഷമുള്ള കാര്യമാണ്,’ അനില്‍ അക്കരെ പറഞ്ഞു.

ബുധനാഴ്ച രാത്രി 11.45നാണ് എം. ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി)
അറസ്റ്റ് ചെയ്തത്. തുടര്‍ച്ചയായി മൂന്ന് ദിവസം ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്.
നയതന്ത്ര പാഴ്സല്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസുകളിലെ മൂന്നാമത്തെ അറസ്റ്റാണിത്.

Content Highlight:  Ramesh Chennithala’s comment on arrest of Ex-Principal Secretary M Sivashankar

We use cookies to give you the best possible experience. Learn more