ന്യൂദല്‍ഹി: സത്യം സ്വര്‍ണപ്പാത്രം കൊണ്ട് മൂടിവെച്ചാലും പുറത്തുവരും എന്നതിന്റെ തെളിവാണ് ലൈഫ് മിഷന്‍ ഭവന പദ്ധതി കോഴക്കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ അറസ്റ്റെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് ഈ തട്ടിപ്പുകള്‍ നടന്നതെന്ന് തങ്ങള്‍ പറഞ്ഞത് സത്യമായില്ലേയെന്നും ചെന്നിത്തല പറഞ്ഞു.
അന്വേഷണം നീതിയുക്തമായാല്‍ കേസില്‍ വമ്പന്‍ സ്രാവുകള്‍ കുടുങ്ങുമെന്നും അദ്ദേഹം ദല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ബി.ജെ.പിയും സി.പി.ഐ.എമ്മും തമ്മില്‍ കൂട്ടുകെട്ടുണ്ടെന്നും അതാണ് അന്വേഷണം വൈകിയെതെന്നും വിഷയത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
‘ഞാന്‍ പ്രതിപക്ഷ നേതാവായപ്പോള്‍ പറഞ്ഞ ഓരോ കാര്യവും സത്യമാണെന്ന് തെളിയുകയാണ്. സ്വര്‍ണക്കള്ളക്കടത്ത്, ലൈഫ് മിഷന്‍ കോയ എന്നിവയെല്ലാം അന്ന് ഞാന്‍ ഉന്നയിച്ചപ്പോള്‍ തെറ്റാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും പറഞ്ഞവര്‍ ഇപ്പോള്‍ മറുപടി പറയണം.
ലൈഫ് മിഷന്‍ കേസില്‍ ശിവശങ്കര്‍ അറസ്റ്റ് ചെയ്യപ്പെട്ടതോടെ സത്യം പുറത്തുവന്നിരിക്കുകയാണ്. ലൈഫ് മിഷന്റെ ചെയര്‍മാന്‍ മുഖ്യമന്ത്രിയാണ്. ഇത് വിരല്‍ ചൂണ്ടുന്നത് മുഖ്യമന്ത്രിയിലേക്കാണ്. മുഖ്യമന്ത്രി വിഷയത്തില്‍ പ്രതികരിക്കണം.
അന്ന് പ്രതിപക്ഷം വിഷയം ഉന്നയിച്ചപ്പോള്‍ ലൈഫ് മിഷനെ ഇല്ലാതാക്കാനുള്ള ശ്രമം എന്ന നിലയിലാണ് പ്രചരണം നടത്തിയത്. കേന്ദ്ര ഏജന്‍സികള്‍ സത്യസന്ധമായി അന്വേഷിച്ചാല്‍ വസ്തുതകള്‍ പുറത്തുവരും എന്നതിന്റെ ഉദാഹരണമാണ് ഈ കേസ്. സി.പി.ഐ.എമ്മും ബി.ജെ.പിയും തമ്മില്‍ കൂട്ടുകെട്ടുണ്ട്. അതുകൊണ്ടാണ് സ്വര്‍ണക്കടത്ത് കേസും ലൈഫ് മിഷന്‍ കേസിലുമൊക്കെ അന്വേഷണം ഇഴഞ്ഞുനീങ്ങിയത്,’ രമേശ് ചെന്നിത്തല പറഞ്ഞു.