തിരുവനന്തപുരം: മുന്‍ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. സര്‍വീസില്‍ നിന്ന് വിരമിക്കുന്നതിന് മുമ്പ് ചീഫ് സെക്രട്ടറിയും ഡി.ജി.പിയും പമ്പയിലേക്ക് നടത്തിയ ഹെലികോപ്റ്റര്‍ യാത്രയില്‍ ദുരൂഹതയുണ്ടെന്നാണ് ചെന്നിത്തലയുടെ ആരോപണം.
മാലിന്യം നീക്കാനെന്ന പേരില്‍ മണല്‍ വില്‍പന നടത്താനാണ് ശ്രമിക്കുന്നതെന്നും പ്രളയത്തില്‍ അടിഞ്ഞു കൂടിയ മണല്‍ നീക്കം ചെയ്യാന്‍ ഉത്തരവിറക്കാനായിരുന്നു ഇവരുടെ യാത്രയെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
ഒരു ലക്ഷത്തിലധികം മെട്രിക് ടണ്‍ മണലാണ് പ്രളയത്തില്‍ പമ്പയില്‍ അടിഞ്ഞു കൂടിയത്. രണ്ടു വര്‍ഷമായി മണ്ണ് കെട്ടിക്കിടക്കുകയാണ്. മഴക്കാലമെത്തിയതോടെ വനം വകുപ്പ് അറിയാതെ ദുരന്ത നിവാരണ നിയമമനുസരിച്ചാണ് മണ്ണ് നീക്കാന്‍ ജില്ലാ കളക്ടര്‍ അനുമതി നല്‍കിയതെന്നും ചെന്നിത്തല പറഞ്ഞു.
മാലിന്യം നീക്കാനെന്ന പേരില്‍ സി.പി.ഐ.എം നേതാവ് ചെയര്‍മാനായ കണ്ണൂരിലെ കേരള ക്ലേ ആന്റ് സെറാമിക്‌സ് എന്ന പൊതു മേഖലാ സ്ഥാപനത്തിനാണ് മണല്‍ നീക്കാനുള്ള കരാര്‍ നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് ലഭിക്കുന്ന തുക സര്‍ ക്കാര്‍ ഖജനാവിലേക്ക് ലഭിക്കേണ്ടതാണ്. ദുരൂഹമായ സാഹചര്യത്തില്‍ പൊതു മേഖലാ സ്ഥാപനത്തിന്റെ പേരില്‍ നടത്തുന്ന അനധികൃത ഇടപാടാണിതെന്നും ചെന്നിത്തല ആരോപിച്ചു.
കൊവിഡിന്റെ മറവില്‍ എന്തു തോന്നിവാസവും നടത്താമെന്ന സ്ഥിതിയിലാണെന്നാണ് സര്‍ക്കാരെന്നും ചെന്നിത്തല പറഞ്ഞു.
ഉത്തരവിനെക്കുറിച്ച് വനം വകുപ്പ് മന്ത്രിക്ക് ഒന്നും തന്നെ അറിയില്ലെന്നാണ് പറയുന്നത്. ഇത്തരത്തില്‍ പെട്ടെന്നുള്ള ഉത്തരവില്‍ ദുരൂഹതയുണ്ടെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
ഓണ്‍ലൈന്‍ വിദ്യാഭ്യാസ പരിപാടി ആരംഭിക്കുന്നതിന് മുമ്പ് സര്‍ക്കാര്‍ മുന്നൊരുക്കം നടത്തിയില്ലെന്നും അതുണ്ടാക്കാത്തതിന്റെ പേരില്‍ ഒരു കുട്ടി ആത്മഹത്യ ചെയ്‌തെന്നും ചെന്നിത്തല പറഞ്ഞു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക