തിരുവനന്തപുരം: ബ്രൂവറികള്‍ തുടങ്ങിയതിയില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിനെതിരെ പത്ത് ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ചെന്നിത്തല രംഗത്തെത്തിയത്.
ഇടതുമുന്നണിയുടെ മദ്യനയത്തില്‍ എവിടെയും ബ്രൂവറികള്‍ തുടങ്ങുന്നതിനെപ്പറ്റി പറഞ്ഞിട്ടില്ല. മാത്രമല്ല ഇതു സംബന്ധിച്ച് താന്‍ എക്‌സൈസ് മന്ത്രിയ്ക്ക് നല്‍കിയ ചോദ്യങ്ങള്‍ക്ക് വ്യക്തമായ വിശദീകരണം ലഭിച്ചിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ബ്രൂവറികള്‍ അനുവദിച്ചതിലെ അഴിമതിയില്‍ വ്യവസായ വകുപ്പിനും പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ക്കൊന്നിനും എക്‌സൈസ് മന്ത്രി മറുപടി നല്‍കാത്തതെന്താണെന്നും ചെന്നിത്തല ചോദിച്ചു.
എല്‍.ഡി.എഫിന്റെ മദ്യനയത്തിലും പ്രകടന പത്രികയിലും പറയാത്ത കാര്യമാണ് ഇപ്പോള്‍ നടപ്പാക്കിയിരിക്കുന്നത്. ബ്രൂവറിക്കായി കൊച്ചി കിന്‍ഫ്ര പാര്‍ക്കില്‍ 10 ഏക്കര്‍ ഭൂമി അനുവദിച്ചത് എന്തടിസ്ഥാനത്തിലാണ്.
വ്യവസായ വകുപ്പ് അറിയാതെ കിന്‍ഫ്രയില്‍ ഭൂമി അനുവദിക്കാന്‍ കഴിയില്ല. ബ്രൂവറികള്‍ തുടങ്ങാന്‍ ആരാണ് ഉത്തരവ് നല്‍കിയതെന്ന് എക്സൈസ് മന്ത്രി വ്യക്തമാക്കണം. ഇതിന് ഉത്തരവിട്ടിട്ടുണ്ടെങ്കില്‍ ആ ഉത്തരവ് പുറത്ത് വിടണം. ആരാണ് ഉത്തരവില്‍ ഒപ്പുവച്ചതെന്നും ചെന്നിത്തല ചോദിച്ചു.
സ്വകാര്യ കമ്പനികള്‍ക്ക് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ബ്രൂവറി അനുവദിച്ചത്. മുഖ്യമന്ത്രിമാരായ ഇ.കെ.നായനാരും വി.എസ്.അച്യുതാനന്ദനും ചെയ്യാത്തതാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ രഹസ്യമായി ചെയ്തതെന്നും തുടങ്ങിയ ചോദ്യങ്ങള്‍ സര്‍ക്കാരിനെതിരെ അദ്ദേഹം ഉന്നയിച്ചു.