| Tuesday, 11th July 2023, 11:42 am

പെരേരക്കെതിരെയുള്ള കേസ് പിന്‍വലിക്കണം; മന്ത്രി ലത്തീന്‍ സഭയോട് മാപ്പ് പറയണം: രമേശ് ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കലാപാഹ്വാനം ചുമത്തി ലത്തീന്‍ അതിരൂപത വികാരി യൂജിന്‍ പെരേരക്കെതിരെയെടുത്ത കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വിദ്യാഭ്യാസ മന്ത്രി പറയേണ്ട വാക്കുകളല്ല വി.ശിവന്‍കുട്ടി പറഞ്ഞതെന്നും അദ്ദേഹം ലത്തീന്‍ സഭയോട് മാപ്പ് പറയണമെന്നും ചെന്നിത്തല പറഞ്ഞു.

സര്‍ക്കാരിനെതിരെ ആര് സംസാരിച്ചാലും അവരുടെ പേരില്‍ കേസെടുക്കുന്ന സമീപനമാണ് ഇപ്പോള്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

‘മുതലപ്പൊഴിയില്‍ ഉണ്ടായ സംഭവത്തില്‍ യൂജിന്‍ പെരേരക്കെതിരെ കേസ് എടുത്ത നടപടി ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്ന ഒന്നല്ല. വാസ്തവത്തില്‍ മന്ത്രിമാരാണവിടെ പ്രകോപനമുണ്ടാക്കിയത്. ഷോ കാണിച്ചതാണോ എന്ന് മന്ത്രിമാര്‍ ചോദിച്ചപ്പോഴാണ് നാട്ടുകാര്‍ പ്രതികരിച്ചത്. കലാപാഹ്വാനത്തിന് കേസെടുത്ത് നിശബ്ദനാക്കാനുള്ള നീക്കമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്.

സര്‍ക്കാരിനെതിരെ ആര് സംസാരിച്ചാലും അവരുടെ പേരില്‍ കേസെടുക്കുക, അവരെ നിശബ്ദരാക്കുക എന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനം. ഇത് ഒരിക്കലും ശരിയായ കാര്യമല്ല. വിദ്യാഭ്യാസ മന്ത്രിക്ക് ചേര്‍ന്ന വാക്കുകളല്ല അദ്ദേഹം ഉപയോഗിച്ചത്.

പള്ളികളില്‍ പണം പിരിക്കുന്നുവെന്ന് തുടങ്ങിയ വളരെ മോശമായ രീതിയിലുള്ള പ്രതികരണമാണ് മന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. സ്വാഭാവികമായും തീരദേശത്ത് നമ്മളൊക്കെ ചെല്ലുമ്പോള്‍ എല്ലാ കാലത്തും ആളുകള്‍ പ്രതിഷേധിക്കും. ചെന്നപ്പോള്‍ അവിടുത്തെ പരിസരവാസികളെയും സ്ഥലവാസികളെയും അപമാനിക്കത്തക്ക തരത്തിലുള്ള വാക്കുകള്‍ ഉപയോഗിച്ചതാണ് പ്രകോപനത്തിന് കാരണം.

അതിന് യൂജിന്‍ പെരേരയുടെ പേരില്‍ കലാപാഹ്വാനത്തിന് കേസെടുത്ത നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. അത് പിന്‍വലിക്കേണ്ടതാണ്. ഒരിക്കലും അത് അംഗീകരിക്കാന്‍ കഴിയുന്നതല്ല. ലത്തീന്‍ പള്ളികളില്‍ പണം പിരിക്കുന്നുവെന്ന തരത്തിലുള്ള മോശം പ്രതികരണമാണ് വിദ്യാഭ്യാസ മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്. അതൊരിക്കലും ഉണ്ടാകാന്‍ പാടില്ല. പ്രത്യേകിച്ച് അദ്ദേഹം വിദ്യാഭ്യാസ മന്ത്രി കൂടിയാണ്.  ഈ വാക്കുകള്‍ അദ്ദേഹം പറയാന്‍ പാടില്ലായിരുന്നു. അതുകൊണ്ട് ഈ കേസ് എത്രയും പെട്ടെന്ന് പിന്‍വലിക്കുകയും മന്ത്രി ലത്തീന്‍ സഭയോട് മാപ്പ് പറയുകയും വേണം,’ അദ്ദേഹം പറഞ്ഞു.

മുതലപ്പൊഴിയില്‍ മന്ത്രിമാരെ തടഞ്ഞ സംഭവത്തില്‍ യൂജിന്‍ പെരേരക്കെതിരെ ഇന്നലെ കേസെടുത്തിരുന്നു. മന്ത്രിമാരെ തടഞ്ഞതിനും കലാപാഹ്വാനം ചെയ്തതിനും എതിരെയാണ് കേസെടുത്തിരിക്കുന്നത്.

അഞ്ചുതെങ്ങ് പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. മുതലപ്പൊഴിയില്‍ അപകടസ്ഥലം സന്ദര്‍ശിക്കാനെത്തിയ മന്ത്രിമാരായ വി.ശിവന്‍കുട്ടിയെയും ആന്റണി രാജുവിനെയും പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. എന്നാല്‍ ഫാ. യൂജിന്‍ പെരേരക്കെതിരെ മാത്രമാണ് കേസെടുത്തിരിക്കുന്നത്. റോഡ് ഉപരോധിച്ചതിനും ഇദ്ദേഹത്തിനെതിരെ കേസെടുത്തിട്ടുണ്ട്. റോഡ് ഉപരോധനത്തില്‍ കണ്ടാലറിയാവുന്ന 50ലധികം പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

യൂജിന്‍ പെരേര സംഭവ സ്ഥലത്ത് എത്തിയ ഉടനെ കലാപാഹ്വാനം നടത്തിയെന്ന് ശിവന്‍കുട്ടി ആരോപിച്ചിരുന്നു. തീരപ്രദേശത്ത് ഓരോ പള്ളിയും നിയമവിരുദ്ധമായ പിരിവാണ് നടത്തുന്നതെന്നും ഒരു കോടി രൂപ പിരിവ് കിട്ടുന്ന പള്ളികളുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു. യൂജിന്‍ പെരേര എത്തിയ ഉടനെ മന്ത്രിമാരെ തടയാന്‍ ആഹ്വാനം കൊടുത്തുവെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ മന്ത്രി മാനസിക നില തെറ്റിയത് പോലെ സംസാരിക്കുന്നതെന്നാണ് ഇതിന് പ്രതികരണമായി പെരേര പറഞ്ഞത്.

CONTENT HIGHLIGHTS: RAMESH CHENNITHALA AGAINST V SIVANKUTTY

We use cookies to give you the best possible experience. Learn more