| Tuesday, 12th April 2016, 9:10 am

യു.ഡി.എഫ് സര്‍ക്കാറിന്റെ ഭരണത്തില്‍ പൂര്‍ണ തൃപ്തനല്ല: രമേശ് ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: യു.ഡി.എഫ് സര്‍ക്കാറിന്റെ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തെ ഭരണത്തില്‍ താന്‍ പൂര്‍ണ തൃപ്തനല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കൗമുദി ടി.വിക്ക് അനുവദിച്ച അഭിമുഖത്തിലാണ് ചെന്നിത്തല ഇങ്ങനെ പറഞ്ഞത്.

ഭൂമിദാനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സര്‍ക്കാറിന് കൂറേക്കൂടി ശുഷ്‌കാന്തി വേണ്ടതായിരുന്നു. തീരുമാനത്തിലെ അപാകതകള്‍ കാണിച്ചപ്പോള്‍ അത് തിരുത്തി. ഒരു കാര്യത്തില്‍ സര്‍ക്കാറിന് പിടിവാശിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ആരോപണ വിധേയര്‍ മാറിനില്‍ക്കണമെന്ന കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്റെ നിര്‍ദേശം അംഗീകരിച്ചാല്‍ ആര്‍ക്കാണ് ഇവിടെ മത്സരിക്കാന്‍ കഴിയുകയെന്നും അദ്ദേഹം ചോദിച്ചു. ആരോപണങ്ങള്‍ ധാരാളമുണ്ടാകും. ഇതിന്റെ അടിസ്ഥാനത്തില്‍ ആരെയും മാറ്റിനിര്‍ത്താന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സുധീരനും ഉമ്മന്‍ചാണ്ടിയും തമ്മില്‍ ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാം. അങ്ങനെവരുമ്പോള്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്താണ് തീരുമാനിക്കുക. ഇവര്‍ക്കിടയിലുള്ള അഭിപ്രായ വ്യത്യാസം പരിഹരിച്ച് പോകണമെന്ന് ഉണ്ടായിരുന്നു അതിനാലാണ് മധ്യസ്ഥശ്രമവുമായി മുന്നോട്ടുപോയതെന്നും ചെന്നിത്തല പറഞ്ഞു.

കേരളത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടാവും. അത് രണ്ട് സീറ്റുകളുടെ ഭൂരിപക്ഷത്തിലായിരിക്കില്ല. യു.ഡി.എഫ് നൂറിലധികം സീറ്റുകള്‍ നേടുമെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

We use cookies to give you the best possible experience. Learn more