| Sunday, 29th November 2020, 10:24 am

ആര്‍ക്കാണ് വട്ടെന്ന് ധനമന്ത്രി വ്യക്തമാക്കണം; മുഖ്യമന്ത്രിക്കെതിരെ പടയൊരുക്കമാണ് സി.പി.ഐ.എമ്മില്‍ നടക്കുന്നതെന്നും ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കെ.എസ്.എഫ്.ഇ ചിട്ടി ഓഫീസുകളില്‍ നടന്ന വിജിലന്‍സ് റെയ്ഡില്‍ സര്‍ക്കാരിനെതിരെ ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

റെയ്ഡിന്റെ വിശദാംശങ്ങള്‍ ജനങ്ങളെ അറിയിക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി മറുപടി നല്‍കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ഗുരുതര അഴിമതിയാണ് കെ.എസ്.എഫ്.ഇയില്‍ നടന്നതെന്നും ഇതില്‍ അന്വേഷണം വേണമെന്നും ചെന്നിത്തല പറഞ്ഞു. അഴിമതിയില്‍ അന്വേഷണം പാടില്ലെന്ന നിലപാട് അംഗീകരിക്കാനാകില്ല. ക്രമക്കേട് പുറത്തു വരുമ്പോള്‍ വട്ടാണെന്ന് പറഞ്ഞ് ധനമന്ത്രിക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ക്കാണ് വട്ടെന്ന് ധനമന്ത്രി വ്യക്തമാക്കണമെന്നും കെ.എസ്.എഫ്.ഇയിലെ അഴിമതി അന്വേഷിക്കുമ്പോള്‍ അതിനെതിരെ ധനമന്ത്രി തോമസ് ഐസക്ക് രോക്ഷംകൊള്ളുന്നത് എന്തിനാണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

‘മുഖ്യമന്ത്രിക്കെതിരെ പടയൊരുക്കമാണ് പാര്‍ട്ടിയില്‍ നടക്കുന്നതെന്നും. കെ റെയില്‍ പദ്ധതിക്കു പിന്നിലും അഴിമതിയാണെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റെയോ റെയില്‍വേ മന്ത്രാലയത്തിന്റെയോ അനുമതിയില്ലെന്നും ചെന്നിത്തല പറഞ്ഞു.

കേരളത്തില്‍ നടക്കുന്നത് എല്‍.ഡി.ഫ്-യു.ഡി.എഫ് പോരാട്ടമാണ്. യു.ഡി.എഫിന് അനുകൂലമായ അന്തരീക്ഷമാണ് സംസ്ഥാനത്ത് ഇപ്പോഴുള്ളതെന്നും ചെന്നിത്തല പറഞ്ഞു. ബി.ജെ.പി ചിത്രത്തില്‍ പോലും ഇല്ല, തമ്മിലടി മാത്രമാണ് ബി.ജെ.പിയില്‍ നടക്കുന്നതെന്നും തെരഞ്ഞെടുപ്പ് കഴിയുന്നതോടെ കേരളത്തിലെ ബി.ജെ.പി അപ്രസക്തമാകുമെന്നും ചെന്നിത്തല പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കെ.എസ്.എഫ്.ഇ ഓഫീസുകളില്‍ വിജിലന്‍സ് റെയ്ഡ് നടന്നത്. തുടര്‍ന്ന് റെയ്ഡിനെതിരെ ധനമന്ത്രി തോമസ് ഐസക് രംഗത്ത് എത്തിയിരുന്നു.

ആരുടെ വട്ടാണിതെന്ന് എനിക്കറിയില്ല. കെ.എസ്.എഫ്.ഇയിലെ പണമെല്ലാം ട്രഷറിയില്‍ അടയ്ക്കണമെന്ന് ആരാണു പറഞ്ഞത്? എന്നായിരുന്നു തോമസ് ഐസക് പറഞ്ഞത്.

ഏതു നിയമമാണുള്ളത്? 50 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്. നിയമം തീരുമാനിക്കേണ്ടതു വിജിലന്‍സ് അല്ല; നിയമം വ്യാഖ്യാനിക്കാന്‍ നിയമ വകുപ്പുണ്ട്. ന്യായമായ പ്രശ്‌നങ്ങളുണ്ടെങ്കില്‍ അന്വേഷിക്കാം. കണ്ടെത്തിയ കാര്യങ്ങളില്‍ വിജിലന്‍സ് വിശദീകരണം തേടുമ്പോള്‍ മറുപടി പറഞ്ഞോളാമെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ധനമന്ത്രി തോമസ് ഐസക് പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Ramesh Chennithala against Thomas Isaac and CM Pinarayi Vijayan, KSFE raid

We use cookies to give you the best possible experience. Learn more