തിരുവനന്തപുരം: നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ മുഖ്യമന്ത്രി പിണറായി വിജയന് 45 മിനിറ്റ് സംസാരിക്കാന്‍ അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് സഭയില്‍ പ്രതിപക്ഷ ബഹളം. സഭയുടെ ചരിത്രത്തില്‍ പോലും ഇത്തരമൊരു സംഭവമില്ലെന്നു പറഞ്ഞ രമേശ് ചെന്നിത്തല ഇങ്ങനെയാണോ സഭ നടത്തേണ്ടതെന്ന് സ്പീക്കറോട് ചോദിച്ചു.
“സാധാരണ ഗതിയില്‍ ചോദ്യത്തിന് ഉത്തരം പറയുന്ന ഒരു മന്ത്രി തന്റെ ചോദ്യം നീണ്ടുപോകുകയാണെങ്കില്‍ സ്പീക്കര്‍ ചെയ്യുന്നത് ആ ഉത്തരം മേശപ്പുറത്ത് വെക്കണമെന്ന് പറയുകയാണ്. അത് മേശപ്പുറത്ത് വെക്കാതെയാണ് മുഖ്യമന്ത്രി സംസാരം തുടര്‍ന്നത്. സഭയുടെ മെമ്പര്‍മാരുടെ അവകാശമാണ് ചോദ്യം ചോദിക്കുകയെന്നുള്ളത്. ആ അവകാശം നല്‍കാതെ 45 മിനിറ്റ് മുഖ്യമന്ത്രി ഇവിടെ ഉത്തരം പറഞ്ഞു. ” ചെന്നിത്തല ചൂണ്ടിക്കാട്ടി.
Also Read:മധ്യപ്രദേശ് തെരഞ്ഞെടുപ്പ്; ആദ്യ രണ്ട് മണിക്കൂറില്‍ തകരാറിലായത് 16 വിവിപാറ്റും 4 ഇ.വി.എമ്മും
“സജി ചെറിയാനെക്കൊണ്ട് ചോദ്യം പോലും ചോദിപ്പിക്കില്ലയെന്നതാണ് മുഖ്യമന്ത്രിയുടെ നിലപാടെങ്കില്‍ അത് പറഞ്ഞാല്‍ മതി. 45 മിനിറ്റാണ് മുഖ്യമന്ത്രി സംസാരിച്ചത്. ഈ സഭയുടെ ചരിത്രത്തിലുണ്ടോ ഇങ്ങനെ. ” എന്നും അദ്ദേഹം ചോദിച്ചു.
“അങ്ങനെയാണെങ്കില്‍ മുഖ്യമന്ത്രിയത് മേശപ്പുറത്തല്ലേ വെക്കേണ്ടത്. ഞങ്ങള്‍ക്ക് പറയാനുള്ള അവസരം പോലും തരുന്നില്ല. എന്ത് മര്യാദയാണിത്. ” എന്നും ചെന്നിത്തല ചോദിച്ചു.
പ്രളയവുമായി ബന്ധപ്പെട്ട് ചേര്‍ന്ന സഭാ സമ്മേളനത്തിനും ചോദ്യം ചോദിക്കാന്‍ അനുവാദമുണ്ടായിരുന്നില്ലയെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ മറുപടി നല്‍കി. “ചോദ്യോത്തര വേളയില്‍ ഉയര്‍ത്തിയ നാല് ചോദ്യങ്ങള്‍ പ്രളയവുമായി ബന്ധപ്പെട്ടതാണ്. അതില്‍ പ്രതിപക്ഷ അംഗമായ റോജി റോണ്‍ അത് ക്ലബ് ചെയ്യണമെന്ന് എഴുതി നല്‍കി. ഈ ചോദ്യങ്ങള്‍ക്ക് ഒന്നിച്ച് ഉത്തരം നല്‍കി പ്രളയവുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങളും ദൂരീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായി. എന്നാല്‍ ചോദ്യം ക്ലബ് ചെയ്യണമെന്ന് എഴുതി നല്‍കിയ റോജി ഉള്‍പ്പെടെ ഇവിടെ വന്ന് പ്രതിഷേധിക്കുകയാണ്. അത് ശരിയല്ല.” എന്നായിരുന്നു സ്പീക്കറുടെ മറുപടി.
ചോദ്യോത്തര വേള സസ്‌പെന്റ് ചെയ്ത് അടിയന്തര പ്രമേയം അനുവദിക്കണമെന്നായിരുന്നു പ്രതിപക്ഷ നേതാവ് താല്‍പര്യപ്പെട്ടതെന്ന് തര്‍ക്കത്തില്‍ ഇടപെട്ടുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. ആദ്യമേ തന്നെ മറുപടി പറയാന്‍ തുടങ്ങുമ്പോള്‍ പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തില്‍ വന്ന് നില്‍ക്കുന്നതാണ് കണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തന്നോട് അക്കാര്യം പറഞ്ഞില്ലെന്നായിരുന്നു സ്പീക്കറുടെ മറുപടി.
എന്നാല്‍ ഇക്കാര്യം പറയാന്‍ താന്‍ എഴുന്നേറ്റ് നിന്നതാണെന്നും തനിക്ക് സംസാരിക്കാന്‍ അനുമതി നല്‍കാതിരിക്കുകയാണുണ്ടായതെന്നും രമേശ് ചെന്നിത്തല തുറന്നടിച്ചു. മുഖ്യമന്ത്രിയുടെ ആരോഗ്യം പ്രകടിപ്പിക്കേണ്ട സ്ഥലമിതല്ലെന്ന് രമേശ് ചെന്നിത്തല മറുപടി പറഞ്ഞു. ഇങ്ങനെയാണോ സഭ നടത്തേണ്ടതെന്നും ചെന്നിത്തല ചോദിച്ചു.