| Wednesday, 4th July 2018, 9:19 pm

ചങ്ങനാശ്ശേരി ദമ്പതികളുടെ മരണം; ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് രമേശ് ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ചങ്ങനാശ്ശേരിയില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്നും ദമ്പതികളുടെ മരണത്തിന് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വരാപ്പുഴയില്‍ ശ്രീജിത്തിനെ ആളുമാറി പിടിച്ച് പൊലീസ് കസ്റ്റഡിയില്‍ കൊലപ്പെടുത്തിയ സംഭവത്തിന്റെ ചൂടാറും മുമ്പാണ് മറ്റൊരു കൊടും ക്രൂരതയ്ക്ക് പൊലീസ് കൂട്ടു നിന്നതെന്നും തൃശൂരിലെ വിനായകന്‍ എന്ന ദളിത് യുവാവ് പൊലീസ് കസ്റ്റഡിയില്‍ ക്രൂരമായി മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് വീട്ടിലെത്തി ആത്മഹത്യ ചെയ്തതിന് സമാനമാണ് ചങ്ങനാശേരിയിലുണ്ടായ സംഭവമെന്നും അദ്ദേഹം പറഞ്ഞു.


Also Read ഹാദിയ വിഷയത്തില്‍ മാര്‍ച്ച് നടത്തിയ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ അഭിമന്യു കേസില്‍ അറസ്റ്റില്‍

പരാതിക്കാരനായ സി.പി.എെ.എം കൗണ്‍സിലറുടെ സാന്നിദ്ധ്യത്തിലാണ് കസ്റ്റഡിയിലെടുത്ത സുനില്‍ കുമാറിനെ ചോദ്യം ചെയ്തതും ക്രൂരമര്‍ദ്ദനത്തിന് വിധേയമാക്കിയതെന്നും
സി.പി.എെ.എം നേതാവിന് വേണ്ടി പൊലീസ് വിടുപണി ചെയ്തതിന്റെ ഫലമാണ് ദമ്പതികളുടെ ദാരുണ മരണമെന്നും അദ്ദേഹം ആരോപിച്ചു.

പൊലീസിനെ അടിമുടി രാഷ്ട്രീയവത്കരിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിക്ക് പോലും പൊലീസില്‍ നിയന്ത്രണമില്ലെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്.  സി.പി.എെ.എമ്മിന്റെ പ്രാദേശിക നേതാക്കളാണ് പൊലീസിനെ നിയന്ത്രിക്കുന്നതെന്ന് ഇതോടെ വ്യക്തമായെന്നും ചെന്നിത്തല പറഞ്ഞു.


Also Read മനോരോഗിയാക്കാനുള്ള നീക്കം നിയമപരമായി നേരിടും; കെവിനെ തട്ടികൊണ്ട് പോയത് മുതലുള്ള സംഭവം അമ്മയ്ക്കറിയാമെന്നും കെവിന്റെ ഭാര്യ നീനു

പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ദമ്പതികള്‍ ഇന്നാണ് ആത്മഹത്യ ചെയ്തത്. വാകത്താനം സ്വദേശിയായ സുനിലും ഭാര്യ രേഷ്മയുമാണ് ആത്മഹത്യ ചെയ്തത്. ചങ്ങനാശ്ശേരി നഗരസഭാംഗം സജികുമാര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് ദമ്പതികളെ ചോദ്യം ചെയ്തത്.വാകത്താനത്ത് സുനിലും ഭാര്യയും വാടകയ്ക്കായിരുന്നു താമസിച്ചിരുന്നത്.

ഇരുവരേയും പൊലീസ് മര്‍ദ്ദിച്ചിരുന്നെന്ന് ബന്ധുക്കള്‍ ആരോപണം ഉന്നയിക്കുന്നുണ്ട്. ഇതേത്തുടര്‍ന്ന് ഇന്ന് യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഇന്ന് ചങ്ങനാശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.

We use cookies to give you the best possible experience. Learn more