പാലാ: രാഹുല്‍ പ്രധാനമന്ത്രിയാകുമെന്നു കരുതിയാണോ തദ്ദേശതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനു മുന്നേറ്റമുണ്ടായതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയനോട്. പാലായില്‍ യു.ഡി.എഫ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ചരിത്രവിജയം നേടിയപ്പോള്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്നു കരുതിയാണു ജനം വോട്ട് ചെയ്‌തെന്നായിരുന്നു പിണറായി നേരത്തേ പറഞ്ഞത്. ഇതു ചൂണ്ടിക്കാട്ടിയായിരുന്നു ചെന്നിത്തലയുടെ പ്രസംഗം.
‘കഴിഞ്ഞ മൂന്നരവര്‍ഷമായി കേരളത്തിലാകെ അലയടിക്കുന്നതു പിണറായി വിരുദ്ധ വികാരമാണ്. അതാണു കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനു ചരിത്രവിജയം സമ്മാനിച്ചത്.
പാലാ ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പറഞ്ഞതുപോലെ ഭരണത്തിന്റെ വിലയിരുത്തല്‍ ആണെങ്കില്‍ യു.ഡി.എഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ഥി അമ്പതിനായിരം വോട്ടുകള്‍ക്കു വിജയിക്കും.
യു.ഡി.എഫ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടണം. കേരളജനതയുടെ ആഗ്രഹമനുസരിച്ച് മുന്നേറാന്‍ നമുക്കു കഴിയണം. നാം ഓര്‍ക്കേണ്ടത്, ചുവരുണ്ടെങ്കിലേ ചിത്രം വരയ്ക്കാനാവൂ എന്നതാണ്.
പ്രളയക്കെടുതിയില്‍ കേരളം ദുരിതം അനുഭവിച്ചപ്പോള്‍ ഒറ്റക്കെട്ടായാണു സംസ്ഥാനം നിന്നത്. എന്നാല്‍ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്കു ലഭിച്ച 2014 കോടി രൂപ മുഖ്യമന്ത്രി ചിലവഴിക്കാതെ വെച്ചിരിക്കുകയാണ്.
സംസ്ഥാനത്തു സാമ്പത്തിക പ്രതിസന്ധിയുണ്ടായപ്പോള്‍ അതിവിദഗ്ധമായാണ് അന്നത്തെ ധനമന്ത്രി കെ.എം മാണി സമ്പദ് രംഗം പിടിച്ചുനിര്‍ത്തിയത്.’- അദ്ദേഹം പറഞ്ഞു.
ചെന്നിത്തലയ്ക്കു പുറമേ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മുസ്‌ലിം ലീഗ് നേതാവ് എം.കെ മുനീര്‍ തുടങ്ങിയവര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു.