'അന്ന് ഞാന്‍ ആരോപണം ഉന്നയിച്ചപ്പോള്‍ സൈബര്‍ ആക്രമണമുണ്ടായി; ഇന്ന് മാത്യു കുഴല്‍നാടനെ വേട്ടയാടുന്നു'
കോട്ടയം: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി രമേശ് ചെന്നിത്തല. വീണക്കെതിരായ ആരോപണത്തില്‍ മുഖ്യമന്ത്രിക്ക് ഒന്നും പറയാനില്ലെന്നും ഇത് കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. വീണക്കെതിരെ ഉണ്ടായിരിക്കുന്നത് ആരോപണമല്ലെന്നും ട്രിബ്യൂണലിന്റെ കണ്ടെത്തലാണെന്നും പുതുപ്പള്ളിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
‘മുഖ്യമന്ത്രിയുടെ മകള്‍ക്ക് നേരെ ഉയര്‍ന്നിരിക്കുന്ന ആരോപണം, അതൊരു ആരോപണമല്ല. ട്രിബ്യൂണലിന്റെ വിധിയാണ്. 72 പേജുള്ള ഈ വിധിന്യായം പരിശോധിച്ചാല്‍ ഏതൊരു വ്യക്തിക്കും അത് ബോധ്യപ്പെടും. കേരളത്തിലെ മുഖ്യമന്ത്രിയുടെ മകളായതുകൊണ്ടാണ് ഇത്തരം പണം കിട്ടുന്നതെന്ന കാര്യം പോലും ട്രിബ്യൂണല്‍ വ്യക്തമാക്കിയിരിക്കുന്നു. ഇത് വന്നിട്ടും എന്തുകൊണ്ട് മുഖ്യമന്ത്രി മിണ്ടുന്നില്ല. ഇന്ന് മുഹമ്മദ് റിയാസ് പറഞ്ഞിരിക്കുന്നത് തുടര്‍ഭരണം ഉണ്ടായതുകൊണ്ട് ഞങ്ങള്‍ക്കൊക്കെ ഉറക്കം നഷ്ടപ്പെട്ടതുകൊണ്ടാണ് ആരോപണം ഉന്നയിക്കുന്നതെന്നാണ്. ഇത് ആരെങ്കിലും ഉന്നയിച്ച ആരോപണമാണോ, ട്രിബ്യൂണലാണ് പറഞ്ഞത്. ട്രിബ്യൂണല്‍ 72 പേജുള്ള ജഡ്ജ്‌മെന്റ് പുറത്തിറക്കിയിട്ടും മുഖ്യമന്ത്രിക്ക് ഒന്നും പറയാനില്ല. ഇത് കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയല്ലേ. പാര്‍ട്ടി സെക്രട്ടറി ഒരു കിങ്കരനെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രിക്ക് വ്യഞ്ചാമരം വീശുകയും മംഗള പത്രം എഴുതുകയും ചെയ്യുന്ന ജോലിയാണ് ഇന്ന് സി.പി.ഐ.എം നേതാക്കന്മാര്‍ക്ക് ഉള്ളത്. എല്ലാ അഴിമതിയെയും പാര്‍ട്ടി സെക്രട്ടറി പിന്തുണക്കുന്നു,’ അദ്ദേഹം പറഞ്ഞു.
ഭരിക്കുന്ന പാര്‍ട്ടിയുടെ അഴിമതികള്‍ ചൂണ്ടികാണിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നുവെന്നും ഇത് ശരിയായ ശൈലില്ലെന്നും അദ്ദേഹം പറഞ്ഞു. താന്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്ന സമയത്ത് തനിക്കെതിരെയും സൈബര്‍ ആക്രമണം ഉണ്ടായെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
‘ഭരിക്കുന്ന പാര്‍ട്ടിയുടെ അഴിമതികള്‍ ചൂണ്ടികാണിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നു. മാത്യു കുഴല്‍ നാടന്‍ ഉന്നയിച്ച ആരോപണങ്ങള്‍ വസ്തുതകളുടെ വെളിച്ചത്തിലായത് കൊണ്ട് അദ്ദേഹത്തെ വേട്ടായാടാന്‍ ശ്രമിക്കുന്നു. അത് ശരിയായ ശൈലില്ല. പണ്ട് ഞാന്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്ന കാലത്ത് എനിക്കെതിരെ സൈബര്‍ ഗുണ്ടകളെ കൊണ്ട് ആക്രമിപ്പിക്കുമായിരുന്നു. സൈബര്‍ ഗുണ്ടകളെ അഴിച്ചുവിടുമായിരുന്നു. അന്ന് സൈബര്‍ ഗുണ്ടകളുടെ ആക്രമണം നേരിടേണ്ടി വരുമായിരുന്നു. ഇന്നും അതേ ശൈലിയില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഇതുപോലെയുള്ള ആക്രമണങ്ങള്‍ മാത്യുകുഴല്‍നാടനെതിരെ ഉയര്‍ത്തുന്നത് ആക്ഷേപകരമായ കാര്യമാണ്. ഭരിക്കുന്ന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ് തെറ്റുകള്‍ ചെയ്തിട്ടില്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത്,’ ചെന്നിത്തല പറഞ്ഞു.
കൊവിഡ് കാലത്ത് താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് അന്ന് മുഖ്യമന്ത്രിക്ക് മറുപടി പറയേണ്ടി വന്നത് മാധ്യമങ്ങള്‍ പത്രസമ്മേളനത്തില്‍ ചോദിക്കുന്നതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
‘എന്തുകൊണ്ട് മുഖ്യമന്ത്രി സംസാരിക്കുന്നില്ല. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം എത്രയോ അഴിമതി ആരോപണങ്ങള്‍ വന്നിരിക്കുന്നു. കൊവിഡ് കാലത്ത് ഞാന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് അന്ന് മുഖ്യമന്ത്രിക്ക് മറുപടി പറയേണ്ടി വന്നത്, അന്ന് ഒരു മണിക്കൂറിലെ പത്രസമ്മേളനത്തില്‍ മാധ്യമങ്ങള്‍ ചോദിക്കുന്നതുകൊണ്ടായിരുന്നു. ബെവ്‌കോ അഴിമതിയാണെങ്കിലും സ്പ്രിങ്ക്‌ളറിന്റെ അഴിമതിയാണെങ്കിലും ഇ-ബസുമായി ബന്ധപ്പെട്ട അഴിമതിയാണെങ്കിലും, അന്ന് ഉന്നയിക്കപ്പെട്ട ഓരോ അഴിമതികള്‍ക്കും മറുപടി പറയേണ്ടി വന്നത് ഒരു മണിക്കൂര്‍ നേരത്തെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനവും അതുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യവും ഉള്ളതുകൊണ്ടായിരുന്നു. ഇന്ന് അദ്ദേഹം സെക്യൂരിറ്റി കവറിന്റെ സഹായത്തോടു കൂടി മൗനത്തിന്റെ വാത്മീകത്തിലെത്തുകയാണ്. കേരളത്തിലെ മുഖ്യമന്ത്രിയുടെ സുരക്ഷാ സംവിധാനം ഉള്ളതുകൊണ്ട് പത്രപ്രവര്‍ത്തകര്‍ക്ക് ചോദിക്കാന്‍ കഴിയുന്നില്ല. പത്രപ്രവര്‍ത്തകര്‍ക്ക് സമീപിക്കാന്‍ സാധിക്കുന്നില്ല. അതിന്റെ ഫലമായി ചോദ്യവും ഉത്തരവും ഉണ്ടാകുന്നില്ല. ആ സൗകര്യത്തില്‍ കേരളത്തിലെ ഏത് അഴിമതിയും മൂടിവെക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്,’ ചെന്നിത്തല വിമര്‍ശിച്ചു.
എ.ഐ ക്യാമറയുമായി ബന്ധപ്പെട്ട അഴിമതി ഞാന്‍ ഉന്നയിച്ചു. മുഖ്യമന്ത്രി ഒരക്ഷരം പറഞ്ഞില്ല. മുഖ്യമന്ത്രിയുടെ മകന്റെ അമ്മായിയച്ഛന്റെ കമ്പനിയായ പ്രസാഡിയോക്കാണ് ഇതിന്റെ ലാഭമെന്ന് ഞങ്ങള്‍ രേഖകള്‍ സഹിതം ഉന്നയിച്ചു. 60 മുതല്‍ 80 കോടി രൂപ വരെ മുതല്‍മുടക്കിയാല്‍ നടപ്പാക്കാന്‍ സാധിക്കുമായിരുന്ന എ.ഐ ക്യാമറ പദ്ധതി കേരളത്തില്‍ 332 കോടിക്കാണ് നടപ്പാക്കിയത്. ഇതില്‍ നിന്നും കിട്ടുന്ന പണം പോകുന്നത് മുഖ്യമന്ത്രിയുടെ മകന്റെ അമ്മായിയച്ഛന്റെ കമ്പനിക്കാണാണ് ഞങ്ങള്‍ ഉന്നയിച്ചിട്ടും മുഖ്യമന്ത്രി പ്രതികരിച്ചില്ല. അവസാനം പ്രതിപക്ഷ നേതാവിനും എനിക്കും കോടതിയില്‍ പോകേണ്ടി വന്നു, കോടതി ഞങ്ങളെ അഭിനന്ദിച്ചു. ഇത്തരം സര്‍ക്കാര്‍ ജനങ്ങളുടെ പണം ഇതുപോലെ അഴിമതിക്ക് വേണ്ടി വിനിയോഗിക്കുന്നുവെന്ന് ഞങ്ങള്‍ പറഞ്ഞപ്പോള്‍ കോടതി ഞങ്ങളെ അഭിനന്ദിക്കുകയാണ് ചെയ്തത്. പേയ്‌മെന്റ് കൊടുക്കരുതെന്ന് കോടതി പറഞ്ഞു. ആ അഴിമതി ഞങ്ങള്‍ക്ക് തടയാന്‍ കഴിഞ്ഞുവെന്നും ചെന്നിത്തല പറഞ്ഞു.
Content Highlights: Ramesh chennithala against pinarayi vijayan