തൃശൂര്‍: കേരളത്തിന്റെ കാവല്‍ക്കാരനും കള്ളനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കിഫ്ബി മസാല ബോണ്ട് ജനങ്ങളെ കബളിപ്പിക്കാനുള്ള വഴിയാണെന്നും പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി നല്‍കുന്നില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. മസാല ബോണ്ട് ഇടപാടില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ബോണ്ട് രേഖകള്‍ സര്‍ക്കാര്‍ പ്രതിപക്ഷത്തെ കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മസാലബോണ്ട് പരിശോധിക്കാനുള്ള അവസരം നല്‍കണം. ഇതിനായി നാല് എം.എല്‍.എ മാരെ നിയോഗിച്ചിട്ടുണ്ട്.
അനൂപ് ജേക്കബ്, റോഷി അഗസ്റ്റിന്‍, എം കെ മുനീര്‍, വി ഡി സതീശന്‍ എന്നീ എം.എല്‍.എമാരെയാണ് ഇതിനായി ചുമതലപ്പെടുത്തിയത്.
ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ പൊതു വില്‍പ്പനയ്ക്കായി ലിസ്റ്റ് ചെയ്ത ബോണ്ട് കാനഡയിലെ കമ്പനി എങ്ങനെ വാങ്ങി എന്നാണ് പ്രതിപക്ഷ നേതാവിന്റെ ചോദ്യം. ലാവലിന്‍ ഒരു പറ്റിപ്പു കമ്പനിയാണ്. ഈ ഇടപാട് മന്ത്രിസഭയും എല്‍.ഡി.എഫും അറിഞ്ഞാണോ നടത്തിയെതെന്നും ചെന്നിത്തല ചോദിക്കുന്നു.
സംസ്ഥാന സര്‍ക്കാര്‍ സംരഭമായ കിഫ്ബിയുടെ മസാല ബോണ്ടുകള്‍ കൂടുതലും വാങ്ങിയത് എസ്.എന്‍.സി ലാവലിനുമായി ബന്ധമുള്ള സി.ഡി.പി.ക്യു എന്ന സ്ഥാപനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ ആരോപിച്ചിരുന്നു.
ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ മാത്രം ഇടപാടുകള്‍ നടക്കുന്നത് എങ്ങനെയാണെന്നും ലാവലിനുമായി നടത്തിയ സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള കേസ് ഇപ്പോഴും സുപ്രീംകോടതിയില്‍ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
രാജ്യാന്തര വിപണിയില്‍ ഇന്ത്യന്‍ രൂപയില്‍ ബോണ്ട് ഇറക്കി ധനസമാഹരണം നടത്തുന്നതിനെയാണ് മസാല ബോണ്ടുകള്‍ എന്നു പറയുന്നത്. ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസന മേഖലയിലെ നിക്ഷേപങ്ങള്‍ക്കാണ് മുഖ്യമായും മസാല ബോണ്ട് വഴി കടമെടുക്കുന്നത്.
ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ മസാല ബോണ്ടുകള്‍ പൊതുവിപണിയിലിറക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി
പിണറായി വിജയന് ക്ഷണം ലഭിച്ചിട്ടുണ്ട്. മെയ് 17നാണ് ചടങ്ങ് നടക്കുക.