| Sunday, 21st March 2021, 11:49 am

പ്രതിപക്ഷത്തിന് ലഭിക്കേണ്ട ന്യായമായ സ്‌പേസുപോലും മാധ്യമങ്ങള്‍ തരുന്നില്ല; അഭിപ്രായ സര്‍വ്വേകളെ തള്ളി പ്രതിപക്ഷ നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തിലെ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാധ്യമങ്ങള്‍ ഭരണപക്ഷത്തിന് വേണ്ടി കുഴലൂത്ത് നടത്തുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

അഭിപ്രായ സര്‍വ്വേകള്‍ യു.ഡി.എഫ് തള്ളുന്നുവെന്നും ജനങ്ങളുടെ സര്‍വ്വേ യു.ഡി.എഫിന് അനകൂലമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനഹിതം അട്ടിമറിക്കാന്‍ വേണ്ടി അഭിപ്രായ സര്‍വ്വേകള്‍ ഉപയോഗപ്പെടുത്തുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

”ഭരണകക്ഷിക്ക് കിട്ടുന്ന പരിഗണന ഇവിടെ ഒരു ശതമാനമെങ്കിലും യു.ഡി.എഫിന് ലഭിക്കേണ്ടേ? ഇതെന്ത് മാധ്യമ ധര്‍മ്മമാണ്. നരേന്ദ്ര മോദി ദല്‍ഹിയില്‍ ചെയ്യുന്നത് പോലെ ഇവിടെ മാധ്യമങ്ങളെ വിരട്ടിയും പരസ്യങ്ങള്‍ കൊടുത്തും വരുതിയിലാക്കാനുള്ള ശ്രമമാണ് നടക്കുന്നത്,” ചെന്നിത്തല പറഞ്ഞു.

മാധ്യമ ധര്‍മ്മം മറന്നുകൊണ്ട് കേരളത്തിലെ മാധ്യമങ്ങള്‍ ഒരു കാലത്തും മുന്നോട്ടു പോയിട്ടില്ല. പക്ഷേ ഇപ്പോള്‍ മാധ്യമങ്ങള്‍ പ്രതിപക്ഷത്തിന് ലഭിക്കേണ്ട ന്യായമായ സ്‌പേസുപോലും തരുന്നില്ല.

ഭരണകക്ഷിക്ക് വേണ്ടി കുഴലൂത്ത് നടത്തുന്നത് ശരിയാണോ? ചില അവതാരകര്‍ ഈ അഞ്ച് വര്‍ഷം കഴിഞ്ഞ് അടുത്ത അഞ്ചു വര്‍ഷം കൂടി പിണറായി വിജയന്‍ മത്സരിക്കുമെന്ന തരത്തിലാണ് പ്രചരണം നടത്തിക്കൊണ്ടിരിക്കുന്നത്.

നിരന്തരമായി സര്‍ക്കാരിനെ ആക്രമിക്കുന്ന പ്രതിപക്ഷ നേതാവിനെ എങ്ങിനെ തകര്‍ക്കാമെന്ന ഗൂഢാലോചന ഭരണകക്ഷികള്‍ നടത്തുകയാണ്. അതിന്റെ ആസുത്രീതമായി നീക്കമാണ് ഓരോ സര്‍വ്വയിലൂടെയും നടക്കുന്നത്. പ്രത്യക്ഷത്തില്‍ നിഷ്പക്ഷമെന്ന് തോന്നിക്കുന്ന ഹീന തന്ത്രമാണ് ഇന്ന് മാധ്യമങ്ങള്‍ യു.ഡി.എഫിനെതിരെ നടത്തുന്നത്.

ഞാന്‍ ആരോപണം ഉന്നയിച്ചത് തെളിവുകളുടെ അടിസ്ഥാനത്തിലാണ്. എന്റെ ആരോപണങ്ങള്‍ക്ക് മുന്നില്‍ സര്‍ക്കാരിന് മുട്ടുമടക്കേണ്ടി വന്നിട്ടുമുണ്ട്. ഇതൊക്കെ എന്ത് മാധ്യമ ധര്‍മ്മമാണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

മൂന്ന് മാധ്യമ സ്ഥാപനങ്ങള്‍ക്കു വേണ്ടി ഒരു കമ്പനിക്കാരാണ് സര്‍വ്വേ നടത്തിയതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.അഴിമതിയില്‍ മുങ്ങികുളിച്ചു നില്‍ക്കുന്ന സര്‍ക്കാര്‍ 200 കോടി രൂപയുടെ പരസ്യമാണ് നല്‍കിയിരിക്കുന്നത്. കിഫ്ബി വഴി 57 കോടി രൂപയാണ് പരസ്യത്തിന് വേണ്ടി ചിലവഴിച്ചത്. പ്രതിപക്ഷത്തിന് പരസ്യം കൊടുക്കാന്‍ നിവൃത്തിയില്ല എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

”മുഖ്യമന്ത്രി ഒരു ചോദ്യത്തിന് മാത്രം മറുപടി പറഞ്ഞാല്‍ മതി. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നതിനെ അനുകൂലിക്കുന്നോ? അതോ പ്രതികൂലിക്കുന്നോ? ആ ഒരു ചോദ്യത്തിന് മാത്രം മറുപടി പറയാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു.

പ്രതിപക്ഷ നേതാവെന്ന നിലയ്ക്ക് ഞാന്‍ സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലെയും വോട്ടര്‍ പട്ടിക പരിശോധിച്ചു. 66 മണ്ഡലങ്ങളിലെ 2,16,510 വ്യാജ വോട്ടര്‍മാരുടെ വിവരങ്ങള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിട്ടുണ്ട്.

ശേഷിക്കുന്ന മണ്ഡലങ്ങലുടെ വിവരങ്ങള്‍ അടുത്ത ദിവസം മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൈമാറും. ആകെ മൂന്നര, നാല് ലക്ഷത്തോളം വ്യാജ വോട്ടര്‍മാരുണ്ടാവുമെന്നാണ് കരുതുന്നത്. ഇത് ജനവിധി അട്ടിമറിക്കുന്നതിന് ചെയ്തതാണ്. ഭരണ കക്ഷിയിലെ ഉദ്യോഗസ്ഥരാണ് ഇതിന് പിന്നിലെന്ന് സംശയിക്കണം. ഇത് സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും ഞാന്‍ പരാതി നല്‍കുന്നുണ്ട്.

മത്സ്യമേഖലയിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച് കരുതലും ജാഗ്രതയും അനിവാര്യം എന്ന കൊല്ലം ബിഷപ്പിന്റെ ഇടയ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം വസ്തുതകളാണ്. കടലിനെ വില്‍ക്കാനും കടലിന്റെ മക്കളായ മത്സ്യത്തൊഴിലാളികളെ പട്ടിണിയിലാക്കാനുമുള്ള നീക്കങ്ങള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുകയാണ്.

ഇതിനെ എന്തു വില കൊടുത്തും ചെറുക്കണം. അക്കാര്യത്തില്‍ യു.ഡി.എഫ് മത്സ്യത്തൊഴിലാളികളോടൊപ്പമാണ്. കേരളത്തില്‍ ആഴക്കടല്‍ മത്സ്യ സമ്പത്ത് കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം പരാജയപ്പെട്ടത് പ്രതിപക്ഷത്തിന്റെ ജാഗ്രതയോടെയുള്ള ഇടപെടല്‍ കാരണമാണ്.

എന്നാല്‍ ഇപ്പോഴും സംശയങ്ങള്‍ അവശേഷിക്കുന്നു. യു.ഡി.എഫ് അധികരത്തില്‍ വരുമ്പോള്‍ കൊല്ലം ബിഷപ്പ് മുന്നോട്ട് വച്ച ആശങ്കകള്‍ പരിഹരിക്കുന്നതിന് ജാഗ്രതയോടെയുള്ള പ്രവര്‍ത്തനം ഉണ്ടാവും എന്ന് ഉറപ്പ് നല്‍കുന്നു”. പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight:  Ramesh Chennithala against Media; says UDF Reject opinion poll

We use cookies to give you the best possible experience. Learn more