കൊച്ചി: ഈസ്റ്ററിനും വിഷുവിനും മുമ്പ് ഭക്ഷ്യകിറ്റും പെന്‍ഷനും വിതരണം ചെയ്യുന്നതു തടയണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷനു നല്‍കിയ പരാതി പിന്‍വലിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പു കഴിഞ്ഞുമതി വിതരണമെന്നും ചെന്നിത്തല ആവര്‍ത്തിച്ചു.
ഭക്ഷ്യകിറ്റും പെന്‍ഷനും വിതരണം തടയുന്നതുകൊണ്ട് ജനങ്ങള്‍ യു.ഡി.എഫിനെതിരാവുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മീറ്റ് ദ പ്രസ് പരിപാടിയില്‍ എറണാകുളത്ത് സംസാരിക്കുകയായിരുന്നു ചെന്നിത്തല.
തെരഞ്ഞെടുപ്പില്‍ വ്യാജവോട്ട് തെളിവുകള്‍ പുറത്തു വന്നതെല്ലാം കോണ്‍ഗ്രസ്, ലീഗ് പ്രവര്‍ത്തകരുടെയാണല്ലോ എന്ന ചോദ്യത്തിന് അവരറിയാതെ അവരുടെ പേരില്‍ ചേര്‍ത്തതാകാമെന്നും എല്‍.ഡി.എഫ് പ്രവര്‍ത്തകരുടെ പേരില്‍ ചേര്‍ത്ത വ്യാജവോട്ടുകള്‍ തങ്ങള്‍ അന്വേഷിക്കുന്നുണ്ടെന്നുമായിരുന്നു ചെന്നിത്തലയുടെ മറുപടി .
ആഴക്കടല്‍ മല്‍സ്യബന്ധന വിവാദത്തില്‍പെട്ട ഇ.എം.സി.സി കമ്പനി എം.ഡിക്ക് കൊല്ലത്ത് മേഴ്സികുട്ടിയമ്മക്കെതിരെ മല്‍സരിക്കാന്‍ കോണ്‍ഗ്രസ് പഞ്ചായത്ത് മെമ്പര്‍ നാമനിര്‍ദേശപത്രികയില്‍ പിന്തുണച്ച് ഒപ്പിട്ടതില്‍ ഒരു തെറ്റുമില്ലെന്നും എല്ലാവരും മല്‍സരിക്കട്ടെയെന്നും അതില്‍ ഒരു കുഴപ്പുവുമില്ലെന്നുമായിരുന്നു ചെന്നിത്തലയുടെ മറുപടി.
ആഴക്കടല്‍ മല്‍സ്യബന്ധന വിവാദമുണ്ടാക്കാന്‍ തന്റെ ഓഫീസ് കേന്ദ്രീകരിച്ച് ഗൂഡാലോചന നടന്നിട്ടില്ലെന്നും ഇതില്‍ ആരോപിക്കപ്പെടുന്ന ‘ദല്ലാള്‍’ ആരാണെന്ന് താന്‍ പറയില്ലെന്നും സര്‍ക്കാര്‍ അന്വേഷിക്കട്ടെ എന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തന്റെ ഓഫീസില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെങ്കില്‍ ജുഡിഷ്യല്‍ അന്വേഷണം നടത്തട്ടെയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
തന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എന്‍ പ്രശാന്ത് ഈ വിവാദത്തില്‍ കുറ്റക്കാരനല്ല. അങ്ങനെ ഉണ്ടെങ്കില്‍ അദ്ദേഹം മറുപടി പറയുന്നുണ്ട്. വിവാദമുണ്ടാക്കാനുള്ള രേഖകള്‍ എത്തിച്ചത് പ്രശാന്തല്ല. തനിക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലെ രേഖകള്‍ പോലും എത്തിക്കാന്‍ ആളുണ്ട്. യാനം നിര്‍മ്മിക്കാന്‍ കെ.എസ്.ഐ.ഡി.സി എം.ഡിയായ പ്രശാന്ത് ഒപ്പിട്ടത് മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചെന്നാണ് പ്രശാന്തിന്റെ പുറത്തുവന്ന വാട്സാപ്പ് സന്ദേശം പറയുന്നതെന്നും ചെന്നിത്തല പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക