ആലപ്പുഴ: സംസ്ഥാനത്തെ കടലോര ജനതയുടെ സംരക്ഷണം ഉറപ്പു വരുത്തുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ആലപ്പുഴ ജില്ലയുടെ തീരദേശ മേഖലയിലെ കടല്‍ഭിത്തിയും പുലിമുട്ടും നിര്‍മ്മിക്കുന്നതിനായി 160 കോടിരൂപയുടെ പദ്ധതികള്‍ കിഫ്ബിയുടെ പരിഗണനയിലുണ്ട്.
ഇവയില്‍ 61 കോടി രൂപയുടെ പ്രോജക്ടുകള്‍ ഹരിപ്പാട് മണ്ഡലത്തിലെ ആറാട്ടുപുഴ ,തൃക്കുന്നപ്പുഴ പഞ്ചായത്തുകളിലാണ്.ചെന്നൈ ഐ.ഐ.ടി പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചത്. ഈ പദ്ധതികള്‍ക്കായി ഒരു രൂപ പോലും അനുവദിച്ചിട്ടില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
മന്ത്രിമാരായ തോമസ് ഐസക്, മാത്യു ടി തോമസ് എന്നിവരോട് നിരന്തരം അറിയിച്ചിട്ടും ഫലം കാണാത്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. എന്നിട്ടും പ്രയോജനമുണ്ടായില്ല.
ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം കടലോര ജനതയുടെ സംരക്ഷണത്തില്‍ വന്‍വീഴ്ചയാണ് വരുത്തിയിരിക്കുന്നത്. കടല്‍ഭിത്തിയും പുലിമുട്ടുമുണ്ടായിരുന്നെങ്കില്‍ നാശനഷ്ടം കുറയുമായിരുന്നു എന്ന് കണ്ണീരോടെയാണ് നാട്ടുകാര്‍ തന്നോട് പറഞ്ഞതെന്നും ചെന്നിത്തല ഫേസ്ബുക്കില്‍ കുറിക്കുന്നു.