| Tuesday, 29th October 2019, 11:53 am

പി. ജയരാജന്‍ മരണദൂതനെന്ന് രമേശ് ചെന്നിത്തല; ആരോപണത്തില്‍ പ്രതിരോധിക്കാന്‍ നില്‍ക്കാതെ മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മലപ്പുറം താനൂരില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് നിയമസഭയില്‍ രോഷാകുലനായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി.പി.ഐ.എം നേതാവ് പി. ജയരാജന്‍ മരണദൂതനാണെന്നായിരുന്നു അദ്ദേഹം ആരോപിച്ചത്.

‘ജയരാജന്‍ താനൂരില്‍ വന്നതിനു പിന്നാലെ കൗണ്‍ഡൗണ്‍ തുടങ്ങി. എന്നിട്ടും മുഖ്യമന്ത്രി ജയരാജനെപ്പറ്റി മിണ്ടുന്നില്ല. എത്ര കൊന്നാലും രക്തദാഹം തീരാത്ത പാര്‍ട്ടിയാണ് സി.പി.ഐ.എം.’- അദ്ദേഹം ആരോപിച്ചു.

ജയരാജന്‍ താനൂരില്‍ വന്നുപോയതിനു ശേഷമാണ് കൊലയെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ ആരോപിച്ചു. കേസ് പ്രത്യേക അന്വേഷണ സംഘത്തെ ഏല്‍പ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാഷ്ട്രീയക്കൊലപാതകമെങ്കില്‍ സി.പി.ഐ.എമ്മിനു പങ്കുണ്ടെന്നതാണ് സ്ഥിതിയെന്നും അദ്ദേഹം പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം മറുപടി പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജയരാജനെ പ്രതിരോധിക്കാന്‍ ശ്രമിച്ചില്ലെന്നതു ശ്രദ്ധേയമായി. മൂന്നു പ്രതികളെ കേസില്‍ അറസ്റ്റ് ചെയ്‌തെന്നും മൂന്നുപേരെ തിരിച്ചറിഞ്ഞെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

കേസില്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും സമാധാന അന്തരീക്ഷം വേണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടന്ന ദിവസം രാത്രിയാണ് അഞ്ചുടി സ്വദേശിയായ ഇസ്ഹാഖിനെ വെട്ടിക്കൊലപ്പെടുത്തിയത്. വീട്ടില്‍ നിന്നു കവലയിലേക്കു വരുന്നതിനിടെ രാത്രി ഏഴരയോടെയാണ് ആക്രമണമുണ്ടായത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ ഇസ്ഹാഖിനെ തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ജയരാജന്‍ വന്നുപോയതിന് പിന്നാലെ പ്രതികള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ കൊലപാതകത്തിന്റെ സൂചന നല്‍കിയിരുന്നെന്നും മുസ്ലിം ലീഗ് ആരോപിച്ചിരുന്നു.

We use cookies to give you the best possible experience. Learn more