അന്നത്തെ പ്രതിപക്ഷ എം.എല്‍.എമാര്‍ അഴിഞ്ഞാടിയത് നിയമസഭാ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേട്; കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാര്‍ ആവശ്യത്തിനെതിരെ തടസവാദ ഹരജിയുമായി ചെന്നിത്തല
Kerala News
അന്നത്തെ പ്രതിപക്ഷ എം.എല്‍.എമാര്‍ അഴിഞ്ഞാടിയത് നിയമസഭാ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേട്; കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാര്‍ ആവശ്യത്തിനെതിരെ തടസവാദ ഹരജിയുമായി ചെന്നിത്തല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 26th June 2021, 11:05 pm

തിരുവനന്തപുരം: നിയമസഭയിലെ കൈയ്യാങ്കളി കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ സുപ്രീംകോടതിയില്‍ തടസവാദ ഹരജിയുമായി മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.

ഉത്തരവാദിത്വമുള്ള സാമാജികര്‍ നിയമലംഘകരായി മാറുന്ന കാഴ്ചയ്ക്കാണ് 2015 മാര്‍ച്ച് 13 ന് നിയമസഭ സാക്ഷ്യം വഹിച്ചതെന്ന് ചെന്നിത്തല പറഞ്ഞു.

കേസില്‍ അടിയന്തരമായി വിചാരണയാണ് ആരംഭിക്കണമെന്നും മറിച്ച് കേസ് പിന്‍വലിക്കണമെന്ന ആവശ്യവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണെങ്കില്‍ നിയമപരമായി പ്രതിരോധിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കേസ് പിന്‍വലിക്കാന്‍ ഹരജി കൊടുക്കാന്‍ അധികാരപ്പെട്ട പബ്ലിക് പ്രോസിക്യൂട്ടര്‍ തന്നെ ഹരജി തള്ളിയ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ വിസമ്മതിച്ച സാഹചര്യത്തില്‍ ഹൈക്കോടതി വിധി ചോദ്യം ചെയ്തു സുപ്രീം കോടതിയെ സമീപിക്കാന്‍ സര്‍ക്കാരിന് അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിയമസഭാ സാമാജികര്‍ ഉള്‍പ്പെടുന്ന ക്രിമിനല്‍ കുറ്റങ്ങളിലെ നിയമനടപടികള്‍ക്ക് സ്പീക്കറുടെ അനുമതി വേണം എന്ന വാദത്തെയും ചെന്നിത്തല തള്ളി. അത്തരമൊരു നിബന്ധന ഉണ്ടാവുകയാണെങ്കില്‍ സ്പീക്കര്‍ അംഗീകാരം കൊടുക്കാത്ത കാലത്തോളം ഏതു ഹീനകൃത്യം ചെയ്യുന്ന എം.എല്‍.എമാരെയും അറസ്റ്റ് ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ് ഉണ്ടാകാന്‍ പോകുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:

ലോകത്തിനു മുന്നില്‍ കേരളത്തിന് തീരാക്കളങ്കമുണ്ടാക്കിയ നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തിനു തടയിടുന്നതിനായി സുപ്രീംകോടതിയില്‍ തടസവാദ ഹര്‍ജി ഫയല്‍ ചെയ്തു.

തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലും കേരള ഹൈക്കോടതിയിലും നടത്തിയ നിയമപോരാട്ടത്തിന്റെ തുടര്‍ച്ചയായിട്ടാണ് സുപ്രീംകോടതിയിലും അപേക്ഷ നല്‍കിയിരിക്കുന്നത്.
ധനകാര്യ മന്ത്രി കെ.എം. മാണി സാര്‍ അവതരിപ്പിച്ച 2015 ലെ ബജറ്റ് തടസപ്പെടുത്താനായി അന്നത്തെ പ്രതിപക്ഷ എം.എല്‍.എമാര്‍ അഴിഞ്ഞാടിയത് കേരള നിയമസഭാ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടാണ്. നിലവിലെ മന്ത്രി വി ശിവന്‍കുട്ടി, കെ.ടി ജലീല്‍ എം.എല്‍.എ. ഉള്‍പ്പെടെ അന്നത്തെ ആറു എം.എല്‍.എമാര്‍ക്കെതിരെയാണ് പൊതുമുതല്‍ നശിപ്പിച്ചതിനു കുറ്റപത്രം സമര്‍പ്പിച്ചത്.
നിയമനിര്‍മാണത്തിന് ഉത്തരവാദിത്വമുള്ള സാമാജികര്‍ നിയമലംഘകരായി മാറുന്ന കാഴ്ചയ്ക്കാണ് 2015 മാര്‍ച്ച് 13 ന് നിയമസഭ സാക്ഷ്യം വഹിച്ചത്.

സ്പീക്കറുടെ പോഡിയം, കമ്പ്യുട്ടര്‍, മൈക്ക്, ഫര്‍ണീച്ചര്‍ എന്നിവയടക്കം തല്ലിത്തകര്‍ത്തു. 2.20 ലക്ഷം രൂപയുടെ പൊതുമുതലാണ് നശിപ്പിച്ചത്. പ്രസംഗത്തിനോ വോട്ടിങ്ങിനോ സാമാജികര്‍ക്ക് നിയമ സഭയില്‍ ലഭിക്കുന്ന നിയമപരിരക്ഷ ക്രിമിനല്‍ പ്രവര്‍ത്തനം നടത്തിയാല്‍ ലഭിക്കില്ലെന്ന് സുപ്രീംകോടതി നേരത്തേ വിധിച്ചിട്ടുണ്ട്.
എം.എല്‍.എമാര്‍ പൊതുമുതല്‍ തല്ലിത്തകര്‍ക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ അടക്കം കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
കേസ് പിന്‍വലിക്കണം എന്ന ആവശ്യം കീഴ്ക്കോടതിയും ഹൈക്കോടതിയും തള്ളിക്കളഞ്ഞതാണ്.
വിചാരണ കൂടാതെ കേസ് പിന്‍വലിച്ചു പ്രതികളെ കുറ്റവിമുക്തരാക്കാനുള്ള സര്‍ക്കാര്‍ നടപടിക്കെതിരെയാണ് നീങ്ങുന്നത്.

പാര്‍ലമെന്ററി ചരിത്രത്തില്‍ ഇത്രയേറെ കളങ്കമുണ്ടാക്കിയ കേസില്‍ നിയമ സഭയുടെ പരിരക്ഷ വേണം എന്ന വാദം അംഗീകരിച്ചാല്‍ നാട് ഗുരുതര പ്രത്യാഘാതമാണ് നേരിടേണ്ടി വരിക. നിയമ സഭയില്‍ അംഗങ്ങള്‍ തുറന്ന പോരാടിക്കുകയും വെട്ടിനുറുക്കുകയും ചെയ്താല്‍ ഈ പരിരക്ഷ നല്‍കാന്‍ കഴിയുമോ?

നിയമസഭാ സാമാജികര്‍ ഉള്‍പ്പെടുന്ന ക്രിമിനല്‍ കുറ്റങ്ങളില്‍ നിയമനടപടികള്‍ക്ക് സ്പീക്കറുടെ അനുമതി വേണം എന്ന വാദവും അപകടകരമാണ്. അങ്ങനെ സംഭവിച്ചാല്‍ സ്പീക്കര്‍ അംഗീകാരം കൊടുക്കാത്തടുത്തോളം കാലം ഏതു ഹീനകൃത്യത്തില്‍ ഉള്‍പ്പെട്ട എം.എല്‍.എ.മാരേയും അറസ്റ്റ് ചെയ്യാന്‍ വയ്യാത്ത വിശേഷമല്ലേ സൃഷ്ടിക്കുക?

കേസ് പിന്‍വലിക്കാന്‍ ഹര്‍ജി കൊടുക്കാന്‍ അധികാരപ്പെട്ട പബ്ലിക് പ്രോസിക്യൂട്ടര്‍, ഹര്‍ജി തള്ളിയ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ വിസമ്മതിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഹൈക്കോടതി വിധി ചോദ്യം ചെയ്തു സുപ്രീം കോടതിയെ സമീപിക്കാന്‍ സര്‍ക്കാരിന് എന്താണ് അധികാരം?
ഈ കേസില്‍ വിചാരണയാണ് അടിയന്തരമായി ആരംഭിക്കേണ്ടത്. മറിച്ചു കേസ് പിന്‍വലിക്കണം എന്ന ആവശ്യവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണെങ്കില്‍ നിയമപരമായി പ്രതിരോധിക്കാന്‍ ഞാന്‍ എന്നും മുന്നിലുണ്ടാകും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights:  Ramesh Chennithala against govts demand to withdraw assembly ruckus case