തിരുവനന്തപുരം: മൂന്നാറില്‍ കുരിശ് പൊളിച്ച് മാറ്റിയ നടപടിയില്‍ സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സൂര്യനെല്ലിയിലെ പാപ്പാത്തിചോലയില്‍ സ്ഥാപിച്ച കുരിശ് പൊളിച്ച് നീക്കിയത് വന്‍കിട കയ്യേറ്റങ്ങളെ സംരക്ഷിക്കാനാണെന്നാണ് ചെന്നിത്തല പറഞ്ഞത്. പ്രദേശത്ത് 144 പ്രഖ്യാപിച്ചത് അറിഞ്ഞില്ല എന്ന് ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാറില്‍ സി.പി.ഐ.എമ്മിന്റേതുള്‍പ്പെടെയുള്ള കയ്യേറ്റങ്ങള്‍ പൊളിക്കാതെയാണ് കുരിശ് പൊളിക്കല്‍ നാടകം നടത്തിയത്. കുരിശ് പൊളിച്ച് മാറ്റിയ ശേഷം മുഖ്യമന്ത്രി നടത്തുന്ന ധാര്‍മ്മിക രോഷം തികച്ചും കാപട്യമാണ്. വന്‍കിട കയ്യേറ്റങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ നാടകം.
കുരിശ് വിശ്വാസത്തിന്റെ പ്രതീകമാണ്. അത് വഴി ഉണ്ടാകാവുന്ന ജനരോഷത്തിന്റെ മറവില്‍ വന്‍കിട കയ്യേറ്റക്കാരെ സംരക്ഷിക്കാനാണ് സര്‍ക്കാറിന്റെ ശ്രമം. സര്‍ക്കാര്‍ അറിയാതെയാണ് ഇത് നടന്നതെന്ന് പറഞ്ഞ് മുഖ്യമന്ത്രി മുതലക്കണ്ണീര്‍ ഒഴുക്കുന്നത് പരിഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ.എം ഉള്‍പ്പെടെയുള്ളവരുടെ കയ്യേറ്റം ഒഴിപ്പിക്കാതെയാണ് കുരിശ് പൊളിക്കാന്‍ സര്‍ക്കാര്‍ വ്യഗ്രത കാട്ടിയതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെയാണ് കയ്യേറ്റം ഒഴിപ്പിച്ചത്. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച ശേഷമായിരുന്നു ഒഴിപ്പിക്കല്‍. സംഘത്തെ തടയാനായുളള ശ്രമങ്ങള്‍ വഴിയിലുടനീളം നടന്നിരുന്നു. മാര്‍ഗതടസമുണ്ടാക്കാനായി വഴിയില്‍ കൊണ്ടിട്ട വാഹനങ്ങള്‍ ജെ.സി.ബി കൊണ്ട് മാറ്റിയാണ് സംഘം മുന്നോട്ട് നീങ്ങിയത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് പ്രദേശത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കയ്യേറ്റം ഒഴിപ്പിക്കലിനെതിരെ നേരത്തേ സി.പി.ഐ.എം രംഗത്ത് വന്നിരുന്നു.