| Saturday, 27th April 2024, 12:15 pm

മുഖ്യമന്ത്രി അറിയാതെ കൂടിക്കാഴ്ച നടക്കില്ല, രാഷ്ട്രീയം ചർച്ച ചെയ്യാനല്ലെങ്കിൽ പിന്നെന്തിനാണ് ജാവദേക്കറിനെ കണ്ടത്; രമേശ് ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറും ഇ.പി. ജയരാജനും തമ്മില്‍ കൂടിക്കാഴ്ച നടന്ന സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രാഷ്ട്രീയ ചര്‍ച്ചക്കല്ലെങ്കില്‍ പിന്നെന്തിനാണ് കൂടിക്കാഴ്ച നടത്തിയതെന്ന് ചെന്നിത്തല ചോദിച്ചു. ഇത് നിസാരമായി കാണാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘മുഖ്യമന്ത്രി അറിയാതെ ഈ കൂടിക്കാഴ്ച നടക്കില്ല. ഞാന്‍ ജയരാജനെ കുറ്റപ്പെടുത്തില്ല. മുഖ്യമന്ത്രിയുടെ ദൂതനായാണ് ജയരാജന്‍ പ്രവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രിയുമായി ഏറ്റവും അടുത്ത വ്യക്തിയാണ് അദ്ദേഹം. ബി.ജെ.പി, സി.പി.ഐ.എം അന്തര്‍ധാര ഉറപ്പിക്കുന്നതിന് വേണ്ടിയാണ് കൂടിക്കാഴ്ച നടന്നത്,’ ചെന്നിത്തല പറഞ്ഞു.

ബി.ജെ.പിയുമായുള്ള സി.പി.ഐ.എമ്മിന്റെ അന്തർധാര കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തുടങ്ങിയതാണെന്നും അദ്ദേഹം വിമർശിച്ചു. ബി.ജെ.പിയുടെ വോട്ട് വാങ്ങിയാണ് എൽ.ഡി.എഫിന് തുടർഭരണം ലഭിച്ചതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് ദല്ലാള്‍ നന്ദകുമാര്‍ വെളിപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിനും ചെന്നിത്തല മറുപടി നല്‍കി.

സുധാകരന്‍ നല്ലൊരു പോരാളി ആണെന്നും ഒരു ചൂണ്ടയിലും അദ്ദേഹം കൊത്തില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കണ്ണൂരില്‍ അദ്ദേഹം മികച്ച വിജയം നേടുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ഇ.പി. ജയരാജനും പ്രകാശ് ജാവദേക്കറും കൂടിക്കാഴ്ച നടത്തിയെന്ന് ദല്ലാൾ നന്ദകുമാർ ആയിരുന്നു വെളിപ്പെടുത്തിയത്. ഇത് ശരിവെച്ച് കഴിഞ്ഞ ദിവസം ഇ.പി. ജയരാജൻ രം​ഗത്തെത്തിയിരുന്നു. തിരുവന്തപുരത്ത് വെച്ച് ജാവദേക്കറിനെ കണ്ടെങ്കിലും രാഷ്ട്രീയ കാര്യങ്ങൾ ചർച്ച ചെയ്തില്ലെന്നാണ് ഇ.പി. ജയരാജൻ പറഞ്ഞത്.

പ്രസ്താവനക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ഇ.പിയെ തള്ളി രം​ഗത്തെത്തി. ഇത്തരം ആളുകളുമായി ബന്ധം സ്ഥാപിക്കുമ്പോൾ ജയരാജൻ ജാ​ഗ്രത കാണിക്കണമായിരുന്നു എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

Content Highlight: Ramesh Chennithala against ep jayarajan

We use cookies to give you the best possible experience. Learn more