തിരുവനന്തപുരം: പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം. സി.എ.ജി റിപ്പോര്‍ട്ടിന്മേല്‍ എന്‍.ഐ.എ, സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് മുഖ്യമന്ത്രിക്ക് കത്ത് നല്‍കും. കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്കും കത്ത് നല്‍കാന്‍ പ്രതിപക്ഷം ആലോചിക്കുന്നുണ്ട്.
പൊലീസിനുവേണ്ടി ചട്ടവിരുദ്ധമായി വാഹനങ്ങളും കമ്പ്യൂട്ടറുകളും മറ്റും വാങ്ങിയതായുള്ള സി.എ.ജി റിപ്പോര്‍ട്ടില്‍ സി.ബി.ഐ അന്വേഷണം വേണമെന്നാണ് ആവശ്യം. ദേശീയ സുരക്ഷാ ഏജന്‍സിയുടെ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടികാട്ടിയാണ് പ്രതിപക്ഷം മുഖ്യമന്ത്രിക്ക് കത്ത് നല്‍കുന്നത്.
പൊലീസ് സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് പണിയാനുള്ള 2.91 കോടി രൂപ എ.ഡി.ജി.പിമാര്‍ക്ക് വില്ല നിര്‍മ്മിക്കാന്‍ ഡി.ജി.പി വകമാറ്റി ചെലവഴിച്ചു. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങിയത് നിയമവിരുദ്ധമായിട്ടാണ്. അഞ്ച് പൊലീസ് സ്റ്റേഷനുകള്‍ വാഹനങ്ങള്‍ ഇല്ലെന്നിരിക്കെ ചട്ടം ലംഘിച്ച് ആഢംബര കാറുകള്‍ വാങ്ങി, 481 പൊലീസ് സ്റ്റേഷനുകളില്‍ ഒരു ലൈറ്റ് വെയിറ്റ് വാഹനം പോലുമില്ല. 183 പൊലീസ് സ്റ്റേഷനുകളില്‍ രണ്ട് വാഹനങ്ങള്‍ ആവശ്യമുള്ള സ്ഥലങ്ങളില്‍ ഒരു വാഹനം മാത്രമേയുള്ളൂ ഈ സാഹചര്യത്തിലാണ് ചട്ടം ലംഘിച്ച് കാറുകള്‍ വാങ്ങിയിരിക്കുന്നത് തുടങ്ങിയ കാര്യങ്ങളും സി.എ.ജി റിപ്പോര്‍ട്ടിലുണ്ട്.