| Sunday, 29th August 2021, 9:55 am

ഡി.സി.സി അധ്യക്ഷ പട്ടികയില്‍ വേണ്ടത്ര ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കില്‍ ഹൈക്കമാന്റ് ഇടപെടല്‍ കുറക്കാമായിരുന്നു; എതിര്‍പ്പുമായി രമേശ് ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

അമ്പലപ്പുഴ: ഡി.സി.സി അധ്യക്ഷപ്പട്ടിക പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. അധ്യക്ഷന്മാരെ തീരുമാനിച്ചതില്‍ ആവശ്യമായ ചര്‍ച്ചകള്‍ നടന്നില്ലെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.

ഡി.സി.സി അധ്യക്ഷസ്ഥാനവുമായി ബന്ധപ്പെട്ട് കുറച്ചുകൂടി വിശദമായ ചര്‍ച്ചകള്‍ സംസ്ഥാന തലത്തില്‍ നടക്കേണ്ടതായിരുന്നു എന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്.

ഡി.സി.സി അധ്യക്ഷന്മാരെ തീരുമാനിക്കുന്നതില്‍ ഹൈക്കമാന്റിന്റെ ഇടപെടല്‍ കുറക്കമായിരുന്നു. സംസ്ഥാന തലത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. അത്തരം ചര്‍ച്ചകള്‍ നേരത്തെ നടന്നിരുന്നെങ്കില്‍ ഹൈക്കമാന്റിന്റെ ഇടപെടല്‍ ഒഴിവാക്കാന്‍ കഴിയുമായിരുന്നെന്നും ചെന്നിത്തല പറഞ്ഞു.

വിഷയത്തില്‍ ഇടപെട്ട രാഹുല്‍ ഗാന്ധിക്ക് നന്ദി പറഞ്ഞ ചെന്നിത്തല 14 ഡി.സി.സി പ്രസിഡന്റുമാര്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ച് കോണ്‍ഗ്രസിനെ വളര്‍ത്താനാകട്ടെയെന്ന് ആശംസിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.

അഭിപ്രായവ്യത്യാസങ്ങളുണ്ടാകാമെങ്കിലും പാര്‍ട്ടി ഹൈക്കമാന്റിന്റെ തീരുമാനത്തെ അംഗീകരിക്കുക എന്നതാണ് കോണ്‍ഗ്രസ് കീഴ് വഴക്കമെന്നും അതുകൊണ്ട് പട്ടിക അംഗീകരിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഏറെ നാളത്തെ പ്രതിസന്ധികള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും വിരാമമിട്ട് കേരളത്തിലെ ഡി.സി.സി പ്രസിഡന്റുമാരുടെ പട്ടിക കഴിഞ്ഞ ദിവസമാണ് ഔദ്യോഗികമായി കോണ്‍ഗ്രസ് പുറത്തുവിട്ടത്.

അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി വാര്‍ത്താ കുറിപ്പിലൂടെയാണ് ഡി.സി.സി പ്രസിഡന്റുമാരുടെ പട്ടിക പുറത്തുവിട്ടത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അംഗീകാരം നല്‍കിയ അന്തിമ പട്ടികയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

നേരത്തെ തന്നെ അധ്യക്ഷസ്ഥാനത്തെ ചൊല്ലി ഗ്രൂപ്പ് തര്‍ക്കങ്ങളും മുതിര്‍ന്ന നേതാക്കള്‍ തങ്ങളുടെ അനുയായികളെ സ്ഥാനത്തെത്തിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണങ്ങളും ഉയര്‍ന്നിരുന്നു.

തങ്ങളുടെ ഇഷ്ടക്കാരെ പട്ടികയില്‍ തിരുകി കയറ്റിയെന്ന് ആരോപിച്ച് കെ .പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി. അനില്‍ കുമാര്‍ അടക്കമുള്ള നേതാക്കള്‍ ഭാരവാഹി പട്ടികയ്ക്കെതിരെ രംഗത്ത് വന്നിരുന്നു.

പട്ടിക പുറത്തുവന്നതിന് പിന്നാലെ കെ. സുധാകരന്റെയും വി. ഡി. സതീശന്റെയും ഇഷ്ടക്കാരെയാണ് അധ്യക്ഷ സ്ഥാനത്തേക്ക് നിയോഗിച്ചിരിക്കുന്നതെന്ന ആരോപണങ്ങള്‍ ശക്തമായിരിക്കുകയാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Ramesh Chennithala against  congress’s new DCC Presidents’ list

We use cookies to give you the best possible experience. Learn more