തിരുവനന്തപുരം: തട്ടിപ്പുകള്‍ പിടിക്കപ്പെടുമ്പോഴും ഗത്യന്തരമില്ലാതെ പിന്തിരിയേണ്ടി വരുമ്പോഴും ഉണ്ടാകുന്ന സ്വാഭാവിക അരിശമാണ് മുഖ്യമന്ത്രി പിണറായി വിജയന്റേത് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
മുഖ്യമന്ത്രിയുടെ അരിശം അതിരുവിടുകയാണെന്നും അദ്ദേഹം പറഞ്ഞു. ‘എന്തും ചെയ്യാന്‍ മടിയില്ലാത്ത ചില ദുഷ്ടാത്മാക്കള്‍ ഇവിടെയുണ്ട് ‘ എന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെയായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.
പിണറായി വിജയന് അരിശം വന്ന സംഭവങ്ങള്‍ ഏറെയുണ്ടെന്നും ചെന്നിത്തല പറഞ്ഞു. ബ്രൂവറി -ഡിസ്റ്റിലറി കൊള്ളയായിരുന്നു ആദ്യം സര്‍ക്കാര്‍ ആസൂത്രണം ചെയ്തത്. അത് പ്രതിപക്ഷം പൊളിച്ചടുക്കി. പിന്നീട് കൊവിഡ് ആരംഭിച്ചപ്പോള്‍ സംസ്ഥാനത്തെ ആളുകളുടെ ആരോഗ്യ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിക്ക് വിറ്റു നല്ലൊരു കൊയ്ത്തു നടത്താമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിച്ചത് എന്നും ചെന്നിത്തല ആരോപിച്ചു.
2018ലെ പ്രളയത്തില്‍ പമ്പാ ത്രിവേണിയില്‍ അടിഞ്ഞുകൂടിയ കോടിക്കണക്കിന് രൂപയുടെ മണല്‍ വില്‍ക്കാനുള്ള പദ്ധതിയാണ് പിന്നീട് ആസൂത്രണം ചെയ്തത്. അതും പ്രതിപക്ഷം വെളിയില്‍ കൊണ്ടുവന്നെന്നും അവസാനമാണ് പോകുന്നപോക്കില്‍ ആഴക്കടലിലെ മത്സ്യസമ്പത്ത് അമേരിക്കന്‍ കമ്പനിക്ക് കച്ചവടമാക്കാനുള്ള പദ്ധതി തയ്യാറാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.
കള്ളം കയ്യോടെ പിടിക്കപ്പെടുമ്പോള്‍ ഗൂഢാലോചനാ സിദ്ധാന്തവുമായി മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ഇറങ്ങുന്നത് ആദ്യമായിട്ടല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഫിഷറീസ് വകുപ്പിന്റെ ചുമതലയുള്ള മന്ത്രി മേഴ്‌സികുട്ടിയമ്മ ഇ.എം.സി.സി കരാറുമായി ബന്ധപ്പെട്ട ഫയല്‍ രണ്ട് തവണ കണ്ടിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തന്നോട് ഈക്കാര്യം പറഞ്ഞത് ഐശ്വര്യ കേരളയാത്രയുടെ ഭാഗമായി നടന്ന ലിസണിങ് പ്രോഗ്രാമില്‍ ആലപ്പുഴയില്‍ വെച്ച് സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂണിയന്റെ സംസ്ഥാന പ്രസിഡന്റ് ജാക്‌സണ്‍ പൊള്ളയിലാണെന്നും അദ്ദേഹം പറഞ്ഞു.
രമേശ് ചെന്നിത്തലയുടെ പ്രസ്താവന പൂര്‍ണരൂപം,
മുഖ്യമന്ത്രിയുടെ അരിശം അതിരുവിടുകയാണ്. ‘എന്തും ചെയ്യാന്‍ മടിയില്ലാത്ത ചില ദുഷ്ടാത്മാക്കള്‍ ഇവിടെയുണ്ട് ‘എന്നാണ് പ്രതിപക്ഷത്തിനെതിരെയുള്ള അദ്ദേഹത്തിന്റെ പുതിയ പരാമര്‍ശം.’ ഓരോന്ന് നോക്കി നടക്കുകയല്ലേ , എന്തെങ്കിലും കിട്ടുമോ എന്നറിയാന്‍’ എന്നായിരുന്നു മുന്‍പത്തെ പരാമര്‍ശം. അതായത് സര്‍ക്കാരിന്റെ തട്ടിപ്പ് കണ്ടെത്താനായി പ്രതിപക്ഷം കണ്ണിലെണ്ണയൊഴിച്ച് നടക്കുന്നു എന്ന്. തട്ടിപ്പ് പിടിക്കപ്പെടുമ്പോഴും ഗത്യന്തരമില്ലാതെ പിന്തിരിയേണ്ടി വരുമ്പോഴും ഉണ്ടാകുന്ന സ്വാഭാവിക അരിശം മാത്രമാണ് പിണറായി വിജയന്റേത്.
പിണറായി വിജയന് അരിശം വന്ന സംഭവങ്ങള്‍ ഏറെയുണ്ട്.
ബ്രൂവറി -ഡിസ്റ്റിലറി കൊള്ളയായിരുന്നു ആദ്യം സര്‍ക്കാര്‍ ആസൂത്രണം ചെയ്തത്. അത് പ്രതിപക്ഷം പൊളിച്ചടുക്കി. പിന്നീട് കൊവിഡ് ആരംഭിച്ചപ്പോള്‍ സംസ്ഥാനത്തെ ആളുകളുടെ ആരോഗ്യ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിക്ക് വിറ്റു നല്ലൊരു കൊയ്ത്തു നടത്താമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിച്ചത്. അതും പ്രതിപക്ഷം കണ്ടെത്തി. വലിയ പണം മുടക്കി വക്കീലന്മാരെ വച്ചിട്ടും അതിരഹസ്യമായി അമേരിക്കന്‍ കമ്പനിയുമായി ഉണ്ടാക്കിയ കരാര്‍ റദ്ദാക്കേണ്ടി വന്നു. 2018ലെ പ്രളയത്തില്‍ പമ്പാ ത്രിവേണിയില്‍ അടിഞ്ഞുകൂടിയ കോടിക്കണക്കിന് രൂപയുടെ മണല്‍ വില്‍ക്കാനുള്ള പദ്ധതിയാണ് പിന്നീട് ആസൂത്രണം ചെയ്തത്. അതും പ്രതിപക്ഷം വെളിയില്‍ കൊണ്ടുവന്നു.
ആ തട്ടിപ്പും പൊളിഞ്ഞു.അവസാനമാണ് പോകുന്നപോക്കില്‍ ആഴക്കടലിലെ മത്സ്യസമ്പത്ത് അമേരിക്കന്‍ കമ്പനിക്ക് കച്ചവടമാക്കാനുള്ള പദ്ധതി തയ്യാറാക്കിയത്. അതും പ്രതിപക്ഷം കയ്യോടെ പിടിച്ചു. സ്വാഭാവികമായും മുഖ്യമന്ത്രിക്ക് അരിശം ഉണ്ടാകും. കള്ളം കയ്യോടെ പിടിക്കപ്പെടുമ്പോള്‍ ഗൂഢാലോചനാ സിദ്ധാന്തവുമായി മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ഇറങ്ങുന്നത് ആദ്യമായിട്ടല്ല.
ഒരു കമ്പനി കേരളത്തില്‍ വരുന്നു, ധാരണാപത്രം ഒപ്പിടുന്നു. അതിന്റെ രേഖകള്‍ പ്രതിപക്ഷ നേതാവിന്റെ കയ്യില്‍ കിട്ടുന്നു. എല്ലാം സര്‍ക്കാര്‍ അറിയാതെയാണത്രേ നടന്നത്. മുഖ്യമന്ത്രി മാത്രമല്ല മേഴ്‌സിക്കുട്ടിയമ്മയും, ഇ. പി ജയരാജനും പറയുന്നു അവര്‍ ഒന്നും അറിഞ്ഞിട്ടില്ല.
എന്താണ് യാഥാര്‍ത്ഥ്യമെന്ന് കേരളത്തിലെ മാധ്യമങ്ങള്‍ ഇതിനോടകം വ്യക്തമായി പുറത്തു കൊണ്ടുവന്നിട്ടുണ്ട്. ഫിഷറീസ് വകുപ്പിന്റെ ചുമതലയുള്ള മന്ത്രി മേഴ്‌സികുട്ടിയമ്മ ഇ.എം.സി.സി കരാറുമായി ബന്ധപ്പെട്ട ഫയല്‍ രണ്ട് തവണ കണ്ടിട്ടുണ്ട് എന്ന് രേഖകളില്‍ നിന്നു തന്നെ വ്യക്തമാണ്.
ആഴക്കടല്‍ മത്സ്യബന്ധനത്തിന് ഇ.എം.സി.സി സമര്‍പ്പിച്ച കണ്‍സെപ്റ്റ് നോട്ടിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ 219/B3/2019 എന്ന ഫയല്‍, 2019 ഓഗസ്റ്റ് ഒമ്പതിന് സര്‍ക്കാര്‍ ഓപ്പണ്‍ ചെയ്തു. പലതരത്തിലുള്ള ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്കു ശേഷം 2019 ഓഗസ്റ്റ് 19ന് ഫിഷറീസ് സെക്രട്ടറി ജ്യോതിലാല്‍ ഫയല്‍ മന്ത്രി മേഴ്‌സികുട്ടിയമ്മയ്ക്ക് കൈമാറി. 21ന് മന്ത്രി ആ ഫയല്‍ ഫിഷറീസ് വകുപ്പ് സെക്രട്ടറിക്ക് തിരിച്ചുകൊടുത്തു. 2019 നവംബര്‍ ഒന്നിന് ഫയല്‍ വീണ്ടും ജ്യോതിലാല്‍ മേഴ്‌സികുട്ടിയമ്മയ്ക്ക് നല്‍കി. മന്ത്രി ഫയല്‍ കണ്ടതിനുശേഷം 2019 നവംബര്‍ 18ന് സെക്രട്ടറിക്ക് വീണ്ടും തിരിച്ചു നല്‍കി.
അതായത് കരാറിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഏത് കമ്പനി എന്ത് കമ്പനി എന്ന് പ്രതികരിച്ച ഫിഷറീസ് വകുപ്പ് മന്ത്രി പലവട്ടം ഫയല്‍ കണ്ടിട്ടുണ്ട് എന്നര്‍ത്ഥം.
സര്‍ക്കാരിന് ഒന്നും ഒളിക്കാനില്ലെങ്കില്‍ ഫിഷറീസ് ആന്‍ഡ് പോര്‍ട്‌സ് ഡിപ്പാര്‍ട്‌മെന്റിന്റെ 219/B3/2019 എന്ന ഫയല്‍ പുറത്ത് വിടാമോ എന്ന് മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു. ശംഖുമുഖത്ത് വെച്ച് മുഖ്യമന്ത്രി ഇക്കാര്യത്തില്‍ കള്ളം പറഞ്ഞത് കൊണ്ടാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്. സര്‍ക്കാര്‍ പറയുന്നതെല്ലാം കള്ളമാണെന്ന് ആ ഫയലില്‍ നിന്ന് വ്യക്തമാകും.
ഇ.എം.സി.സിയുമായി ഗൂഢാലോചന നടത്തി ഇങ്ങനെ ഒരു പദ്ധതി കൊണ്ടുവന്ന സര്‍ക്കാരിനെ പ്രതിപക്ഷ നേതാവ് വെട്ടിലാക്കി എന്നാണ് ആരോപണം. അതായത് തങ്ങളുടെ പദ്ധതി ഒന്നു പൊളിച്ചുതരണേ എന്ന് കമ്പനി പ്രതിപക്ഷ നേതാവിനോട് ആവശ്യപ്പെട്ടു എന്ന് ! സാമാന്യബുദ്ധിക്ക് നിരക്കുന്ന നുണകളെങ്കിലും ഈ കുറഞ്ഞ കാലത്തേക്കെങ്കിലും മന്ത്രിമാര്‍ പറയണം.
ഐശ്വര്യ കേരളയാത്രയുടെ ഭാഗമായി വിവിധ ജില്ലകളില്‍ ലിസണിങ് പ്രോഗ്രാം നടന്നിരുന്നു. സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആളുകളുമായിട്ടുള്ള ഒരു സംവാദ പരിപാടിയാണ് ഇത്.
ആലപ്പുഴയില്‍ വെച്ച് ഈ പരിപാടിയില്‍ പങ്കെടുത്ത സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂണിയന്റെ സംസ്ഥാന പ്രസിഡന്റ് ജാക്‌സണ്‍ പൊള്ളയിലാണ് ഇ.എം. സി.സി എന്ന അമേരിക്കന്‍ കമ്പനിയും കേരള സ്റ്റേറ്റ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ ലിമിറ്റഡും തമ്മില്‍ 400 ട്രോളറുകള്‍ ഉണ്ടാക്കാനുള്ള കരാറൊപ്പിട്ടു എന്നും ഇത് തീരപ്രദേശത്തു വലിയ പ്രതിസന്ധി ഉണ്ടാകുമെന്നും അറിയിച്ചത്. അതിനു പിന്നാലെ ഞാന്‍ നടത്തിയ അന്വേഷണത്തിലാണ് സത്യങ്ങള്‍ ഓരോന്നും പുറത്തു വന്നത്.
മത്സ്യത്തൊഴിലാളികളെ വഞ്ചിക്കാനും കേരളത്തിലെ കടല്‍ വില്‍ക്കാനും തീരുമാനിച്ച സര്‍ക്കാരാണിത്. കടല്‍കൊള്ളക്കാരെ പോലെ പെരുമാറിയ ഈ സര്‍ക്കാരിനെതിരേ തീരദേശത്ത് ഉയര്‍ന്നു വരുന്ന രോഷമാണ് അവരെ അലോസരപ്പെടുത്തുന്നത്. ഇടതുമുന്നണി ഇനിയും അധികാരത്തില്‍ വന്നാല്‍ ഇന്ന് കടല്‍ വില്‍ക്കാന്‍ ശ്രമിച്ചവര്‍ നാളെ കേരളത്തെ തന്നെ വില്‍ക്കാന്‍ ഇടയുണ്ട്.
സ്വന്തം സര്‍ക്കാരിന്റെ ഫയല്‍ ഒന്നു പുറത്തുവിട്ടാല്‍ തീരാനുള്ള സംശയം മാത്രമേ കടല്‍കൊള്ള വിഷയത്തില്‍ നിലവിലുള്ളൂ. അതിനു തയ്യാറുണ്ടോ എന്ന് മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു.
#CorruptLDFGovt
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക