| Thursday, 15th April 2021, 4:40 pm

ബന്ധു നിയമന വിവാദത്തില്‍ കെ.ടി ജലീല്‍ മാത്രമല്ല, കൂട്ടുപ്രതിയായ മുഖ്യമന്ത്രിയും രാജിവെയ്ക്കണം: രമേശ് ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ കെ.ടി ജലീല്‍ മാത്രം രാജിവെച്ചതുകൊണ്ട് കാര്യമില്ലെന്നും കൂട്ടുപ്രതിയായ മുഖ്യമന്ത്രിയും രാജിവെയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫേസ്ബുക്കിലൂടെയാണ് പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം.

ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജറായി കെ.ടി ജലീലിന്റെ ഉറ്റബന്ധു കെ.ടി അദീബിനെ നിയമിക്കുന്നതിന് വിദ്യാഭ്യാസ യോഗ്യതയില്‍ ഇളവ് വരുത്തുന്നതിനുള്ള ഫയലില്‍ മന്ത്രിസഭയെ മറികടന്ന് ഒപ്പിട്ടത് മുഖ്യമന്ത്രിയാണ്. യോഗ്യതിയില്‍ മാറ്റം വരുത്തണമെങ്കില്‍ മന്ത്രിസഭയില്‍ തന്നെ വെയ്ക്കണമെന്ന സാമൂഹ്യനീതി വകുപ്പ് സെക്രട്ടറിയുടെ നിര്‍ദ്ദേശം മറികടന്നാണ് ഫയല്‍ കെ.ടി ജലീല്‍ മുഖ്യമന്ത്രിയുടെ മുന്നില്‍ എത്തിച്ച് ഒപ്പിടുവിച്ചെതെന്നും ചെന്നിത്തല പറഞ്ഞു.

‘ഒരുവശത്തു ധാര്‍മ്മികത പ്രസംഗിക്കുകയും മറുവശത്ത് കൂടി ധാര്‍മ്മികതയെ തകിടം മറിക്കാനുള്ള നീക്കം നടത്തുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്.

കെ.ടി ജലീല്‍ മാത്രം രാജിവെച്ചതുകൊണ്ട് കാര്യമില്ല. കൂട്ടുപ്രതിയായ മുഖ്യമന്ത്രിയും രാജിവെയ്ക്കണം. അല്ലാതെ മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ കാവല്‍ മന്ത്രിസഭയുടെ മാത്രം പദവിയുള്ള ഈ സര്‍ക്കാര്‍ പൊതുപണം ധൂര്‍ത്തടിച്ച് കോടതിയില്‍ പോകുന്നത് ശരിയല്ല. ജനാധിപത്യ ബോധവും ധാര്‍മ്മികതയും അല്‍പമെങ്കിലും അവശേഷിച്ചിട്ടുണ്ടെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയനും രാജിവെയ്ക്കണം’, രമേശ് ചെന്നിത്തല പറഞ്ഞു.

നേരത്തെ ബന്ധു നിയമന വിവാദത്തില്‍ കുറ്റക്കാരനെന്നും കെ.ടി ജലീല്‍ മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നുമായിരുന്നു ലോകായുക്തയുടെ വിധി. തുടര്‍ന്ന് കെ.ടി ജലീല്‍ രാജിവെയ്ക്കുകയായിരുന്നു. ലോകായുക്ത ഡിവിഷന്‍ ബെഞ്ചിന്റേതായിരുന്നു വിധി.
ന്യൂനപക്ഷ കോര്‍പറേഷന്റെ ജനറല്‍ മാനേജര്‍ നിയമനവുമായി ബന്ധപ്പെട്ടാണ് വിധി വന്നിരുന്നത്. മന്ത്രിയുടെ ബന്ധുവായ കെ.ടി അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജര്‍ ആയി നിയമിച്ചതാണ് വിവാദത്തിനിടയാക്കിയത്. ബന്ധുവിന് വേണ്ടി യോഗ്യതയില്‍ ഇളവ് വരുത്തി വിജ്ഞാപനം ഇറക്കുകയും അദീബിനെ നിയമിക്കുകയും ചെയ്തുവെന്നതായിരുന്നു പരാതി.

രമേശ് ചെന്നിത്തലയുടെ പോസ്റ്റിന്റെ പൂര്‍ണ രൂപം

ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജറായി കെ.ടി ജലീലിന്റെ ഉറ്റബന്ധു കെ.ടി അദീബിനെ നിയമിക്കുന്നതിന് വിദ്യാഭ്യാസ യോഗ്യതയില്‍ ഇളവ് വരുത്തുന്നതിനുള്ള ഫയലില്‍ മന്ത്രിസഭയെ മറികടന്ന് ഒപ്പിട്ടത് മുഖ്യമന്ത്രി പിണറായി വിജയനാണ്.

2013ല്‍ യു.ഡി.എഫിന്റെ ഭരണകാലത്ത് ധനകാര്യവകുപ്പിന്റെ ഉപദേശ പ്രകാരം മന്ത്രിസഭയാണ് കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥര്‍ക്കുള്ള യോഗ്യത നിശ്ചയിച്ചത്. അതില്‍ മാറ്റം വരുത്തണമെങ്കില്‍ മന്ത്രിസഭയില്‍ തന്നെ വെയ്ക്കണമെന്ന സാമൂഹ്യനീതി വകുപ്പ് സെക്രട്ടറിയുടെ നിര്‍ദ്ദേശം മറികടന്നാണ് ഫയല്‍ കെ.ടി ജലീല്‍ മുഖ്യമന്ത്രിയുടെ മുന്നില്‍ എത്തിച്ച് ഒപ്പിടുവിച്ചത്.

യോഗ്യതയില്‍ മാറ്റം വരുത്തുന്നത് എന്തു കൊണ്ടാണ്? മന്ത്രിസഭയില്‍ വെച്ചാല്‍ ബന്ധുവിനെ നിയമിക്കാന്‍ കഴിയില്ല എന്ന് കരുതിയിട്ടാണോ? ഏതായാലും ഈ നിയമനകാര്യത്തില്‍ കെ.ടി. ജലീലും മുഖ്യമന്ത്രിയും തമ്മില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് വ്യക്തമാണ്. മുഖ്യമന്ത്രിക്കും ഈ വഴിവിട്ട നിയമനത്തില്‍ ഉത്തരവാദിത്തമുണ്ട്.

മുഖ്യമന്ത്രിയെ കുരുക്കില്‍ നിന്ന് രക്ഷപ്പെടുത്താന്‍ എ.ജിയില്‍ നിന്ന് നിയമോപദേശം എഴുതിവാങ്ങി, റിട്ടുമായി ഹൈക്കോടതിയില്‍ പോകാനുള്ള സര്‍ക്കാരിന്റെ നീക്കം അപഹാസ്യമാണ്. ഒരുവശത്തു ധാര്‍മ്മികത പ്രസംഗിക്കുകയും മറുവശത്ത് കൂടി ധാര്‍മ്മികതയെ തകിടം മറിക്കാനുള്ള നീക്കം നടത്തുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്.
കെ.ടി ജലീല്‍ മാത്രം രാജിവെച്ചതുകൊണ്ട് കാര്യമില്ല. കൂട്ടുപ്രതിയായ മുഖ്യമന്ത്രിയും രാജിവെയ്ക്കണം. അല്ലാതെ മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ കാവല്‍ മന്ത്രിസഭയുടെ മാത്രം പദവിയുള്ള ഈ സര്‍ക്കാര്‍ പൊതുപണം ധൂര്‍ത്തടിച്ച് കോടതിയില്‍ പോകുന്നത് ശരിയല്ല. ജനാധിപത്യ ബോധവും ധാര്‍മ്മികതയും അല്പമെങ്കിലും അവശേഷിച്ചിട്ടുണ്ടെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയനും രാജിവെയ്ക്കണം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Ramesh Chennithala against CM Pinarayi Vijayan

Latest Stories

We use cookies to give you the best possible experience. Learn more