| Friday, 22nd May 2020, 1:32 pm

'കള്ളന്‍ പറയും അവസാനം വരെ ഞങ്ങള്‍ പിടിച്ചു നില്‍ക്കും, അതാണ് സര്‍ക്കാരിന്റെ രീതി'; സ്പ്രിംക്‌ളര്‍ വിവാദത്തില്‍ സര്‍ക്കാരിനെതിരെ രമേശ് ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സ്പ്രിംക്ലര്‍ വിവാദത്തില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പ്രിംക്ലറില്‍ പ്രതിപക്ഷ ആരോപണം തെളിഞ്ഞുവെന്നും സര്‍ക്കാരിന്റെത് അവസാനം വരെ പിടിച്ചു നില്‍ക്കാനുള്ള കള്ളന്റെ തന്ത്രമെന്നും ചെന്നിത്തല. കൊവിഡ് രോഗികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്മാറിയതുമായി ബന്ധപ്പെട്ടതുമായാണ് ചെന്നിത്തലയുടെ ആരോപണം.

പ്രതിപക്ഷം ഉന്നയിച്ചിട്ടുള്ള എല്ലാ കാര്യങ്ങളും വസ്തുതാപരമാണെന്ന് തെളിയിക്കുന്ന സത്യവാങ്മൂലമാണ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ചത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയുമെന്ന സിനിമ പോലെയാണ് കാര്യങ്ങള്‍ പോയതെന്നും ചെന്നിത്തല പറഞ്ഞു.

‘പ്രതിപക്ഷം ഉന്നയിച്ചിട്ടുള്ള എല്ലാ കാര്യങ്ങളും വസ്തുതാപരമാണെന്ന് തെളിയിക്കുന്ന സത്യവാങ്മൂലമാണ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ചത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയുമെന്ന സിനിമ പോലെയാണ് കാര്യങ്ങള്‍ പോയത്.

മോഷണം പിടിക്കപ്പെടുമെന്ന് ഘട്ടമായപ്പോള്‍ മോഷണ മുതല്‍ വിഴുങ്ങി. അത് എക്‌സറേയിലൂടെ അത് കണ്ടെത്തുന്നു. അപ്പോള്‍ കള്ളന്‍ പറയും അവസാനം വരെ ഞങ്ങള്‍ പിടിച്ചു നില്‍ക്കും. അതാണ് ഞങ്ങളുടെ രീതിയെന്ന്. ഇതുപോലെയാണ് സര്‍ക്കാര്‍ ഇന്നലെ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിന്റെ അവസ്ഥ. വസ്തുതകള്‍ മനസിലാക്കിയപ്പോള്‍ അവസാനം വരെ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞു പിടിച്ചു നിന്നു. പക്ഷെ രക്ഷയില്ലെന്ന് കണ്ടപ്പോള്‍ തകിടം മറിഞ്ഞു,’ രമേശ് ചെന്നിത്തല പറഞ്ഞു.

ഏപ്രില്‍ 10ാം തീയ്യതിയാണ് പ്രതിപക്ഷം സ്പ്രിംക്ലര്‍ വിഷയം ആദ്യമായി ഉന്നയിച്ചത്. പ്രതിപക്ഷം ഈ വിഷയം ചൂണ്ടിക്കാണിച്ചിരുന്നില്ലെങ്കില്‍ അമേരിക്കന്‍ കമ്പനിയ്ക്കും നിക്ഷിപ്ത താത്പര്യക്കാര്‍ക്കും ഈ കൊവിഡ് 19ന്റെ മറവില്‍ ഒരു ചാകര ഉണ്ടാകുമായിരുന്നെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ ഡാറ്റ സ്പ്രിംക്‌ളര്‍ വിറ്റ് കാശാക്കുമായിരുന്നു. നിഗൂഢമായിട്ടാണ് സ്പ്രിംക്‌ളറുമായുള്ള കരാര്‍ സര്‍ക്കാര്‍ ഉണ്ടാക്കിയത്.

മുഖ്യമന്ത്രിയുടെ വൈകുന്നേരത്തെ പത്ര സമ്മേളനങ്ങളില്‍ ഒരിക്കല്‍ പോലും ഇത് സൂചിപ്പിച്ചിരുന്നില്ലെന്നും ചെയ്തിരുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.

തങ്ങള്‍ ഇക്കാര്യം പുറത്തു കൊണ്ടു വന്നതിന് ശേഷമാണ് സി-ഡിറ്റ് വിഷയത്തിലേക്ക് കടന്നു വരുന്നതെന്നും അതുവരെ സി ഡിറ്റ്, ഐ.ടി മിഷന്‍ എന്നിവയെ മാറ്റിനിര്‍ത്തിയിരിക്കുകയായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

ഹൈക്കോടതിയില്‍ കോണ്‍ഗ്രസ് കേസുകൊടുത്തതിന് ശേഷമാണ് കോടതിയുടെ ഇടക്കാല വിധിയില്‍ ഡാറ്റാ സുരക്ഷിതത്വം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യക്തമായ കാര്യങ്ങള്‍ സര്‍ക്കാര്‍ നല്‍കുകയും ചെയ്തതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഒരു വിധത്തിലുള്ള ചര്‍ച്ചയും സമിതിയും സ്പ്രിംക്‌ളര്‍ വിഷയത്തില്‍ ഉണ്ടായിട്ടില്ലെന്നും കൊവിഡിന്റെ മറവില്‍ പൗരാവകാശങ്ങളെ ധ്വംസിക്കുന്ന ലോകത്തിലെ മറ്റ് ഏകാധിപതികളുടെ പാതയിലാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

സ്പ്രിംക്‌ളറിന്റെ കൈവശം ഉള്ള അഞ്ച് ലക്ഷം ഡാറ്റ നശിപ്പിക്കുമെന്നതിന് എന്താണ് തെളിവെന്നും ചെന്നിത്തല ചോദിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more