ശവപ്പെട്ടി കുംഭകോണം നടത്തിയവരില്‍ നിന്നും അധികമൊന്നും പ്രതിക്ഷിക്കേണ്ട;ബി.ജെ.പിക്ക് രാജ്യസ്‌നേഹം തിരഞ്ഞെടുപ്പില്‍ വോട്ട് നേടാനുള്ള മാര്‍ഗ്ഗം മാത്രമാണെന്നും രമേശ് ചെന്നിത്തല
Kerala
ശവപ്പെട്ടി കുംഭകോണം നടത്തിയവരില്‍ നിന്നും അധികമൊന്നും പ്രതിക്ഷിക്കേണ്ട;ബി.ജെ.പിക്ക് രാജ്യസ്‌നേഹം തിരഞ്ഞെടുപ്പില്‍ വോട്ട് നേടാനുള്ള മാര്‍ഗ്ഗം മാത്രമാണെന്നും രമേശ് ചെന്നിത്തല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 9th October 2017, 10:58 pm

 

തിരുവനന്തപുരം: രാജ്യസ്‌നേഹം തിരഞ്ഞെടുപ്പില്‍ വോട്ട് നേടാനുള്ള മാര്‍ഗ്ഗം മാത്രമായിട്ടാണ് ബി ജെ പി കാണുന്നതെന്നും അരുണാചല്‍പ്രദേശില്‍ അപകടത്തില്‍ മരിച്ച സൈനികരുടെ മൃതദേഹങ്ങളോട് കാട്ടിയ ക്രൂരത ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച സൈനികരുടെ മൃതദേഹങ്ങള്‍ കാര്‍ഡ്ബോര്‍ഡ് പെട്ടിയില്‍ ജന്മനാട്ടിലേക്കു തിരിച്ചയച്ച വാര്‍ത്ത.ലോകത്തോട് വിളിച്ചു പറഞ്ഞ ജനറല്‍ പനാഗിന്റെ വാക്കുകള്‍ ഹൃദയഭേദകമാണ്. കയറുകൊണ്ട് അലസമായി കെട്ടിയ 7 കാര്‍ഡ്‌ബോര്‍ഡ് പെട്ടികളുടെ ചിത്രത്തോടൊപ്പം അദ്ദേഹം എഴുതി ” 7 യുവ ജവാന്മാര്‍ സൂര്യതേജസ്സോടെ നാടിനെ സേവിക്കാന്‍ പുറപ്പെട്ടു, ഇങ്ങനെയാണവര്‍ തിരിച്ചു വന്നത്”. അദ്ദേഹം വ്യക്തമാക്കി

1999 ല്‍ സൈനികരുടെ ശവപ്പെട്ടിയില്‍ പോലും കുംഭകോണം നടത്തിയ പാര്‍ട്ടിയില്‍ നിന്നും അധികമൊന്നും പ്രതീക്ഷിക്കേണ്ടതില്ല എന്നാണ് ഈ സംഭവങ്ങള്‍ തെളിയിക്കുന്നത്. ബി ജെ പി യുടെ കപട രാജ്യസ്‌നേഹത്തെ ഇന്ത്യയിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നെന്നും അഴിമതിയും കപട ദേശീയതയും മുഖമുദ്രയാക്കിയ ബി ജെ പിയെ ജനങ്ങള്‍ ഈ മണ്ണില്‍ നിന്നും തുടച്ചു നീക്കുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു


Also  Read ഇതരസംസ്ഥാന തൊഴിലാളികള്‍ മലയാളികള്‍ക്ക് സഹോദരന്മാരെ പോലെ; കേരളത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കത്തിനെതിരെ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി


കഴിഞ്ഞ ദിവസം അരുണാചല്‍പ്രദേശിലെ തവാങില്‍ സൈനികര്‍ക്കു സാമഗ്രികള്‍ എത്തിച്ചുകൊടുക്കുന്ന സൈനിക ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ട് രണ്ട് പൈലറ്റുമാരും രണ്ട് ജവാന്മാര്‍ക്കും അടക്കം ഏഴ് വ്യോമസേന ഉദ്യോഗസ്ഥര്‍ മരണമടഞ്ഞിരുന്നു. കാര്‍ഡ് ബോര്‍ഡില്‍ പൊതിഞ്ഞ് ഈ മൃതദേഹങ്ങള്‍ കൊണ്ട് വന്നത് വന്‍ പ്രതിഷേധങ്ങള്‍ക്ക് ഇടവരുത്തിയിരുന്നു.