| Monday, 1st February 2021, 11:36 am

മുന്നാക്ക സംവരണത്തില്‍ ലീഗ് ആശങ്ക പ്രകടിപ്പിച്ചതില്‍ എന്താണ് തെറ്റ്?; വിജയരാഘവന്‍ ലീഗിനെ കടന്നാക്രമിക്കുന്നുവെന്ന് ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍ഗോഡ്: മുന്നാക്ക സംവരണവുമായി ബന്ധപ്പെട്ട് മുസ്‌ലിം സമുദായത്തെ കടന്നാക്രമിക്കുന്ന നിലപാടാണ് സി.പി.ഐ.എം സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സാമ്പത്തിക സംവരണം പിന്നോക്ക സമുദായത്തെ ബാധിക്കരുതെന്ന് ലീഗ് പറഞ്ഞതില്‍ എന്താണ് തെറ്റ് എന്നും ചെന്നിത്തല ചോദിച്ചു.

മുന്നോക്ക വിഭാഗത്തിന് പത്ത് ശതമാനം സാമ്പത്തിക സംവരണം നല്‍കിയതില്‍ ലീഗ് സാമുദായിക ധ്രുവീകരണത്തിന് ശ്രമിച്ചുവെന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.

‘മുന്നാക്ക സംവരണ വിഷയത്തില്‍ മുസ്‌ലിം സമുദായത്തെ കടന്നാക്രമിക്കുകയാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. പത്ത് ശതമാനം സംവരണത്തെ യു.ഡി.എഫ് ഒറ്റക്കെട്ടായാണ് സ്വാഗതം ചെയ്തത്. മുസ്‌ലിം പിന്നാക്ക സമുദായത്തെ സംവരണം ബാധക്കരുത് എന്നാണ് ലീഗ് പറഞ്ഞത്. അതില്‍ എന്താണ് തെറ്റ്? ,’ ചെന്നിത്തല ചോദച്ചു.

അവര്‍ക്ക് നഷ്ടമുണ്ടാകരുതെന്ന് മാത്രമേ ലീഗ് പറഞ്ഞുള്ളുവെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പിയും സി.പി.ഐ.എമ്മും തമ്മില്‍ സംസ്ഥാനമാകെ തില്ലങ്കേരി മാതൃകയില്‍ ധാരണ വ്യാപിപ്പിക്കാന്‍ ശ്രമം നടത്തുന്നുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.

‘വര്‍ഗീയതയും കോണ്‍ഗ്രസ് നിലപാടുകളും’ എന്ന തലകെട്ടില്‍ ദേശാഭിമാനി പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് വിജയരാഘവന്‍ സാമ്പത്തിക സംവരണത്തില്‍ ലീഗിന്റെ നിലപാടുകളെ വിമര്‍ശിച്ച് രംഗത്തെത്തിയത്.

മുന്നാക്ക സംവരണം യു.ഡി.എഫിന്റെ നയമായിട്ടുപോലും ഇതിനെതിരെ ഒരക്ഷരം ശബ്ദിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.

‘ സംവരണേതര വിഭാഗങ്ങള്‍ക്ക് പത്ത് ശതമാനം സംവരണമെന്നത് സി.പി.ഐ.എമ്മിന്റെ പ്രഖ്യാപിത നയമാണ്. ഭരണഘടനാ വ്യവസ്ഥയായിരുന്നു അതിനു തടസ്സം.

അടുത്തകാലത്ത് കേന്ദ്ര സര്‍ക്കാര്‍ ഭരണഘടന ഭേദഗതി ചെയ്തു. കേരളത്തില്‍ സംവരണം നടപ്പിലാക്കാന്‍ തീരുമാനിച്ചു. നിലവില്‍ സംവരണം ലഭിക്കുന്ന വിഭാഗങ്ങള്‍ക്ക് ഒരു നഷ്ടവും സംഭവിക്കാത്ത രീതിയിലാണ് ഇതു നടപ്പാക്കുന്നത്. കോണ്‍ഗ്രസും ഈ നയത്തിന് വേണ്ടി നിലകൊള്ളുന്നുവെന്നാണ് നേതാക്കള്‍ പ്രഖ്യാപിച്ചത്.

യു.ഡി.എഫ് പ്രകടനപത്രികയില്‍ അങ്ങനെ വാഗ്ദാനം ചെയ്തിരുന്നുവെന്നുപോലും വിശദീകരിച്ചു. എന്നാല്‍ വര്‍ഗീയ സംഘടനകള്‍ പത്ത് ശതമാനം സാമ്പത്തിക സംവരണത്തിനെതിരെ രംഗത്തിറങ്ങി. മറ്റു സമുദായ സംഘടനകളെ രംഗത്തിറക്കാന്‍ ശ്രമിച്ചു.

അതുവഴി സാമുദായിക ധ്രുവീകരണം കേരളത്തിലുണ്ടാക്കാനാണ് ലീഗ് ശ്രമിച്ചത്. യു.ഡി.എഫിന്റെ നയമായിട്ടു പോലും ഇതിനെതിരെ ഒരക്ഷരം ശബ്ദിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല,”. എന്നുമാണ് വിജയരാഘവന്‍ പറഞ്ഞത്.

തെരഞ്ഞെടുപ്പ് ലാഭത്തിനുവേണ്ടി വര്‍ഗീയ കൂട്ടുകെട്ടുകള്‍ തരാതരംപോലെ രൂപപ്പെടുത്തുന്ന ശൈലിയാണ് കോണ്‍ഗ്രസിനുള്ളതെന്നും വിജയരാഘവന്‍ കുറ്റപ്പെടുത്തി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Ramesh Chennithala against A Vijayaraghavan on attacking Muslim league

Latest Stories

We use cookies to give you the best possible experience. Learn more