കണ്ണൂര്‍: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ ലീഗിനെതിരായ പരാമര്‍ശം പാര്‍ട്ടിക്ക് തിരിച്ചടിയായിക്കഴിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഏഷ്യാനെറ്റ് ന്യൂസിനോട് കണ്ണൂരില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘അത് തിരിച്ചടിയായിക്കഴിഞ്ഞല്ലോ. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിനെ പോലെയുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നേതാവിനെ ഞാനും ഉമ്മന്‍ ചാണ്ടിയും പാണക്കാട് പോയി കണ്ടത് വര്‍ഗീയതയാണ് എന്ന് പറയുന്ന വിലകുറഞ്ഞ രാഷ്ട്രീയം സി.പി.ഐ.എമ്മിന്റെ ഭാഗത്ത് നിന്ന് ഉണ്ടായി. അതിനകത്ത് എന്ത് മതമൗലികവാദമാണ് ഉള്ളത്.
യു.ഡി.എഫിലെ രണ്ടാമത്തെ കക്ഷിയാണ് ലീഗ്. അവരെ തെരഞ്ഞെടുപ്പുമായി കണ്ട് ചര്‍ച്ച ചെയ്യുന്നതില്‍ എന്ത് അപാകതയാണ് ഉള്ളതെന്നും ചെന്നിത്തല ചോദിച്ചു്,’ ചെന്നിത്തല പറഞ്ഞു.
രാഷ്ട്രീയം പറഞ്ഞാലും ഭരണ നേട്ടം പറഞ്ഞാലും വോട്ട് കിട്ടില്ലെന്ന് അവര്‍ക്ക് അറിയാം. നിരണം ഭദ്രസനാധിപന്‍ കൂറിലോസ് തിരുമേനി പറഞ്ഞ പോലെ കേരളത്തില്‍ നിലനില്‍ക്കേണ്ട ഒരു മത സൗഹാര്‍ദ്ദത്തെ തകര്‍ക്കുകയല്ലെ അവര്‍ എന്നും ചെന്നിത്തല ചോദിച്ചു.
മുന്നാക്ക സംവരണവുമായി ബന്ധപ്പെട്ട് മുസ്ലിം സമുദായത്തെ കടന്നാക്രമിക്കുന്ന നിലപാടാണ് സി.പി.ഐ.എം സ്വീകരിക്കുന്നതെന്ന് കഴിഞ്ഞ ദിവസം ചെന്നിത്തല പ്രതികരിച്ചിരുന്നു.
മുന്നോക്ക വിഭാഗത്തിന് പത്ത് ശതമാനം സാമ്പത്തിക സംവരണം നല്‍കിയതില്‍ ലീഗ് സാമുദായിക ധ്രുവീകരണത്തിന് ശ്രമിച്ചുവെന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.
‘വര്‍ഗീയതയും കോണ്‍ഗ്രസ് നിലപാടുകളും’ എന്ന തലകെട്ടില്‍ ദേശാഭിമാനി പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് വിജയരാഘവന്‍ സാമ്പത്തിക സംവരണത്തില്‍ ലീഗിന്റെ നിലപാടുകളെ വിമര്‍ശിച്ച് രംഗത്തെത്തിയത്.