| Wednesday, 15th April 2020, 12:28 pm

സ്പ്രിംഗ്‌ളര്‍, ഡാറ്റാ തട്ടിപ്പുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ കേസ് നേരിടുന്ന കമ്പനി; സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി വീണ്ടും പ്രതിപക്ഷ നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സ്പ്രിംഗ്‌ളര്‍ കരാറില്‍ സര്‍ക്കാരിനെതിരെ വീണ്ടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അമേരിക്കയില്‍ ഡാറ്റാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് രണ്ട് വര്‍ഷമായി കേസ് നേരിടുന്ന കമ്പനിയാണ് സ്പ്രിംഗ്‌ളറെന്ന് ചെന്നിത്തല ആരോപിച്ചു.

’50 മില്യണ്‍ ആവശ്യപ്പെട്ടുകൊണ്ട് അവരുടെ പാര്‍ട്ണറായ മറ്റൊരു കമ്പനി 2 വര്‍ഷമായി അമേരിക്കയില്‍ കേസ് നടത്തുന്നു ഇവര്‍ക്കെതിരെ. ഡാറ്റാ തട്ടിപ്പാണ് ഇവര്‍ക്കെതിരെ ഉന്നയിക്കുന്ന ആരോപണം. അതീവഗൗരവതരമായ പ്രശ്‌നമാണിത്’, ചെന്നിത്തല പറഞ്ഞു.

കരാര്‍ വിവാദമായപ്പോള്‍ ഐ.ടി ലെവല്‍ ഉദ്യോഗസ്ഥന്‍ യു.ആര്‍.എല്‍ മാറ്റി. എന്നാല്‍ തിരുത്ത് വന്നെങ്കിലും ഇതുവരെ തദ്ദേശസ്വയംഭരണ വകുപ്പില്‍ നിന്ന് ഇത് സംബന്ധിച്ച ഉത്തരവ് വന്നില്ല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മാറ്റം വന്നാലും രേഖകള്‍ പോകുന്നത് സ്പ്രിംഗ്‌ളറിന്റെ വെബ്‌സൈറ്റിലേക്കാണെന്നും അദ്ദേഹം ആരോപിച്ചു. രേഖകള്‍ പരിശോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് താന്‍ കത്ത് നല്‍കിയെങ്കിലും മറുപടി ലഭിച്ചില്ലെന്നും ചെന്നിത്തല പറഞ്ഞു.

സ്പ്രിംഗ്‌ളര്‍ പ്രളയകാലത്ത് പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്ന് ആര്‍ക്കുമറിയില്ല. കേരളത്തിന്റെ 80 വര്‍ഷത്തെ ആരോഗ്യരംഗത്തെ നേട്ടം ഈ കമ്പനിയ്ക്ക് നല്‍കിയിരിക്കുകയാണ്.

റേഷന്‍ കാര്‍ഡുടമകളായ 87 ലക്ഷം പേരുടെ ഡാറ്റാ ഇവര്‍ക്ക് പോയിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇതൊരു വലിയ അഴിമതിയാണെന്നും അദ്ദേഹം പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മുഖ്യമന്ത്രി പറഞ്ഞത് ഇവര്‍ സൗജന്യമായാണ് പ്രവര്‍ത്തിക്കുന്നതെന്നാണ്. എന്നാല്‍ കൊവിഡ് 19 ന് ശേഷം ഫീസ് സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനിക്കാമെന്ന് കരാറിലുണ്ട്. മുഖ്യമന്ത്രിയുടെ ഈ വാദം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more