'സര്‍ക്കാരിന് അന്തസുണ്ടെങ്കില്‍ സ്പ്രിങ്ക്‌ളര്‍ കരാര്‍ റദ്ദാക്കണം, കോടതി ഇടക്കാല ഉത്തരവിനെ സ്വാഗതം ചെയ്യുന്നു'; രമേശ് ചെന്നിത്തല
Kerala News
'സര്‍ക്കാരിന് അന്തസുണ്ടെങ്കില്‍ സ്പ്രിങ്ക്‌ളര്‍ കരാര്‍ റദ്ദാക്കണം, കോടതി ഇടക്കാല ഉത്തരവിനെ സ്വാഗതം ചെയ്യുന്നു'; രമേശ് ചെന്നിത്തല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 24th April 2020, 5:28 pm

തിരുവനന്തപുരം: സര്‍ക്കാരിന് അന്തസുണ്ടെങ്കില്‍ അമേരിക്കല്‍ കമ്പനിയായ സ്പ്രിങ്ക്‌ളര്‍ കരാര്‍ റദ്ദാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹൈക്കോടതി ഇടക്കാല ഉത്തരവിനെ പ്രതിപക്ഷം സ്വാഗതം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇടക്കാല ഉത്തരവിന്റെ പശ്ചാലത്തലത്തില്‍ സ്പ്രിങ്ക്‌ളര്‍ കരാര്‍ റദ്ദക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഇടക്കാല ഉത്തരവിലൂടെ പ്രതിപക്ഷം ഉന്നയിച്ച 99 ശതമാനം കാര്യങ്ങള്‍ക്കും പരിഹാരമായെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഡാറ്റ സുരക്ഷ, വ്യക്തിയുടെ അനുമതി എന്നീ ആശങ്കകള്‍ കോടതി അംഗീകരിച്ചിരിക്കുകയാണ്. കോടതിയുടെ പരാമര്‍ശങ്ങളില്‍ അസന്തുഷ്ടി നിലനില്‍ക്കുന്നുവെന്ന് വ്യക്തമാണ്. കൊവിഡിന്റെ മറവില്‍ ഡാറ്റ അഴിമതി നടത്താനുള്ള ശ്രമം നടപ്പാവില്ലെന്നും ചെന്നിത്തല പറഞ്ഞു.

കരാറില്‍ വിവര സംരക്ഷണത്തിന് പ്രഥമ പരിഗണന നല്‍കണമെന്ന് വ്യക്തമാക്കിയ ഹൈക്കോടതി ആരോപണ വിധേയമായ കരാര്‍ പ്രകാരം കേരള സര്‍ക്കാര്‍ ഏല്‍പ്പിച്ച ഡാറ്റയുടെ രഹസ്യ സ്വഭാവം ലംഘിക്കുന്ന ഒരു തരത്തിലുള്ള പ്രവൃത്തിയും സ്പ്രിംക്ലറിന്റെ ഭാ?ഗത്ത് നിന്ന് ഉണ്ടാകാന്‍ പാടില്ലെന്ന് നിര്‍ദേശിച്ചു.

സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന നടപടികളിലേക്ക് ഇപ്പോള്‍ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി കൊവിഡിന് ശേഷം ഡാറ്റ ചോര്‍ച്ച ഉണ്ടാകാന്‍ പാടില്ലെന്ന് ഉറപ്പുവരുത്തണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

 ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.