| Wednesday, 10th February 2021, 4:09 pm

അനധികൃത നിയമനം; ഉദ്യോഗാര്‍ത്ഥികളുടേത് ജീവിക്കാന്‍ വേണ്ടിയുളള സമരം: ശബരിമലയില്‍ ഒരു രാഷ്ട്രീയമുതലെടുപ്പും ആഗ്രഹിക്കുന്നില്ലെന്നും ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: സംസ്ഥാനത്ത് ഒരു കാലത്തുമില്ലാത്ത നിലയില്‍ അനധികൃതനിയമനങ്ങള്‍ നടക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പരമാവധി ആളുകളെ തിരുകിക്കയറ്റുക എന്നതാണ് ഈ സര്‍ക്കാരിന്റെ നയമെന്നും എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് വന്ന സര്‍ക്കാരാണിതെന്നും ചെന്നിത്തല പറഞ്ഞു.

ദല്‍ഹിയിലെ കേരള ഹൗസില്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തി എന്നൊരു വ്യാജവാര്‍ത്ത കഴിഞ്ഞ ദിവസം വരികയുണ്ടായി. അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.എസ് അച്യുതാനന്ദന്റെ കത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇത് ചെയ്തത്.

ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെയാണ് സ്ഥിരപ്പെടുത്തിയത്. കേരള ഹൗസിലെ ലാസ്റ്റ് ഗ്രേഡ് നിയമനങ്ങള്‍ പി.എസ്.സിക്കു വിട്ടവയല്ല. റൂംബോയ്, തൂപ്പുകാര്‍, ഡ്രൈവര്‍, കുക്ക്, ഗാര്‍ഡ്നര്‍ തുടങ്ങിയ താഴ്ന്ന വിഭാഗം തസ്തികളില്‍ ദല്‍ഹിയിലുള്ളവരെയാണ് നിയമിച്ചത്. കേരളത്തില്‍ നിന്ന് ഇതിനായി ജീവനക്കാരെ എത്തിക്കാനാവില്ല. ലോക്കല്‍ റിക്രൂട്ട്മെന്റ് ആയതിനാല്‍ ഹിന്ദിക്കാരുമുണ്ട്. കേരളം രൂപപ്പെട്ടതു മുതല്‍ ലോക്കല്‍ റിക്രൂട്ട്‌മെന്റാണ് ലാസ്റ്റ് ഗ്രേഡ് തസ്തികയില്‍ കേരള ഹൗസില്‍ നടന്നിട്ടുള്ളത്. അതും ഇപ്പോഴത്തെ കൂട്ട സ്ഥരിപ്പെടുത്തലും പിന്‍വാതില്‍ നിയമനങ്ങളും തമ്മില്‍ താരതമ്യം ചെയ്യാനാവില്ലെന്നും ചെന്നിത്തല പറഞ്ഞു.

2016 ലെ ഇടതുമുന്നണി പ്രകടനപത്രികിയില്‍ എഴുതിവച്ചിരിക്കുന്നത് ഇതാണ്: ‘കേരളത്തിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെ അടിമുടി പുനസംഘടിപ്പിക്കും. എല്ലാത്തരം തൊഴിലവസരങ്ങളെയും ( സ്വകാര്യമേഖല ഉള്‍പ്പെടെ)വിദ്യാഭ്യാസ അവസരങ്ങളെയും ഏകോപിപ്പിക്കുന്ന കരുത്തുറ്റ സംവിധാനമായി എംപ്ലോയ്മെന്റ് എക്സേഞ്ചുകളെ മാറ്റും’

‘അപ്രഖ്യാപിത നിയമന നിരോധനം പിന്‍വലിക്കും. തസ്തികകള്‍ വെട്ടിക്കുറയ്ക്കുന്ന രീതി അവസാനിപ്പിക്കും. അഡൈ്വസ് മെമ്മോ ലഭിച്ച് 90 ദിവസത്തിനകം നിയമനഉത്തരവ് ലഭിക്കുമെന്ന് ഉറപ്പുവരുത്തും. ഓരോ വകുപ്പുകളിലും ഉണ്ടാകുന്ന ഒഴിവുകള്‍ പത്തുദിവസത്തിനകം പിഎസ്. സിയെ അറിയിക്കുമെന്ന് ഉറപ്പുവരുത്തും. ഇതെല്ലാം പ്രകടന പത്രികയില്‍ പറഞ്ഞയാളുകളാണ് എംപ്‌ളോയ്‌മെന്റ് എക്‌സേഞ്ചിനെ നോക്കുകുത്തിയാക്കി ഈ അനധികൃത നിയമനങ്ങള്‍ നടിത്തിക്കൊണ്ടിരിക്കുന്നത്.

ഈ സര്‍ക്കാര്‍ വന്നതിന് ശേഷം താത്ക്കാലികമായി സര്‍ക്കാരില്‍ മാത്രം ഒന്നര ലക്ഷം ആളുകളെ നിയമിച്ചു. മറ്റ് പൊതുമേഖലാ സ്ഥാപനങ്ങള്‍ അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഓട്ടോണമസ് ബോഡികള്‍ എന്നിവയിലെല്ലാം ഉള്‍പ്പെടെ മൂന്ന് ലക്ഷത്തിലധികം പേരെയാണ് ഈ സര്‍ക്കാര്‍ പിന്‍വാതിലിലൂടെ അനധികൃതമായി നിയമിച്ചത്.

സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന തൊഴില്‍ രഹിതരെ സര്‍ക്കാര്‍ ഇപ്പോള്‍ ശത്രുക്കളായി കാണുകയാണ്. യു.ഡി.എഫ് ആണോ അവരോ ഇളക്കി വിട്ടത്? ഒരു മാര്‍ഗവുമില്ലാതെ എല്ലാ വാതിലുകളും അടഞ്ഞപ്പോഴാണ് അവര്‍ സമരരംഗത്തെത്തിയത്.

പൊലീസിലെ റാങ്ക് ലിസ്റ്റ് തന്നെ എടുക്കുക. യൂണിവേഴ്‌സിറ്റി കോളജിലെ കുത്തു കേസിലെ പ്രതികളായ എസ്.എഫ്.ഐ നേതാക്കള്‍ കൃത്രിമമായി ഈ ലിസ്റ്റില്‍ ഉയര്‍ന്ന റാങ്കുകള്‍ കരസ്ഥമാക്കി. അതിനെതിരെ ശക്തമായി ആരോപണം ഉയരുകയും പ്രതിപക്ഷം അത് വലിയ വിഷയമാക്കി മാറ്റുകയും ചെയത്‌പ്പോഴാണ് ആ റാങ്ക് ലിസ്റ്റില്‍ നിന്നുള്ള നിയമനം നിര്‍ത്തി വച്ചത്. പിന്നീട് കൊവിഡ് വന്നു. അതോടെ നിയമനം മരവിച്ചു. അപ്പോള്‍ പൊലീസ് റാങ്ക് ലിസ്റ്റില്‍ പെട്ടവരുടെ കുറ്റം കൊണ്ടാണോ ലിസ്റ്റില്‍ നിന്നുളള നിയമനം നടക്കാത്തത്?

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം നടത്താതെ ക്രൂരതകാട്ടിയ ഒരു സര്‍ക്കാരിനെിരായി റാങ്ക് ഹോള്‍ഡേഴ്‌സ് സമരം ചെയ്യുമ്പോള്‍ അത് രാഷ്ട്രീയ പ്രേരിതമാണ് എന്ന് പറഞ്ഞ് ആ സമരത്തെ അടിച്ചമര്‍ത്താനുള്ള നീക്കം ശരിയല്ല. ജീവിക്കാന്‍ വേണ്ടിയുളള സമരമാണത്. അതിനെ ധനമന്ത്രിയും മുഖ്യമന്ത്രിയും ആക്ഷേപിക്കുന്നത് ശരിയല്ല.

പി.എസ്.സി ലിസ്റ്റുകളുടെ കാലാവധി നീട്ടണം. പരമാവധി റാങ്ക് ലിസ്റ്റില്‍ പെട്ടവര്‍ക്ക് ജോലി ലഭിക്കാനുള്ള നടപടിയുണ്ടാകണം. ഇന്ന് രണ്ടായിരത്തി അഞ്ഞൂറിലേറെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള ഫയലുകള്‍ ക്യാബിനറ്റിന്റെ മുന്‍പാകെ വന്നിട്ടുണ്ടെന്നാണ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അത് ശരിയാണെങ്കില്‍ ആ നടപടി നിര്‍ത്തി വയ്ക്കണമെന്നും ചെന്നിത്തല പറഞ്ഞു.

അതേപോലെ ശബരിമലയുടെ കാര്യത്തില്‍ ഒരു തരത്തിലുള്ള രാഷ്ട്രീയ മുതലെടുപ്പും യു.ഡി.എഫ് ആഗ്രഹിക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. ഞങ്ങള്‍ ഇതിനെ ഒരു വിശ്വാസ പ്രശ്‌നമായിട്ടെ കാണുന്നുള്ളു.

യു.ഡി.എഫ് ഒന്നും ചെയ്തിട്ടില്ലെന്ന് പറയുന്നത് ശരിയല്ല. ശബരിമലിയില്‍ യുവതീ പ്രവേശനമാകാം എന്ന് പറഞ്ഞു അച്യുതാനന്ദന്‍ സര്‍ക്കാര്‍ കൊടുത്ത അഫിഡവിറ്റ് പിന്‍വലിച്ചത് ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ്. വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്താതിരിക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൊടുത്തതാണ് ആ അഫിഡവിറ്റ്.

അത് പിന്‍വലിച്ച് ഈ സര്‍ക്കാര്‍ പുതിയ അഫിഡവിറ്റ് കൊടുത്തതാണ് സുപ്രിം കോടതി വിധിയ്ക്ക് കാരണം. വിശ്വാസികളെ വഞ്ചിച്ച സര്‍ക്കാരാണ് പിണറായി സര്‍ക്കാര്‍. വിശ്വാസ സമൂഹത്തോട് സര്‍ക്കാര്‍ ചെയ്തത് വലിയൊരു തെറ്റായി നില്‍ക്കുകയാണ്. വിശ്വാസങ്ങളെ ചവിട്ടിമെതിച്ച് വിശ്വാസികളുടെ വികാരങ്ങളെ ഇനിയും വ്രണപ്പെടുത്താതിരിക്കാനാണ് ഞങ്ങള്‍ സര്‍ക്കാരിനെ താക്കീത് ചെയ്യുന്നത്.

സി.പി.ഐ.എം കള്ളക്കളി അവസാനിപ്പിക്കണം. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ ആരോടൊപ്പമാണ് എന്ന് വ്യക്തമാക്കണം. ഭക്തജനങ്ങളോടൊപ്പമാണോ അതോ തെറ്റായ പഴയ നിലപാടില്‍ തന്നെയാണോ? ഇന്നലെ എം.എ ബേബി രാവിലെ പറഞ്ഞതല്ല വൈകീട്ട് പറഞ്ഞത്. പഴയ നിലപാടില്‍ തന്നെ സര്‍ക്കാര്‍ ഉറച്ച് നില്‍ക്കുകയാണോ? പാര്‍ട്ടിയില്‍ നിന്നുള്ള ശാസന വന്നത് കൊണ്ടല്ലേ എം.എ ബേബി മലക്കം മറിഞ്ഞത്.

ശബരിമല വിഷയത്തില്‍ ഞങ്ങള്‍ ഒന്നും ചെയ്തില്ല എന്ന വാദം ശരിയില്ല. കോവളം എം.എല്‍.എ എം. വിന്‍സന്റ് ശബരിമലയിലെ ആചാര സംരക്ഷണത്തിന് അനൗദ്യോഗിക ബില്ല് കൊണ്ടു വന്നതാണ്. പ്രതിപക്ഷ നേതാവെന്ന നിലയില്‍ എന്റെ നിര്‍ദ്ദേശമനുസരിച്ചാണ് അത് കൊണ്ടു വന്നത്. പക്ഷേ നിയമ വകുപ്പ് എതിര്‍ക്കുന്നുവെന്ന് പറഞ്ഞ് സ്പീക്കര്‍ ഇതിന് അനുമതി നല്‍കിയില്ല.

ലോക്‌സഭയില്‍ യു.ഡി.എഫ് എം.പി എന്‍.കെ പ്രേമചന്ദ്രന്‍ ഇതുമായി ബന്ധപ്പെട്ട് ബില്ലവതിരിപ്പിച്ചു. അതിനെ എതിര്‍ത്തത് കേന്ദ്ര സര്‍ക്കാരാണ്. കേന്ദ്ര സര്‍ക്കാരും കേരളാ സര്‍ക്കാരുമാണ് പ്രതിപക്ഷം പാര്‍ലമെന്റിലും അസംബ്ലിയിലും അവതരിപ്പിച്ച ബില്ലിനെ തടസപ്പെടുത്തിയത്. യു.ഡി.എഫ് അധികാരത്തില്‍ വരുമ്പോള്‍ നിയമം പാസ്സാക്കും. അതില്‍ ഉറച്ചു നില്‍ക്കുന്നെന്നും ചെന്നിത്തല പറഞ്ഞു.

സുപ്രിം കോടതിവിധി വന്നപ്പോള്‍ മുന്‍കാല ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരെ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ഞാന്‍ വിളിച്ചു കൂട്ടിയിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അനുവാദത്തോട് കൂടെയാണ് മുന്‍ ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ സുപ്രിം കോടതിയില്‍ ഈവിഷയത്തില്‍ റിട്ട് ഹരജി കൊടുത്തത്. ഇതെല്ലാം യു.ഡി.എഫ് ആണ് ചെയ്തത്. പ്രതിപക്ഷത്തിരിക്കുമ്പോള്‍ ഇത്രയൊക്കെയല്ലാതെ എന്താണ് ചെയ്യാന്‍ കഴിയുക? ഒന്നും ചെയ്തില്ലെന്ന് പറയുന്നത് തെറ്റിദ്ധാരണ കൊണ്ടാകാം.

ഇപ്പോള്‍ എല്ലാ റിക്രൂട്ട്മന്റും നടത്തുന്നത് സരിതാ നായരാണ്. ഇടതു ഭരണകാലത്ത് പി.എസ്.എസിയും എംപ്‌ളോയ്‌മെന്റ് എക്സചേഞ്ചും എല്ലാം സരിത തന്നെയാണ് എന്നാണ് വ്യക്തമാകുന്നത്. ഇപ്പോള്‍ അവരെയാണ് ഇതിന്റെ ചുമതല സര്‍ക്കാര്‍ ഏല്‍പ്പിച്ചിരിക്കുന്നത്. സി.പി.ഐഎമ്മിന് പാര്‍ട്ടി ഫണ്ട് കളക്റ്റ് ചെയ്യുന്നത് പോലും അവരാണ് എന്നത് അത്ഭുതപ്പെടുത്തുന്നെന്നും ചെന്നിത്തല പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Ramesh Chennithala About PSC posting and Sabarimala

We use cookies to give you the best possible experience. Learn more