തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ഗ്രോവാസു അടക്കമുള്ളവര്‍ക്കെതിരെ യു.എ.പി.എ ചുമത്താന്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നതായി രമേശ് ചെന്നിത്തല.
എന്നാല്‍ അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന താന്‍ പൊലീസിന്റെ ആവശ്യം അനുവദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
അലന്റെയും താഹയുടെയും മോചനം ആവശ്യപ്പെട്ട് തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍ നടന്ന സാംസ്‌കാരിക പ്രതിരോധത്തിലായിരുന്നു ചെന്നിത്തലയുടെ വെളിപ്പെടുത്തല്‍.
” ഗ്രോ വാസു അടക്കമുളളവര്‍ മാവോവാദി പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് യോഗങ്ങള്‍ നടത്തിയിട്ടുണ്ട്. അതിന് യു.എ.പി.എ ചുമത്താനാകില്ല. ധിക്കാരവും അഹങ്കാരവുമുളള മുഖ്യമന്ത്രി അലന്റെയും താഹയുടെയും പേരില്‍ യു.എ.പി.എ ചുമത്തിയതിനാലാണ് എന്‍.ഐ.എ കേസ് ഏറ്റെടുത്തത്. യു.എ.പി.എ ചുമത്തിയതിന് മുഖ്യമന്ത്രി നിയമസഭയില്‍ തെളിവ് വ്യക്തമാക്കിയിട്ടില്ല. ഏതെങ്കിലും ആക്ഷനില്‍ അലനും താഹയും പങ്കെടുത്തതായി പൊലീസ് പറയുന്നില്ല. മാവോവാദി ലഘുലേഖ കൈവശം വെച്ചതിന്റെ പേരില്‍ യു.എ.പി.എ ചുമത്തിയത് അംഗീകരിക്കാനാവില്ല. ഇതൊരു മനുഷ്യാവകാശ പ്രശ്നമാണ്. ഇതേ അഭിപ്രായമാണ് കാനം രാജേന്ദ്രനും പറഞ്ഞത്” രമേശ് ചെന്നിത്തല പറഞ്ഞു.
ഏഴ് മാവോവാദികളെയാണ് ഈ സര്‍ക്കാര്‍ വെടിവെച്ച് കൊന്നതെന്നും കേരളത്തിന്റെ ചരിത്രത്തില്‍ ഇങ്ങനൊരു സംഭവം ഉണ്ടായിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
താന്‍ ആഭ്യന്തര മന്ത്രിയായിരിക്കുമ്പോഴാണ് കോയമ്പത്തൂരില്‍ വെച്ച് രൂപേഷിനെയും ഷൈനയെയും പിടിച്ചതെന്നും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്നെന്നും അതേസമയം, അട്ടപ്പാടിയില്‍ കീഴടങ്ങാന്‍ തയ്യാറായ മണിവാസകം അടക്കം നാലുപേരെ വെടിവെച്ച് കൊന്നത് എങ്ങനെ അംഗീകരിക്കാന്‍ കഴിയുമെന്നും അദ്ദേഹം ചോദിച്ചു. വയനാട്ടില്‍ ജലീലിനെ മുതുകത്ത് വെടിവെച്ചാണ് കൊന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അലനേയും താഹയേയും യു.എ.പി.എ ചുമത്തി അറസ്റ്റു ചെയ്ത സംഭവത്തില്‍ സക്കറിയയും സി.പി.ഐ.എമ്മിനെ വിമര്‍ശിച്ചിരുന്നു.
അലന്റെയും താഹയുടെയും പേരില്‍ യു.എ.പി.എ ചുമത്തി ജയിലിലടച്ചതുപോലെ ചെറുപ്പക്കാര്‍ക്ക് നേരെ ഇത്തരം കിരാതമായ ആക്രമണം കഴിഞ്ഞ 10-40 വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ ഉണ്ടായിട്ടില്ലെന്ന് സക്കറിയ പറഞ്ഞിരുന്നു.
സി.പി.ഐ.എമ്മിന്റെ കൂടെ ഉറച്ചു നിന്ന മതേതര കുടുംബത്തിലെ കുട്ടികളെയാണ് ഇടതുസര്‍ക്കാര്‍ ജയിലിലടച്ചതെന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്നും കൊലക്കുറ്റത്തിന് ജയിലില്‍ കിടക്കുന്ന സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് എല്ലാ സഹായവും ചെയ്തുകൊടുക്കുന്ന സി.പി.ഐ.എം അലനേയും താഹയേയും തള്ളിപ്പറഞ്ഞു എന്നത് അതിശയകരമാണെന്നും അദ്ദേഹം പറഞ്ഞു.