| Monday, 3rd August 2020, 9:29 am

23 വര്‍ഷം മുന്‍പ് മരിച്ചുപോയ ഗാന്ധിയനായ എന്റെ അച്ഛനെ പറഞ്ഞത് വേദനിപ്പിച്ചു: അച്ഛനെക്കുറിച്ച് ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തന്നെ വളഞ്ഞിട്ടാക്രമിക്കാന്‍ ഭരണപക്ഷവും പ്രവര്‍ത്തകരും ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഏഷ്യാനെറ്റ് ന്യൂസിന്റെ നമസ്‌തേ കേരളം പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എന്നെ വളഞ്ഞിട്ടാക്രമിക്കാന്‍ ശ്രമിക്കുന്നുണ്ട്. എനിക്കതില്‍ വിഷമമില്ല. എനിക്കാകെ ഒരു വിഷമമുണ്ടായത് 23 വര്‍ഷം മുന്‍പ് മരിച്ചുപോയ ഒരു ഗാന്ധിയനായ എന്റെ പിതാവിനെക്കൂടി ചേര്‍ത്ത് ഇത്തരത്തില്‍ ഒരു കള്ളക്കഥ പ്രചരിപ്പിച്ചതിലാണ്’, ചെന്നിത്തല പറഞ്ഞു.

അദ്ദേഹം ജീവിച്ച കാലം മുഴുവന്‍ ഖദറിട്ട് ജീവിച്ച ആളാണ്. കോണ്‍ഗ്രസ് എന്നല്ല ഒരു പാര്‍ട്ടിയിലും പ്രവര്‍ത്തിച്ചിട്ടില്ല. പക്ഷെ കോണ്‍ഗ്രസ് അനുഭാവിയായിരുന്നുവെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

നേരത്തെ കോണ്‍ഗ്രസിന്റെ സര്‍സംഘചാലകാണ് ചെന്നിത്തലയെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു.

അതേസമയം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫ് സ്പീക്ക് അപ്പ് കേരള സത്യഗ്രഹം ആരംഭിച്ചു.

അധ്യാപകന്റെ കൈ വെട്ടിയ കേസിലെ പ്രതി സ്വര്‍ണ്ണക്കടത്ത് കേസിലും പ്രതിയാണ് എന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് ചെന്നിത്തല പറഞ്ഞു. ആ കുറ്റത്തെ സഹായിക്കാന്‍ വേണ്ടിയാണ് മുഖ്യമന്ത്രിയുടെ ഓഫീസും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും പരിശ്രമിച്ചത് എന്നത് അതീവ ഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു.

‘രാജ്യദ്രോഹക്കുറ്റമാണിത്. അതുകൊണ്ടാണ് വിശദമായ അന്വേഷണം വേണമെന്ന് പറയുന്നത്. അല്ലാതെ എന്റെ മാനസികാവസ്ഥയനുസരിച്ച് ഞാന്‍ ഭാവനയില്‍ കാണുന്ന കാര്യമല്ല’, ചെന്നിത്തല പറഞ്ഞു.

കേരളത്തിന്റെ ചരിത്രത്തില്‍ ഒരിക്കലും എന്‍.ഐ.എ അന്വേഷണം സെക്രട്ടറിയേറ്റിലേക്ക് എത്തിയിട്ടില്ല. മുഖ്യമന്ത്രിയ്ക്കിതൊന്നും വിഷയമല്ല, എന്നാല്‍ കേരളത്തിലെ ജനങ്ങള്‍ക്ക് ഇത് വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.

‘അദ്ദേഹം പറയുന്നത് എന്റെ മാനസിക നിലയെ പറ്റിയാണ്. എനിക്ക് കേരളത്തിലെ ജനങ്ങളുടെ മാനസികാവസ്ഥയെപ്പറ്റിയാണ് പറയാനുള്ളത്. നിങ്ങളെ വിശ്വസിച്ചേല്‍പ്പിച്ച ഭരണം കൊള്ളക്കാര്‍ക്കും കള്ളക്കടത്തുകാര്‍ക്കും ഏല്‍പ്പിച്ചുകൊടുക്കുകയാണ്’, ചെന്നിത്തല പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more