| Monday, 12th April 2021, 12:21 pm

നായനാരുടെ ആത്മാവ് പോലും പിണറായി വിജയനോട് ക്ഷമിക്കില്ല; നാണമില്ലാത്ത ഭരണാധികാരിയാണ് കേരളം ഭരിക്കുന്നത്; ജലീല്‍ വിവാദത്തില്‍ ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ കുറ്റക്കാരനാണെന്ന് ലോകായുക്ത കണ്ടെത്തിയ കെ.ടി ജലീലിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

സ്വജനപക്ഷപാതം, അഴിമതി നിരോധനം എന്നിവയ്ക്ക് വേണ്ടിയാണ് ലോകയുക്തയുള്ളത്. ഇ.കെ നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഈ നിയമം കൊണ്ടുവന്നത്.

നായനാരുടെ ആത്മാവ് പോലും പിണറായി വിജയനോട് ക്ഷമിക്കില്ല. കാരണം നായനാര്‍ കൊണ്ടുവന്ന ഒരു നിയമത്തില്‍ ആദ്യമായാണ് ഒരു മന്ത്രി രാജിവയ്ക്കണം, മുഖ്യമന്ത്രി നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുന്നത്.

ഇത്രയും ഗുരുതര അഴിമതി നടന്നിട്ട് ആ മന്ത്രിയെ പുറത്താക്കണം എന്ന് ലോകായുക്ത പറയുമ്പോള്‍ മുഖ്യമന്ത്രി ജലീലിനെ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രിയെന്നും ചെന്നിത്തല പറഞ്ഞു.

ഏത് അഴിമതിക്കാരനെയും സംരക്ഷിക്കുന്നയാളാണ് കേരളത്തിലെ മുഖ്യമന്ത്രി. ലാവലിന് കേസിലെ ആറാമത്തെ പ്രതിയാണ് പിണറായി. കേരളം കണ്ട ഏറ്റവും വലിയ അഴിമതി ലാവലിനാണ്. അതിലെ പ്രതിയായ പിണറായി വിജയന്‍ അഴിമതിക്കെതിരെ നടപടിയെടുക്കുമെന്ന് കരുതുന്നുണ്ടെങ്കില്‍ അത് തെറ്റാണ്. നാണമില്ലാത്ത ഭരണാധികാരിയാണ് കേരളം ഭരിക്കുന്നത്, ചെന്നിത്തല പറഞ്ഞു.

ലോകായുക്ത വിധിക്ക് എതിരെ ജലീലിന് അപ്പീല്‍ പോകാന്‍ കഴിയില്ലെന്നും സാങ്കേതിമായി വേണമെങ്കില്‍ ഹൈക്കോടതിയില്‍ പോകാമെന്നെയുള്ളുവെന്നും ജലീല്‍ പറഞ്ഞു.

മാസങ്ങളോളം അഭിപ്രായങ്ങളും വാദമുഖങ്ങളും പരിശോധിച്ച ശേഷമാണ് ലോകായുക്ത കെ.ടി ജലീല്‍ എന്ന മന്ത്രി സ്വജനപക്ഷപാതം കാണിച്ചെന്നും പുറത്താക്കണമെന്നും വിധി പുറപ്പെടുവിച്ചിട്ടുള്ളത്. എന്നിട്ടും മന്ത്രിയെ സംരക്ഷിക്കുന്നതില്‍ എന്ത് ധാര്‍മികതയാണ് എന്ന് മനസ്സിലാകുന്നില്ല. മുഖ്യമന്ത്രി എന്തുകൊണ്ട് മൗനം പാലിക്കുന്നെന്ന് മനസ്സിലാകുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം ബന്ധു നിയമന കേസിലെ ലോകായുക്ത വിധിക്കെതിരെ മന്ത്രി കെ.ടി ജലീല്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

ബന്ധുവായ കെ.ടി അദീബിനെ ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജരായി നിയമിച്ചതു സ്വജനപക്ഷപാതമാണെന്ന ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യപ്പെട്ടാണ് ഹരജി. അവധിക്കാല ബെഞ്ച് ഹരജി നാളെ പരിഗണിക്കും.

രേഖകളും വസ്തുതകളും കൃത്യമായി പരിശോധിക്കാതെയാണ് ലോകായുക്തയുടെ കണ്ടെത്തലന്നാണ് മന്ത്രിയുടെ വാദം. ഇക്കാര്യമാണ് ഹകജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. കെ.ടി ജലീലിനു മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ലെന്ന ലോകായുക്ത ഉത്തരവ് ഇന്ന് സര്‍ക്കാരിനു കൈമാറും.

കെ.ടി അദീബിനെ ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജരായി നിയമിച്ചതില്‍ സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയെന്നായിരുന്നു ലോകായുക്ത കണ്ടെത്തല്‍. ജലിന്റെ മണ്ഡലത്തിലെ വോട്ടറായ മുഹമ്മദ് ഷാഫിയാണ് ബന്ധുനിയമനത്തിനെതിരെ ലോകായുക്തയെ സമീപിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content highlight: Ramesh Chennithala About E.K. nayanar And Pinarayi Vijayan KT jaleel Issue

We use cookies to give you the best possible experience. Learn more