തിരുവനന്തപുരം: സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്‍ നടത്തിയ പ്രതികരണത്തിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അടൂരിന് പിന്തുണ അര്‍പ്പിച്ച് അദ്ദേഹത്തിന്റെ വീട്ടിലെത്തി രമേശ് ചെന്നിത്തല പിന്തുണ അര്‍പ്പിക്കുകയും ചെയ്തു.
ആള്‍ക്കൂട്ട ആക്രമണത്തിനെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ചതിന്റെ പേരിലാണ് ബി.ജെ.പി ഇപ്പോള്‍ അടൂര്‍ ഗോപാലകൃഷ്ണനെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത്. ജയ് ശ്രീറാം വിളികളോടെ ആള്‍ക്കൂട്ട ആക്രമണം നടത്തുന്നവര്‍ യഥാര്‍ത്ഥത്തില്‍ ശ്രീരാമനെ അപമാനിക്കുകയാണ് ചെയ്യുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ആരെയും രാജ്യവിരോധിയായി മുദ്രകുത്തുന്ന രീതിയാണ് ബി.ജെ.പി യുടേത്. അതിന്റെ ഭാഗമായാണ് അടൂര്‍ ഗോപാലകൃഷ്ണനെ പോലും വേട്ടയാടുന്നത്. ബുദ്ധിജീവികളെയും എഴുത്തുകാരെയും തെരഞ്ഞുപിടിച്ച് അപമാനിക്കുകയും ആക്രമിക്കുകയും ചെയ്യുന്ന സംഘപരിവാര്‍ രാഷ്ട്രീയത്തെ ഒറ്റപ്പെടുത്തണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനും അടൂരിനെതിരെയുള്ള ഭീഷണിക്കെതിരെ രംഗത്തെത്തിയിരുന്നു.
അടൂര്‍ ഗോപാലകൃഷ്ണനെതിരായ സംഘപരിവാര്‍ ഭീഷണി പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്നും വിയോജനാഭിപ്രായമുള്ളവരെ നാട്ടില്‍ നിന്ന് പുറത്താക്കാമെന്ന ധാരണ ആര്‍ക്കും വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ യശസ്സ് സാര്‍വ്വദേശീയ തലത്തില്‍ ഉയര്‍ത്തിയ ചലച്ചിത്രകാരനാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. അങ്ങനെയുള്ള ഒരു വ്യക്തിക്കെതിരെ അസഹിഷ്ണുതയോടെയുള്ള നീക്കമുണ്ടാകുമ്പോള്‍ അതിനെ സാംസ്‌കാരിക സമൂഹം അതിശക്തമായി ചെറുക്കേണ്ടതുണ്ട് പ്രതിഷേധിക്കേണ്ടതുണ്ടെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ അഭിപ്രായപ്പെട്ടു.