| Friday, 31st January 2020, 10:57 am

ഗവര്‍ണര്‍ക്കെതിരെ പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയം തള്ളി; യോഗത്തില്‍ ഭരണ-പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാക്കേറ്റം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന നിയമസഭ പാസാക്കിയ പ്രമേയത്തെ വിമര്‍ശിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയെ ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൊണ്ടുവന്ന പ്രമേയം തള്ളി. നിയമസഭാ കാര്യോപദേശകസമിതിയാണ് നോട്ടീസ് തള്ളിയത്.

പ്രമേയത്തിന്റെ ഉള്ളടക്കം അംഗീകരിക്കുന്നില്ലെന്ന് നിയമമന്ത്രി എ.കെ ബാലന്‍ പറഞ്ഞു. കാര്യോപദേശകസമിതിയുടെ തീരുമാനത്തോട് പ്രതിപക്ഷം വിയോജിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

യോഗത്തില്‍ ഭരണ-പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായി. വിഷയം തിങ്കളാഴ്ച നിയമസഭയില്‍ ഉന്നയിക്കുമെന്ന് പ്രതിപക്ഷം പറഞ്ഞു. പ്രമേയം അനുവദിക്കാന്‍ കീഴ്‌വഴക്കമുണ്ടെന്ന് ചെന്നിത്തല പറഞ്ഞു.

നിയമസഭ പാസാക്കിയ പ്രമേയത്തിന് നിയമപരമോ ഭരണഘടനാപരമോ ആയ നിലനില്‍പ്പില്ലെന്നായിരുന്നു ഗവര്‍ണറുടെ വിമര്‍ശനം. ഇതുവഴി നിയമസഭ അതിന്റെ സമയവും നികുതിപ്പണവും പാഴാക്കിയെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.

എന്നാല്‍ ഗവര്‍ണറുടെ പ്രസ്താവന സംസ്ഥാന നിയമസഭയെ അവഹേളിക്കുന്നതിന് തുല്യമാണെന്ന്, നിയമസഭാ ചട്ടം 130 അനുസരിച്ച് സ്പീക്കര്‍ക്ക് നല്‍കിയ നോട്ടീസില്‍ പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സ്പീക്കറുടെ അനുമതിയോടെ സഭ ചര്‍ച്ച ചെയ്ത് പാസാക്കിയ പ്രമേയത്തെ നിയമസഭയുടെ ഭാഗമായ ഗവര്‍ണര്‍ പരസ്യമായി തളളിപ്പറഞ്ഞതിലൂടെ സഭയുടെ അന്തസിനെ ചോദ്യം ചെയ്യുകയും അധികാരങ്ങളെ ഹനിക്കുകയുമാണ് ചെയ്തിരിക്കുന്നത്. സഭയുടെ നടപടിയില്‍ അതൃപ്തി ഉണ്ടെങ്കില്‍ അത് രേഖാമൂലം സ്പീക്കറെ അറിയിക്കുകയാണ് ഗവര്‍ണര്‍ ചെയ്യേണ്ടത്.

അതിന് വിരുദ്ധമായ നടപടിയില്‍ പ്രതിഷേധിച്ചാണ് നിയമസഭാ ചട്ടം 130 പ്രകാരം സബ്സ്റ്റാന്‍ഷിവ് മോഷന്‍ അവതരിപ്പിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

ഗവര്‍ണറെ തിരിച്ചുവിളിക്കാന്‍ നിയമസഭയില്‍ പ്രമേയം കൊണ്ടുവരാമെന്ന് 1989ല്‍ വര്‍ക്കല രാധാകൃഷ്ണന്‍ സ്പീക്കര്‍ ആയിരുന്നപ്പോള്‍ റൂളിങ്ങ് നല്‍കിയിട്ടുണ്ട്. അന്ന് ഗവര്‍ണറായിരുന്ന രാംദുലാരി സിന്‍ഹയ്ക്ക് എതിരെ നായനാര്‍ സര്‍ക്കാരാണ് പ്രമേയം കൊണ്ടുവന്നത്. കോഴിക്കോട് സര്‍വ്വകലാശാല സെനറ്റിലേക്കുളള മന്ത്രിസഭയുടെ ശുപാര്‍ശ ഗവര്‍ണര്‍ തളളിയതില്‍ പ്രതിഷേധിച്ചായിരുന്നു പ്രമേയം.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more