രമേശ് ചെന്നിത്തലയ്ക്ക് കൊവിഡ്
Kerala News
രമേശ് ചെന്നിത്തലയ്ക്ക് കൊവിഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 23rd December 2020, 7:40 pm

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നേരത്തെ ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും മകനും രോഗം സ്ഥിരീകരിച്ചിരുന്നു.

തുടര്‍ന്ന് ഇദ്ദേഹത്തോട് കൊവിഡ് നിരീക്ഷണത്തില്‍ കഴിയാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുത്തിരുന്നില്ല.

ഇന്ന് പ്രതിപക്ഷ ഉപനേതാവും മുസ്‌ലിം ലീഗ് എം.എല്‍.എയുമായ എം.കെ മുനീറിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗബാധിതനായ വിവരം അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അദ്ദേഹമിപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ ചികിത്സയില്‍ കഴിയുകയാണ്.

അതേസമയം സംസ്ഥാനത്ത് ഇന്ന് 6169 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 953, കോട്ടയം 642, കോഴിക്കോട് 605, തൃശൂര്‍ 564, മലപ്പുറം 500, കൊല്ലം 499, ആലപ്പുഴ 431, പത്തനംതിട്ട 406, തിരുവനന്തപുരം 404, പാലക്കാട് 367, വയനാട് 260, ഇടുക്കി 242, കണ്ണൂര്‍ 228, കാസര്‍ഗോഡ് 68 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 61,437 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.04 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 75,08,489 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 22 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2892 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights; Ramesh chennithala Tests Covid Postive