| Wednesday, 28th October 2020, 11:35 pm

ശിവശങ്കര്‍ രോഗലക്ഷണം മാത്രമാണ്, രോഗം പിണറായി വിജയന്; ശിവശങ്കറിന്റെ അറസ്റ്റില്‍ രമേശ് ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ അറസ്റ്റിലായതിന് പിന്നാലെ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കൊവിഡ് കാലം മോഷണത്തിന്റെ സുവര്‍ണാവസരമാക്കി മാറ്റിയ ഈ സംഘത്തില്‍ പ്രതികള്‍ ഇനിയുമുണ്ടാകുമെന്ന് ചെന്നിത്തല പറഞ്ഞു. ശിവശങ്കരന്‍ രോഗലക്ഷണം മാത്രമാണ്, രോഗം പിണറായി വിജയനാണെന്നും ഈ കൊള്ളകളിലെ ഒന്നാം പ്രതി മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല പറഞ്ഞു.

‘ഉപ്പുതിന്നവന്‍ വെള്ളം കുടിക്കും, മടിയില്‍ കനമുള്ളവനേ വഴിയില്‍ പേടിക്കേണ്ടതുള്ളൂ തുടങ്ങിയ മുഖ്യമന്ത്രിയുടെ വാചകങ്ങള്‍ എല്‍.ഡി.എഫ് സര്‍ക്കാരിനെ തിരിഞ്ഞുകൊത്തുകയാണ്. മാഫിയകളാണ് മുഖ്യമന്ത്രിയുടെ ഓഫിസ് ഭരിച്ചിരുന്നത്. മറ്റുവകുപ്പുകളിലേക്ക് വരെ കൈകടത്തി മുഖ്യമന്ത്രിയുടെ ഓഫിസ് നടത്തിയത് തീവെട്ടിക്കൊള്ളയാണ്. ശിവശങ്കരന്‍ ഇതിലെ ഒരു കണ്ണി മാത്രമാണ്’- ചെന്നിത്തല ഫേസ്ബുക്കിലെഴുതി.

കേന്ദ്ര ഏജന്‍സികള്‍ കസ്റ്റഡിയിലെടുക്കുന്ന കേരളത്തിലെ ആദ്യത്തെ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് ശിവശങ്കരന്‍. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുക്കുന്നതും ഇതാദ്യമാണെന്നും കേരളത്തെ നാണംകെടുത്തുന്ന മുഖ്യമന്ത്രിക്ക് ആ സ്ഥാനത്ത് തുടരാന്‍ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

നാലു വര്‍ഷം മുഖ്യമന്ത്രിയുടെ ഓഫിസിനെ ഭരിച്ച പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കരന്‍ ഒടുവില്‍ അറസ്റ്റിലായി. ഉപ്പുതിന്നവന്‍ വെള്ളം കുടിക്കും, മടിയില്‍ കനമുള്ളവനേ വഴിയില്‍ പേടിക്കേണ്ടതുള്ളൂ തുടങ്ങിയ മുഖ്യമന്ത്രിയുടെ വാചകങ്ങള്‍ എല്‍.ഡി.എഫ് സര്‍ക്കാരിനെ തിരിഞ്ഞുകൊത്തുകയാണ്. മാഫിയകളാണ് മുഖ്യമന്ത്രിയുടെ ഓഫിസ് ഭരിച്ചിരുന്നത്. മറ്റുവകുപ്പുകളിലേക്ക് വരെ കൈകടത്തി മുഖ്യമന്ത്രിയുടെ ഓഫിസ് നടത്തിയത് തീവെട്ടിക്കൊള്ളയാണ്. ശിവശങ്കരന്‍ ഇതിലെ ഒരു കണ്ണി മാത്രമാണ്.

കോവിഡ് കാലം പോലും മോഷണത്തിന്റെ സുവര്‍ണാവസരമാക്കി മാറ്റിയ ഈ സംഘത്തില്‍ പ്രതികള്‍ ഇനിയുമുണ്ടാകും. ശിവശങ്കരന്‍ രോഗലക്ഷണം മാത്രമാണ്, രോഗം പിണറായി വിജയനാണ്. ഈ കൊള്ളകളിലെ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണ്.

കേന്ദ്ര ഏജന്‍സികള്‍ കസ്റ്റഡിയിലെടുക്കുന്ന കേരളത്തിലെ ആദ്യത്തെ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് ശിവശങ്കരന്‍. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുക്കുന്നതും ഇതാദ്യം. കേരളത്തെ നാണംകെടുത്തുന്ന മുഖ്യമന്ത്രിക്ക് ആ സ്ഥാനത്ത് തുടരാന്‍ അവകാശമില്ല.

കള്ളപ്പണം വെളുപ്പിച്ച കേസിലാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ എന്‍ഫോഴ്‌സമെന്റ് ഡയരക്ട്രേറ്റ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ആറ് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലായിരുന്നു അറസ്റ്റ്.

കള്ളപ്പണം വെളുപ്പിക്കല്‍, ബിനാമി ഇടപാട് തുടങ്ങിയ കുറ്റങ്ങളിലാണ് അറസ്റ്റ്.
നാളെ കോടതിയില്‍ ഹാജരാക്കുമെന്നാണ് റിപ്പോര്‍ട്ട്.

ശിവശങ്കറിന് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അറിയാമായിരുന്നെന്ന് എന്‍ഫോഴ്‌സമെന്റ് ഡയരക്ട്രേറ്റ് നേരത്തെ കോടതിയില്‍ പറഞ്ഞിരുന്നു.

ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ടാണ് ഇ.ഡി ഇക്കാര്യം അറിയിച്ചത്. എന്‍ഫോഴ്‌മെന്റിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സൂര്യപ്രകാശിന്റെ വാദങ്ങളില്‍ ശിവശങ്കറിന്റെ പങ്ക് സംബന്ധിച്ച് നിര്‍ണായക വെളിപ്പെടുത്തലുകളാണ് നടത്തിയത്.

സ്വപ്നയെ ഒരു മുഖമാക്കി വെച്ചുകൊണ്ട് ശിവശങ്കര്‍ സ്വര്‍ണക്കടത്തില്‍ ഇടപെട്ടെന്നും സ്വര്‍ണക്കടത്തിലെ പല കാര്യങ്ങളും ആസൂത്രണം ചെയ്തത് പോലും അദ്ദേഹമായിരുന്നെന്നും അവരുടെ പ്രവര്‍ത്തനങ്ങള്‍ ശിവശങ്കറിന് വ്യക്തമായി അറിയാമായിരുന്നെന്നും ഇ.ഡി കോടതിയില്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഡിപ്ലോമാറ്റിക്ക് ബാഗ് പിടിച്ചുവെച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറി എന്ന സ്വാധീനം ഉപയോഗിച്ച് ബാഗേജ് വിട്ടുനല്‍കാന്‍ ശിവശങ്കര്‍ ഇടപെട്ടു. സ്വപ്ന പൂര്‍ണമായും ശിവശങ്കറിന്റെ നിയന്ത്രണത്തിലായിരുന്നു. സ്വര്‍ണക്കടത്തിലെ ലാഭമെത്തിച്ചേര്‍ന്നത് ശിവശങ്കറിനാണോ എന്ന് സംശയിക്കണം. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നത പദവി ഉപയോഗിച്ച് സ്വപ്നയെ മറയാക്കിയതാവാം തുടങ്ങി ഗുരുതര ആരോപണമാണ് ഇ.ഡി കോടതിയില്‍ ഉയര്‍ത്തിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Ramesh Chennithala Facebook Post

We use cookies to give you the best possible experience. Learn more