| Wednesday, 24th August 2016, 8:50 am

പാക് ക്രിക്കറ്റര്‍ റമീസ് രാജയുടെ ലോക ഇലവനില്‍ 3 ഇന്ത്യന്‍ താരങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: പാക്കിസ്താന്‍ മുന്‍ ക്രിക്കറ്റ് താരം റമീസ് രാജ തയ്യാറാക്കിയ എക്കാലത്തെയും മികച്ച ക്രിക്കറ്റ് ടീമില്‍ ഇന്ത്യയില്‍ നിന്ന് മൂന്ന് പേര്‍ ഇടം പിടിച്ചു. അതേ സമയം സ്വന്തം രാജ്യമായ പാക്കിസ്താനില്‍ നിന്ന് ഒരേയൊരു താരത്തെയേ ടീമിലേക്ക് തിരഞ്ഞെടുത്തിട്ടുള്ളു. ഓള്‍റൗണ്ടറും പാക്കിസ്താന് ആദ്യമയായി ലോകക്കപ്പ് നേടിക്കൊടുത്ത ടീമിന്റെ ക്യാപ്റ്റനുമായിരുന്ന ഇമ്രാന്‍ ഖാന്‍. ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സുനില്‍ ഗവാസ്‌ക്കര്‍, ഓപ്പണിങ് ബാറ്റ്‌സ്മാന്‍ വീരേന്ദര്‍ സെവാഗ് എന്നിവരാണ് ടീമിലിടം പിടിച്ച ഇന്ത്യന്‍ താരങ്ങള്‍.

കൂടുതല്‍ അംഗങ്ങളുള്ളത് വെസ്റ്റീന്‍ഡിസില്‍ നിന്നാണ്. നാല് താരങ്ങളാണ് വെസ്റ്റിന്‍ഡീസില്‍ നിന്ന് റമീസിന്റെ ടീമില്‍ ഇടം പിടിച്ചത്. ടീമിന്റെ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുന്നത് ഇന്ത്യന്‍ ജോഡികളാണ്. സച്ചിന് മുന്നേ ലിറ്റില്‍ മാസ്റ്റര്‍ എന്ന വിശേഷണത്തിന് അര്‍ഹനായ സുനില്‍ ഗവാസ്‌ക്കറും ഇന്ത്യയുടെ എക്കാലത്തെയും മികച്ച അക്രമണോത്സുക ഓപ്പണിങ് ബാറ്റ്‌സമാനായി വിലയിരുത്തുന്ന വീരേന്ദര്‍ സെവാഗും ചേര്‍ന്നാണ് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക.

മൂന്നാം നമ്പറില്‍ വെസ്റ്റിന്‍ഡീസിന്റെ വിവിയല്‍ റിച്ചാര്‍ഡ്‌സ് എത്തും. നാലും അഞ്ചും സ്ഥാനങ്ങളില്‍ ആധുനിക ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മികച്ച രണ്ട് താരങ്ങളാണ് എത്തുക. ഇന്ത്യയുടെ സച്ചിന്‍ ടെണ്ടുല്‍ക്കറും വെസ്റ്റിന്‍ഡീസിന്റെ ബ്രയാന്‍ ലാറയും. ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായി വിലയിരുത്തുന്ന സര്‍ ഗാര്‍ഫീല്‍ഡ് സൊബേഴ്‌സാണ് പിന്നീടെത്തുക. ടീമിന്റെ വിക്കറ്റ് കീപ്പര്‍ ഓസ്‌ട്രേലിയയുടെ ആദം ഗില്‍ക്രിസ്റ്റാണ്. പിന്നാലെ ഇമ്രാന്‍ ഖാന്‍ ക്രീസിലെത്തും.

ബൗളര്‍മാരായി മൂന്ന് പേരാണ് ടീമിലിടം പിടിച്ചത്. ഒരു സ്പിന്‍ ബൗളറും രണ്ട് ഫാസ്റ്റ് ബൗളറും. ന്യൂ ബോളെറിയാനെത്തുക വെസ്റ്റിന്‍ഡീസിന്റെ മാല്‍ക്കം മാര്‍ഷലും ആസ്‌ട്രേലിയയുടെ ഗ്ലെന്‍ മഗ്രാത്തുമായിരിക്കും. ടീമിലിടം കണ്ടെത്തിയ ഏക സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ ആസ്‌ട്രേലിയയുടെ തന്നെ ലെഗ് സ്പിന്നര്‍ ഷെയ്ന്‍ വോണാണ്. ടീമില്‍ നാല് വെസ്റ്റിന്‍ഡീസ് താരങ്ങളും 3 വീതം ഇന്ത്യയുടെയും ഓസ്‌ട്രേലിയുടെയും താരങ്ങളും ഒരു പാക്ക് താരവുമാണ് ഇടം പിടിച്ചത്.

സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് ശേഷം കമന്റേറ്ററുടെ റോളില്‍ തിളങ്ങുന്ന റമീസ് രാജ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയത ഒരു വീഡിയയോയിലൂടെയാണ് തന്റ് ഡ്രീം ടീമിനെ വെളിപ്പെടുത്തിയത്. മാസങ്ങള്‍ക്ക് മുന്‍പ് മുന്‍ ന്യൂസിലാണ്ട് നായകന്‍ ബ്രണ്ടന്‍ മക്കല്ലം തന്‍െ ലോക ഇലവനെ പ്രഖ്യാച്ചിരുന്നു. അതില്‍ ഇന്ത്യയില്‍ നിന്ന് സച്ചിന്‍ മാത്രമാണ് ഉണ്ടായിരുന്നത്. അതിന് പിന്നാലെ സച്ചിനില്ലാത്ത ലോക ഇലവനുമായി മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം സംഗക്കാരയും രംഗത്തെത്തിയിരുന്നു.

റമീസ് രാജയുടെ ലോക ഇലവന്‍: സുനില്‍ ഗവാസ്‌ക്കര്‍, വീരേന്ദര്‍ സെവാഗ്, വിവിയന്‍ റിച്ചാര്‍ഡ്‌സണ്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ബ്രയാന്‍ ലാറ, സര്‍ ഗാരിഫീല്‍ഡ് സൊബേഴ്‌സ്, ആഡം ഗ്രില്‍ക്രിസ്റ്റ്, ഇമ്രാന്‍ ഖാന്‍, ഷെയ്ന്‍ വോണ്‍, ഗ്ലെന്‍ മഗ്രാത്ത്, മാല്‍ക്കം മാര്‍ഷല്‍.

We use cookies to give you the best possible experience. Learn more