ശുദ്ധ തോന്ന്യവാസം, പാക് താരങ്ങള്‍ മരിക്കേണ്ടതായിരുന്നു; പരാതി നല്‍കാനൊരുങ്ങി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍
Sports News
ശുദ്ധ തോന്ന്യവാസം, പാക് താരങ്ങള്‍ മരിക്കേണ്ടതായിരുന്നു; പരാതി നല്‍കാനൊരുങ്ങി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 8th September 2022, 6:27 pm

അവസാന ഓവര്‍ വരെ ആവേശം അലതല്ലിയ മത്സരത്തിനായിരുന്നു കഴിഞ്ഞ ദിവസം ഏഷ്യാ കപ്പ് സാക്ഷ്യം വഹിച്ചത്. അയല്‍ക്കാരായ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള വാശിയേറിയ മത്സരത്തിന് പുറമെ മറ്റു ചില കളികള്‍ക്കും സ്റ്റേഡിയം സാക്ഷ്യം വഹിച്ചിരുന്നു.

മത്സരം തോറ്റതിന് കലിപ്പായ അഫ്ഗാന്‍ ആരാധകര്‍ ഗാലറിയിലെ കസേരകളോടാണ് ദേഷ്യം തീര്‍ത്തത്. സ്‌റ്റേഡിയത്തിലെ കസേരകള്‍ തല്ലിത്തകര്‍ത്തും വലിച്ചെറിഞ്ഞും അവര്‍ തോല്‍വിയിലെ തങ്ങളുടെ അമര്‍ഷം വ്യക്തമാക്കി.

കസേരകളോട് മാത്രമായിരുന്നില്ല, സ്‌റ്റേഡിയത്തിലെ പാക് ആരാധകരോട് ഇവര്‍ തങ്ങളുടെ രോഷം പ്രകടമാക്കിയിരുന്നു. ഇരു ടീമിന്റെയും ആരാധകര്‍ തമ്മില്‍ വാക്കേറ്റമുണ്ടാവുകയും കയ്യാങ്കളിയിലെത്തുകയും ചെയ്തിരുന്നു.

അഫ്ഗാന്‍ ആരാധകരുടെ നിലവിട്ട പെരുമാറ്റത്തില്‍ പ്രതികരണവുമായെത്തിയിരിക്കുകയാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പി.സി.ബി) ചെയര്‍മാന്‍ റമീസ് രാജ.

അഫ്ഗാന്‍ ആരാധകര്‍ കാണിച്ചത് ശുദ്ധ പോക്രിത്തരമായിരുന്നുവെന്നും പാക് താരങ്ങളുടെ ജീവന് പോലും ഭീഷണിയാകുന്ന തരത്തിലായിരുന്നു ഇവരുടെ പെരുമാറ്റമെന്നും റമീസ് രാജ പറഞ്ഞു.

‘ഈ ഗുണ്ടായിസം ഒരിക്കലും അംഗീകരിക്കാന്‍ പറ്റുന്നതല്ല. മത്സരം വളരെയധികം ആവേശമുണര്‍ത്തുന്നതായിരുന്നു, എന്നാല്‍ മത്സരത്തിന് ശേഷം നടന്ന സംഭവങ്ങള്‍ ഏറെ ഭയപ്പെടുത്തുന്നതാണ്. ആദ്യമായല്ല ഇത്തരമൊരു സംഭവം നടക്കുന്നത്.

നിങ്ങള്‍ക്ക് നിങ്ങളുടെ വികാരങ്ങളെ അടക്കി നിര്‍ത്താന്‍ സാധിക്കുന്നില്ലെങ്കില്‍ സ്‌പോര്‍ട്‌സില്‍ ഒരു രാജ്യമെന്ന നിലയില്‍ അഫ്ഗാനിസ്ഥാന് ഒരിക്കലും വളരാന്‍ സാധിക്കില്ല.

ഞങ്ങള്‍ ഐ.സി.സിക്ക് കത്തെഴുതാന്‍ പോകുന്നു. ഞങ്ങളുടെ ആരാധകരെ അവര്‍ തല്ലിച്ചതച്ചു. ഇതിനേക്കാളുപരി പാക് താരങ്ങളുടെ ജീവന്‍ പോലും നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടായിരുന്നു,’ റമീസ് രാജ പറഞ്ഞു.

അവസാന ഓവര്‍ വരെ ആവേശം തുടര്‍ന്ന മത്സരത്തില്‍, ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സായിരുന്നു നേടിയത്.

130 റണ്‍സ് എന്ന ലക്ഷ്യവുമായി ഇറങ്ങിയ പാകിസ്ഥാന്‍ പതിനാറാം ഓവര്‍ വരെ തരക്കേടില്ലാത്ത പ്രകടനം പുറത്തെടുത്തെങ്കിലും പിന്നീട് അഫ്ഗാന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ അടി പതറി. 118 റണ്‍സാകുമ്പോഴേക്കും ഒമ്പത് വിക്കറ്റും നഷ്ടപ്പെട്ടു.

എന്നാല്‍ അവസാന ഓവറില്‍ നസീം ഷാ നടത്തിയ മിന്നും പ്രകടനം പാകിസ്ഥാനെ വിജയത്തിലെത്തിച്ചു. ആറ് ബോളില്‍ നിന്നും 11 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ഈ ലക്ഷ്യം ആദ്യ രണ്ട് പന്തില്‍ സിക്സര്‍ പായിച്ചുകൊണ്ട് നസീം ഷാ നേടുകയായിരുന്നു.

അതേസമയം, അഫ്ഗാനിസ്ഥാനെ പാകിസ്ഥാന്‍ തോല്‍പിച്ചതോടെ ഇന്ത്യയുടെ ഏഷ്യാ കപ്പ് പ്രതീക്ഷകളും അവസാനിച്ചു. വരാനിരിക്കുന്ന മത്സരത്തില്‍ വിജയിച്ച് മുഖം രക്ഷിക്കല്‍ മാത്രമാണ് ഇന്ത്യക്ക് ഇനി ചെയ്യാനുള്ളത്.

 

Content Highlight: Rameez Raja will file a complaint against Afghanistan