|

'ഇന്ത്യ പാകിസ്ഥാന്‍ ബൗളിങ് കോപ്പിയടിക്കുന്നു'; പാക് താരത്തെ എയറിലാക്കി ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

മുന്‍ പാകിസ്താന്‍ താരവും പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനുമായ റമീസ് രാജ വീണ്ടും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെതിരെ രൂക്ഷ പരാമര്‍ശവുമായി രംഗത്ത് എത്തിയിരിക്കുകയാണ്.

ഇന്ത്യയുടെ യുവപേസര്‍മാര്‍ പാക് പേസര്‍മാരെ അനുകരിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് റമീസ് രാജയുടെ പുതിയ ആരോപണം. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് റമീസ് അഭിപ്രായ പ്രകടനം നടത്തിയത്.

ഇന്ത്യ അതിവേഗ പേസറായി ഉമ്രാന്‍ മാലിക്കിനെ പരിഗണിക്കുന്നത് പാകിസ്ഥാന്‍ പേസര്‍ ഹാരിസ് റൗഫിനെ കണ്ടാണെന്നും ഷഹീന്‍ അഫ്രീദിയെ പോലെയാക്കാനാണ് അര്‍ഷ് ദീപിനെ പരിഗണിക്കുന്നതെന്നും റമീസ് രാജ പറഞ്ഞു. പാകിസ്ഥാന്റെ ബൗളിങ് പ്രകടനം എല്ലാവരെയും അത്ഭൂതപ്പെടെത്തുന്നതാണെന്നും ഇതാണ് ഇന്ത്യ പകര്‍ത്താന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘ഇന്ത്യ അതിവേഗ പേസറായി ഉമ്രാന്‍ മാലിക്കിനെ പരിഗണിക്കുന്നത് പാക് പേസര്‍ ഹാരിസ് റഊഫിനെ കണ്ടിട്ടാണ്. ഇടം കൈയന്‍ പേസര്‍ അര്‍ഷ് ദീപ് സിങ്ങിനെ വളര്‍ത്തുന്നത് ഷഹീന്‍ അഫ്രീദിയെ കണ്ടിട്ടാണ്. ഹര്‍ദിക് പാണ്ഡ്യ മുഹമ്മദ് വസീം ജൂനിയറെപ്പോലെയാണ്. പാകിസ്താന്റെ ബൗളിങ് പ്രകടനം എല്ലാവരെയും അത്ഭുതപ്പെടുത്തുന്നതാണ്. അതാണ് ഇന്ത്യ പകര്‍ത്താന്‍ ശ്രമിക്കുന്നത്,’ റമീസ് രാജ പറഞ്ഞു.

അതേസമയം പാക് മുന്‍ താരത്തിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഇന്ത്യന്‍ ആരാധകരും രംഗത്തെത്തി. ബുംറ, സിറാജ്, കുല്‍ദീപ് എന്നിവരുടെ കാര്യം വരുമ്പോള്‍ പാകിസ്ഥാന്‍ പകരക്കാരനായി വാ പൊളിച്ച് നില്‍ക്കേണ്ടി വരുമെന്നാണ് ഇന്ത്യന്‍ ആരാധകരുടെ മറുപടി.

പാകിസ്ഥാന്റെ സൂപ്പര്‍ താരങ്ങളെ ഇന്ത്യ ഭാവിയിലേക്കായി വളര്‍ത്തുന്ന യുവ പേസര്‍മാരുമായാണ് റമീസ് താരതമ്യം ചെയ്യുന്നതെന്നാണ് ആരാധകര്‍ പരിഹസിക്കുന്നത്. ഉമ്രാനും അര്‍ഷ്ദീപും ഇന്ത്യ ഭാവിയിലേക്കായി വളര്‍ത്തിക്കൊണ്ടുവരുന്ന പേസര്‍മാരാണ്. അവരുടെ മികവിനൊപ്പമേ നിലവിലെ പാക് സീനിയര്‍ പേസര്‍മാരുള്ളുവെന്നും ആരാധകര്‍ പറഞ്ഞു.

Content Highlights: Rameez Raja criticizes Indian Cricket team