മുസ്‌ലീങ്ങള്‍ക്കെതിരെ അനീതി നടക്കുന്നുണ്ടെങ്കില്‍ അവര്‍ക്കൊപ്പം നില്‍ക്കും; പൗരത്വനിയമത്തിനെതിരെ ഷഹീന്‍ബാഗില്‍ പ്രതിഷേധിക്കുന്നവരെ സന്ദര്‍ശിക്കുമെന്ന് രാംദേവ്
India
മുസ്‌ലീങ്ങള്‍ക്കെതിരെ അനീതി നടക്കുന്നുണ്ടെങ്കില്‍ അവര്‍ക്കൊപ്പം നില്‍ക്കും; പൗരത്വനിയമത്തിനെതിരെ ഷഹീന്‍ബാഗില്‍ പ്രതിഷേധിക്കുന്നവരെ സന്ദര്‍ശിക്കുമെന്ന് രാംദേവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 25th January 2020, 1:12 pm

ന്യൂദല്‍ഹി: പൗരത്വ നിയമത്തിനെതിരെ ആഴ്ചകളായി ദല്‍ഹിയിലെ ഷെഹീന്‍ ബാഗില്‍ രാപകല്‍ പ്രതിഷേധിക്കുന്ന നൂറുകണക്കിന് വരുന്ന പ്രതിഷേധക്കാരെ സന്ദര്‍ശിക്കാനൊരുങ്ങി പതജ്ഞലി സ്ഥാപകന്‍ രംദേവ്.

എന്‍ഡിടി.വിയോട് സംസാരിക്കവേയാണ് ഷഹീന്‍ബാഗിലെ പ്രതിഷേധിക്കാരെ കേള്‍ക്കാന്‍ താന്‍ പോകുമെന്ന് രാം ദേവ് അറിയിച്ചത്.

ഹിന്ദുക്കളും മുസ്‌ലീങ്ങളും തമ്മില്‍ ഇവിടെ ഒരു തര്‍ക്കം ഉണ്ടാവേണ്ടതില്ലെന്നും പ്രതിഷേധക്കാരെ കാണാന്‍ താന്‍ എത്തുമെന്നും രാംദേവ് പറഞ്ഞു.

അവരെ കേള്‍ക്കാന്‍ വേണ്ടി മാത്രമാണ് ഷഹീന്‍ ബാഗിലേക്ക് പോകുന്നതെന്നും അവര്‍ക്കെതിരെ അനീതി നടക്കുന്നുണ്ടെങ്കില്‍ അവരെ പിന്തുണ അറിയിക്കാന്‍ കൂടി വേണ്ടിയാണ് തന്റെ സന്ദര്‍ശനമെന്നും രാംദേവ് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജനങ്ങള്‍ക്ക് പ്രതിഷേധത്തിനുള്ള അവകാശമുണ്ട്. എന്നാല്‍ പ്രതിഷേധം ഭരണഘടനാപരമായിരിക്കണം. ഇന്ത്യയില്‍ അരാജകത്വം ഉണ്ടെന്ന് തോന്നിയാല്‍ പ്രതിഷേധിക്കാമെന്നും അദ്ദേഹം പറഞ്ഞു.

”ഞാന്‍ ആര്‍ക്കും വേണ്ടിയല്ല സംസാരിക്കുന്നത്, ആര്‍ക്കും എതിരുമല്ല … ഞാനൊരു ഇടനിലക്കാരനുമല്ല. ഹിന്ദുക്കളും മുസ്‌ലീങ്ങളും യുദ്ധം ചെയ്യുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. മുസ്‌ലീങ്ങള്‍ക്കെതിരെ അനീതി നടക്കുന്നുണ്ടെങ്കില്‍ ഞാന്‍ അവരോടൊപ്പം നില്‍ക്കും,” രാംദേവ് പറഞ്ഞു.

‘ഞാന്‍ പ്രതിഷേധത്തെ പിന്തുണയ്ക്കുന്ന ആളാണ്. … ഏത് തരത്തിലുള്ള സ്വാതന്ത്ര്യത്തേയും. എന്നാല്‍ അത് ഭരണഘടനാപരമായിരിക്കണം. മറ്റുള്ളവരെ വേദനിപ്പിക്കരുത്. എനിക്ക് ജിന്നയുടെ സ്വാതന്ത്ര്യമല്ല, ഭഗത് സിംഗ് കണ്ട സ്വാതന്ത്ര്യമാണ് വേണ്ടത്’,- രാംദേവ് പറഞ്ഞു.

പൗരത്വ ഭേദഗതി നിയമം വരുന്നതോടെ മുസ് ലീങ്ങള്‍ രാജ്യത്ത് നിന്ന് വിട്ടുപോകാന്‍ നിര്‍ബന്ധിതരാകുമെന്ന ഭയത്തേയും രാം ദേവ് തള്ളി. ആളുകള്‍ ഇവിടെ നിന്ന് പുറത്താക്കപ്പെടുമെന്നത് ഒരു മിഥ്യാധാരണയാണ് എന്നായിരുന്നു രാം ദേവ് പറഞ്ഞത്.

തങ്ങളുടെ കുടുംബത്തിലെ മുന്‍ തലമുറകള്‍ ഈ രാജ്യത്ത് ജനിച്ചവരാണെന്ന് തെളിയിക്കുന്നതിനുള്ള രേഖകള്‍ തങ്ങളുടെ പക്കലില്ലെന്നത് ന്യൂനപക്ഷ സമുദായത്തെ പ്രത്യേകിച്ച് മുസ്ലിങ്ങളെ ആശങ്കയിലാക്കുന്നുണ്ടല്ലോയെന്ന ചോദ്യത്തിന്

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

താന്‍ ഒരു ചെറിയ ഗ്രാമത്തിലാണ് ജനിച്ചതെന്നും തന്റെ കുടുംബത്തിലെ മുന്‍ തലമുറകള്‍ക്കൊന്നും ജനന സര്‍ട്ടിഫിക്കറ്റോ രേഖകളോ ഇല്ലെന്നും അക്കാലത്ത് ഇതൊക്കെ ആരായിരുന്നു ഉപയോഗിച്ചിരുന്നത് എന്നുമായിരുന്നു രാം ദേവിന്റെ ചോദ്യം.

ഷഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍ക്കെതിരെ കഴിഞ്ഞ ദിവസം യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. അതേ ദിവസം തന്നെ ഷഹീന്‍ബാഗിലെത്തിയ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ‘നമ്മുടെ ശവത്തില്‍ ചവിട്ടി മാത്രമേ ഈ നിയമം പാസ്സാക്കാന്‍ സര്‍ക്കാരിനെ അനുവദിക്കുകയുള്ളൂവെന്ന് ‘ പ്രസംഗിച്ചിരുന്നു.

സി.എ.എയ്ക്കെതിരായ പ്രതിഷേധത്തില്‍ യു.പിയില്‍ പൊലീസ് നടത്തിയ വെടിവെപ്പില്‍ മാത്രം 21 പേരാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച സുപ്രീംകോടതി സി.എ.എ വിരുദ്ധ ഹരജികള്‍ പരിഗണിച്ചെങ്കിലും കേന്ദ്രസര്‍ക്കാരിന്റെ ഭാഗം കേള്‍ക്കുന്നത് വരെ സ്റ്റേ നല്‍കാന്‍ ആവില്ലെന്ന് ഉത്തരവിടുകയായിരുന്നു.