| Saturday, 10th September 2016, 3:50 pm

ജീന്‍സുമായി രാംദേവ് ; വസ്ത്രവ്യാപാര രംഗത്ത് ചുവടുറപ്പിക്കാന്‍ പതഞ്ജലി

ഡൂള്‍ന്യൂസ് ഡെസ്‌ക്

താനൊരു യോഗാചാര്യനായി എന്നതുകൊണ്ട് പാശ്ചാത്യ വസ്ത്രങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ തെറ്റ് കാണേണ്ടതില്ലെന്നും ആത്മീയതയോയൊപ്പം ആധുനികതയും താന്‍ ഇഷ്ടപ്പെടുന്നുവെന്നും ബാബാ രാംദാവ് പറഞ്ഞു


ഹരിദ്വാര്‍: ഭക്ഷ്യ ഉത്പ്പന്നങ്ങള്‍ക്ക് പിന്നാലെ വസ്ത്രവ്യാപാര മേഖലയിലും ചുവടുറപ്പിക്കുകയാണ് യോഗഗുരു ബാബ രാംദേവ്. പരിദാന്‍ എന്ന ബ്രാന്‍ഡില്‍ ഇറക്കുന്ന വസ്ത്രങ്ങളില്‍ ജീന്‍സും സാധാരണ വസ്ത്രങ്ങളുമാണ് ഉള്‍പ്പെടുന്നത്.

യോഗ വസ്ത്രങ്ങള്‍ എന്തുകൊണ്ട് നിര്‍മിക്കുന്നില്ല എന്നത് ആളുകള്‍ ഏറെ നാളായി ഉന്നയിക്കുന്ന ചോദ്യമായിരുന്നെന്നും അതില്‍നിന്നുള്ള ആലോചനയില്‍നിന്നാണ് വസ്ത്രവ്യാപാര രംഗത്തേക്ക് കടക്കാനുള്ള തീരുമാനം എടുക്കുന്നതെന്നും രാംദേവ് പറയുന്നു.

സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമുള്ള പാശ്ചാത്യ വസ്ത്രങ്ങള്‍ ആളുകളിലെത്തിക്കാനാണ് ശ്രമമെന്നും രാംദേവ് പറയുന്നു.

താനൊരു യോഗാചാര്യനായി എന്നതുകൊണ്ട് പാശ്ചാത്യ വസ്ത്രങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ തെറ്റ് കാണേണ്ടതില്ലെന്നും ആത്മീയതയോയൊപ്പം ആധുനികതയും താന്‍ ഇഷ്ടപ്പെടുന്നുവെന്നും ബാബാ രാംദാവ് പറഞ്ഞു.

പതഞ്ജലി ബ്രാന്‍ഡിന്റെ അംബാസിഡര്‍ രാംദേവ് തന്നെയായിരുന്നു. കാവി വസ്ത്രവും താടിയുമുള്ള രാംദേവിന്റെ ചിത്രം തന്നെയാണ് പല ഉത്പ്പന്നങ്ങളുടേയും പരസ്യത്തിനായി ഉപയോഗിച്ചിരുന്നത്. ബംഗ്ലാദേശിലും ആഫ്രിക്കയിലും യൂറോപ്പിലും യു.എസിലും ഫാക്ടറികള്‍ തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് രാംദേവ്. രാംദേവിന്റെ ബിസിനസില്‍ മറ്റാര്‍ക്കും ഷെയറുകളും ഇല്ല.

ആയുര്‍വേദ മരുന്നുകളുടേയും ഭക്ഷ്യവസ്തുക്കളുടേയും നിര്‍മാണ രംഗത്ത് തന്നെയായിരിക്കും പതഞ്ജലിയുടെ കൂടുതല്‍ ശ്രദ്ധ. ഇതിനൊപ്പം തന്നെ വസ്ത്രവ്യാപാരമേഖല വിപുലപ്പെടുത്താനാണ് ശ്രമമെന്നും രാംദേവ് പറയുന്നു.

ബംഗ്ലാദേശിന് പുറമെ നേപ്പാള്‍ സൗത്ത് ആഫ്രിക്കന്‍ വിപണികളും തങ്ങള്‍ ലക്ഷ്യമിടുന്നതായി അദ്ദേഹം പറഞ്ഞു. 800 ഓളം ഉത്പ്പന്നങ്ങളാണ് ഇപ്പോള്‍ പതഞ്ജലിയുടേതായി മാര്‍ക്കറ്റില്‍ ഇറങ്ങുന്നത്. ഹെര്‍ബല്‍ ടൂത്ത്‌പേസ്റ്റ്, നൂഡില്‍സ്, ശീതള പാനീയം തുടങ്ങിയവയും ഇതില്‍പെടും.

We use cookies to give you the best possible experience. Learn more