| Saturday, 28th July 2012, 12:40 pm

ആളെക്കൂട്ടാന്‍ കഴിയാതെ ഹസാരെ സംഘം: പിന്തുണയുമായി രാംദേവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അഴിമതിയ്‌ക്കെതിരായ അണ്ണാ ഹസാരെ സംഘത്തിന്റെ ഉപവാസത്തിന് ആളുകളെ ആകര്‍ഷിക്കാന്‍ കഴിയാത്തത് തിരിച്ചടിയായി. എന്നാല്‍ സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി യോഗ ഗുരു ബാബാ രാംദേവ് രംഗത്തെത്തി.[]

ജന്തര്‍മന്തറില്‍ തുടരുന്ന നിരാഹാര സമരത്തിന് ഇത്തവണ പ്രതീക്ഷിച്ച ആളുകള്‍ പങ്കെടുത്തിരുന്നില്ല. സമരത്തിന്റെ മൂന്നാം ദിവസമായ ഇന്നലെയാണ് രാംദേവ് നിരാഹാരവേദിയിലെത്തുന്നത്. തുടര്‍ന്ന് ഇദ്ദേത്തിന്റെ പിന്നാലെ മൂവായിരത്തോളം അണികളും രംഗത്തെത്തി.

സമരത്തിനു പിന്തുണ നല്‍കിയ രാംദേവ് ആഗസ്റ്റ് ഒമ്പതിന് രാംലീല മൈതാനത്ത് തന്റെ ഉപവാസം ആരംഭിക്കുമെന്നും വ്യക്തമാക്കി. ഹസാരെ സംഘം രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കെതിരെ നടത്തുന്ന വിമര്‍ശനങ്ങളില്‍ നിന്ന് പിന്തിരിയണമെന്നും രാംദേവ് ആവശ്യപ്പെട്ടു.

അഴിമതിയാരോപണം ഉന്നയിച്ച കേന്ദ്രമന്ത്രിമാര്‍ക്കെതിരെ പ്രത്യേക അന്വേഷണം നടത്തണമെന്നാണ് ഹസാരെ സംഘത്തിന്റെ പ്രധാന ആവശ്യം. ആവശ്യങ്ങള്‍ അംഗീകരിക്കുക, അല്ലെങ്കില്‍ ജയില്‍നിറയ്ക്കല്‍ സമരത്തെ നേരിടാന്‍ തയാറാവുക എന്നതാണ് കേന്ദ്ര സര്‍ക്കാരിന് അണ്ണാ ഹസാരെ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.

രണ്ടുദിവസത്തിനുള്ളില്‍ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഹസാരെയും അനിശ്ചിതകാല നിരാഹാരമിരിക്കും.

We use cookies to give you the best possible experience. Learn more