രാംദേവ് ‘കപാല്‍ ഭാട്ടി’ യോഗ പഠിപ്പിക്കുന്നത് തെറ്റായ രീതിയിലാണെന്നും, അത് യോഗ പഠിക്കുന്ന ആളുകളെ പ്രതികൂലമായി ബാധിക്കുന്നുവെന്നും ശരണ്‍ സിങ് ആരോപിച്ചു. ഉത്തര്‍പ്രദേശിലെ കൈസര്‍ഗഞ്ചില്‍ നിന്നുള്ള ബി.ജെ.പി എം.പിയാണ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്.
ഉടന്‍ തന്നെ സന്ന്യാസിമാരുടെയും പൂജാരിമാരുടെയും യോഗം വിളിച്ചുചേര്‍ത്ത് പതഞ്ജലി മഹര്‍ഷിയുടെ പേരില്‍ നടത്തുന്ന ചൂഷണം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുമെന്നും ശരണ്‍ സിങ് പറഞ്ഞു.
‘ഉടന്‍ തന്നെ സന്ന്യാസിമാരുടെയും പൂജാരിമാരുടെയും യോഗം വിളിച്ചുചേര്‍ത്ത് പതഞ്ജലി മഹര്‍ഷിയുടെ പേരില്‍ നടത്തുന്ന ചൂഷണം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടും.
രാംദേവിന്റെ അനുയായികള്‍ ഉല്‍പാദിപ്പിക്കുകയും വില്‍ക്കുകയും ചെയ്യുന്ന വ്യാജ പാല്‍ ഉല്‍പന്നങ്ങള്‍ക്കെതിരായ എന്റെ പ്രചാരണത്തിന് അവരുടെ അനുഗ്രഹം ഉറപ്പാക്കും,’ ശരണ്‍ സിങ് പറഞ്ഞു.
അവശരായ കുട്ടികള്‍ അവശരായി ജനിച്ചവരാണ്. ആരോഗ്യമുള്ളവര്‍ ആരോഗ്യത്തോടെ ജനിച്ചവരും. ആരോഗ്യം നിലനിര്‍ത്തണമെങ്കില്‍ വൃത്തിയും ശുദ്ധമായ പാലും നെയ്യും വീട്ടിലുണ്ടാവേണ്ടത് അനിവാര്യമാണ്. മാര്‍ക്കറ്റില്‍നിന്ന് നെയ്യ് വാങ്ങുന്നതിനു പകരം സ്വന്തം വീട്ടില്‍ പശുവിനെ വളര്‍ത്തുകയാണ് വേണ്ടതെന്നും അദ്ദേഹം നിര്‍ദേശിച്ചു.
വ്യാജ നെയ്യ് പരാമര്‍ശത്തിനെതിരെ രാംദേവ് തനിക്ക് വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്നും ശരണ്‍ സിങ് പറഞ്ഞു. മാപ്പുപറയാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഞാന്‍ ഒരിക്കലും മാപ്പുപറയാന്‍ പോകുന്നില്ല. പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, കഴിഞ്ഞ മാസമാണ് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയതിന്റെ പേരില്‍ അഞ്ച് പതഞ്ജലി മരുന്നുകളുടെ ഉത്പാദനം ഉത്തരാഖണ്ഡ് സര്‍ക്കാര്‍ നിരോധിച്ചത്. ഉത്തരാഖണ്ഡിലെ ആയുര്‍വേദ യുനാനി ലൈസന്‍സിങ് അതോറിറ്റിയുടേതായിരുന്നു നടപടി.
ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള ദിവ്യാ ഫാര്‍മസി പതഞ്ജലി ബ്രാന്‍ഡില്‍ പുറത്തിറക്കുന്ന അഞ്ച് മരുന്നുകളുടെ ഉത്പാദനം നിര്‍ത്തിവെക്കാനായിരുന്നു ഉത്തരവ്. രക്തസമ്മര്‍ദ്ദം, പ്രമേഹം, ഗ്ലൂക്കോമ, ഗോയ്റ്റര്‍, കൊളസ്‌ട്രോള്‍ എന്നീ രോഗങ്ങള്‍ക്കുള്ള മധുഗ്രിറ്റ്, ഐഗ്രിറ്റ്, തൈറോഗ്രിറ്റ്, ബിപിഗ്രിറ്റ്, ലിപിഡോം എന്നിവയാണ് നിരോധിച്ച മരുന്നുകള്‍.
പതഞ്ജലിക്ക് കീഴിലെ ദിവ്യാ ഫാര്‍മസി നിര്‍മിക്കുന്ന ‘ലിപിഡോം’, ‘ലിവോഗ്രിത്’, ‘ലിവാമൃത്’ എന്നീ മരുന്നുകളുടെ പരസ്യം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് നേരത്തെ ആയുഷ് മന്ത്രാലയം കണ്ടെത്തിയിരുന്നു.